BREAKING NEWSKERALA

തനിക്കെതിരെ എഫ്.ബി പോസ്റ്റിട്ടവര്‍ക്ക് ഐ.എസ് ഭീഷണിയെന്ന പ്രചാരണം; ആയിഷ സുല്‍ത്താന പരാതി നല്‍കും

കൊച്ചി: സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെ അധിക്ഷേപിച്ചെന്ന പരാതിയില്‍ ചലച്ചിത്ര പ്രവര്‍ത്തക ആയിഷ സുല്‍ത്താന ഇന്ന് കൊച്ചി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കും. തനിക്കെതിരേ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിനെ തുടര്‍ന്ന് കോട്ടയത്തുള്ള കുടുംബത്തിന് ഐസ്‌ഐസ് ഭീഷണിയുണ്ടായി എന്ന പ്രചാരണത്തിനെതിരെയാണ് പരാതി. അങ്ങനെയെങ്കില്‍ പോലീസ് അക്കാര്യം അന്വേഷിച്ച് കണ്ടുപിടിക്കണമെന്ന് ആയിഷ സുല്‍ത്താന  പറഞ്ഞു.
”എനിക്കെതിരേ കോട്ടയത്തുള്ള ദമ്പതിമാര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. തൊട്ടു പിന്നാലെ അവര്‍ക്കെതിരേ വിവിധ രാജ്യങ്ങളില്‍ നിന്നും നെറ്റ്‌കോളുകള്‍ വഴി ഐസ്‌ഐസ് ഭീകരരുടെ ഭീഷണി ഉണ്ടായി എന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ഇംഗ്ലീഷ് ചാനലിന് നല്‍കിയ അഭിമുഖത്തിലും ദമ്പതിമാര്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിലൂടെ എനിക്ക് ഐസ്‌ഐസ് ബന്ധമുണ്ടെന്നാണ് അവര്‍ ആരോപിക്കുന്നത്. ഇതിന് പിന്നില്‍ ആരൊക്കേയോ പ്രവര്‍ത്തിക്കുന്നുണ്ട്. എനിക്കെതിരേ പോസ്റ്റിട്ടതില്‍ അവര്‍ക്ക് ഭീഷണി ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പോലീസ് കണ്ടുപിടിക്കുകയും അവരെ കസ്റ്റഡിയിലെടുക്കുകയും വേണം.”ആയിഷ സുല്‍ത്താന പറഞ്ഞു.
അതേസമയം ചാനല്‍ ചര്‍ച്ചക്കിടെ നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ രാജ്യദ്രോഹ കേസിലകപ്പെട്ട ആയിഷ സുല്‍ത്താനയുടെ ഫ്‌ലാറ്റ് ലക്ഷദ്വീപ് പോലീസ് കഴിഞ്ഞ ദിവസം റെയ്ഡ് ചെയ്തിരുന്നു. നേരത്തെ നാല് ദിവസം ലക്ഷദ്വീപില്‍വെച്ച് പോലീസ് ചോദ്യം ചെയ്തിരുന്നു. ലക്ഷദ്വീപ് ബി ജെ പി ഘടമാണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയത്.

Related Articles

Back to top button