KERALALATEST

തട്ടിപ്പ് അധ്യാപകര്‍ ചമഞ്ഞ്; വിദ്യാര്‍ത്ഥികളെ ചതിയില്‍ വീഴ്ത്താന്‍ ഗൂഢസംഘങ്ങള്‍ സജീവം, ജാഗ്രത

വിദ്യാര്‍ത്ഥികളെ ചതിയില്‍ വീഴ്ത്താന്‍ ഗൂഢസംഘങ്ങള്‍ സജീവമാകുന്നതായി റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ ക്‌ളാസുകളില്‍ പങ്കെടുക്കുന്ന ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടാണ് സംഘത്തിന്റെ പ്രവര്‍ത്തനം. അധ്യാപകര്‍ ചമഞ്ഞും സുഹൃത്ത് ചമഞ്ഞും ബന്ധം സ്ഥാപിക്കുന്ന ഇവര്‍ വിദ്യാര്‍ത്ഥികളുടെ അശ്ലീല ദൃശ്യങ്ങള്‍ സ്വന്തമാക്കിയാണ് ഭീഷണിപ്പെടുത്തുന്നത്.

വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ ചമഞ്ഞ് കെണിയില്‍ വീഴ്ത്തുന്നതിന്റെ ആദ്യഘട്ടം ബന്ധം സ്ഥാപിക്കലാണ്. കുട്ടികളോട് ബന്ധം സ്ഥാപിച്ചു കഴിഞ്ഞാല്‍ തുടര്‍ന്ന് അശ്ളീല ചിത്രങ്ങളും ദൃശ്യങ്ങളും പകര്‍ത്തി നല്‍കാന്‍ ആവശ്യപ്പെടും. ചതിയില്‍ വീഴുന്ന വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി തുടര്‍ന്നും ചൂഷണം ചെയ്യും. രക്ഷിതാവിന്റെ ഇടപെടലാണ് വാണിയമ്പലത്തെ വിദ്യാര്‍ത്ഥിയെ തുടക്കത്തില്‍ തന്നെ രക്ഷിച്ചത്. ഇവരുടെയും സ്‌കൂളിന്റെയും പരാതിയില്‍ പാണ്ടിക്കാട് പോലീസ് കേസ് എടുത്തു.

കരുവാരകുണ്ടിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് വിളി എത്തിയത് ഒമാന്‍ നമ്പറില്‍ നിന്നാണ്. സൗഹൃദം സ്ഥാപിച്ച സംഘം അശ്ലീല വീഡിയോ പകര്‍ത്തി നല്‍കാന്‍ ആവശ്യപ്പെട്ടതോടെയാണ് ചതി തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ പോലീസില്‍ അറിയിച്ച് കേസ് രജിസ്റ്റര്‍ ചെയ്തു.

എന്നാല്‍ ഈ സംഘത്തിന്റെ കെണിയില്‍ അകപ്പെട്ട് മൂന്നിലധികം വിദ്യാര്‍ത്ഥികള്‍ ദൃശ്യങ്ങള്‍ പകര്‍ത്തി നല്‍കിയെന്നാണ് പോലീസിന് ലഭിച്ച വിവരം. ഗള്‍ഫ് നമ്പറുകളും നെറ്റ് നമ്പറും മറയാക്കി പ്രവര്‍ത്തിക്കുന്നവര്‍ ഗള്‍ഫിലുള്ള മലയാളികളടങ്ങുന്ന സംഘമാണെന്നാണ് പോലീസ് നല്‍കുന്ന സൂചന. പല വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വിവരങ്ങള്‍ മറച്ചു വയ്ക്കുന്നതാണ് പോലീസിനും വെല്ലുവിളിയാകുന്നത്.

Related Articles

Back to top button