BREAKING NEWSKERALALATEST

കൊടകര കുഴല്‍പ്പണക്കേസില്‍ സുരേന്ദ്രന്റെ മകനെയും ചോദ്യം ചേയ്‌തേക്കും

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ രണ്ടു പ്രമുഖരെ കൂടി ചോദ്യം ചെയ്യുമെന്ന സൂചന നല്‍കി പ്രത്യേക അന്വേഷണ സംഘം. ഇതിലൊന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ മകനാണെന്നാണ് സൂചന. വരും ദിവസങ്ങളില്‍ ഇതു സംബന്ധിച്ച് വ്യക്തമായ തീരുമാനമുണ്ടാകും.

കേസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന സാഹചര്യത്തില്‍ പോലീസിന് ഇനി കാര്യമായി എന്താണ് ചെയ്യാനുള്ളതെന്നും പ്രത്യേക അന്വേഷണ സംഘം യോഗം ചേര്‍ന്ന് വിലയിരുത്തും. സുരേന്ദ്രനെ ബുധനാഴ്ച ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും കേസന്വേഷണത്തിന്റെ ഇനിയുള്ള മുന്നോട്ടുപോക്ക്.

നേരത്തെ ചോദ്യം ചെയ്ത നേതാക്കളില്‍ നിന്നു വ്യത്യസ്തമായി സുരേന്ദ്രനില്‍ നിന്നും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന. ധര്‍മ്മരാജനെ അറിയാമെന്നും തെരഞ്ഞെടുപ്പു സാമഗ്രികള്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ടാണ് അയാളുമായി ഇടപെട്ടതെന്നുമാണ് സുരേന്ദ്രനും മൊഴി നല്‍കിയത്. പണത്തിന്റെ ഇടപാടുകള്‍ തനിക്കറിയില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞിട്ടുണ്ട്.

കോന്നിയില്‍ വച്ച് ധര്‍മ്മരാജനെ കണ്ടിരുന്നോ എന്ന ചോദ്യത്തിന് പ്രചരണത്തിനിടെ പലരേയും കണ്ടിട്ടുണ്ടെന്ന ഉത്തരമാണ് നല്‍കിയത്. സെക്കന്റുകള്‍ മാത്രം നീളുന്ന ഫോണ്‍ കോളാണ് സുരേന്ദ്രനെയും ധര്‍മ്മരാജനേയും കൂട്ടിയിണക്കാനായി പോലീസിന് കിട്ടിയിട്ടുള്ള തുമ്പ്. അധികം വൈകാതെ കൊടകര കേസ് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് പോലീസ് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കും.

Related Articles

Back to top button