BREAKING NEWSLATESTNATIONAL

ഭര്‍ത്താവ് കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍; കുഞ്ഞിനെ വേണമെന്ന ആഗ്രഹവുമായി യുവതി; കൃത്രിമ ഗര്‍ഭധാരണത്തിന് ഹൈക്കോടതിയുടെ അനുമതി

അഹമ്മദാബാദ്: കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള ഭര്‍ത്താവിന്റെ ബീജം കൃത്രിമ ഗര്‍ഭധാരണത്തിനായി ശേഖരിക്കണമെന്ന ഭാര്യയുടെ പരാതിയില്‍ ഹൈക്കോടതിയുടെ അനുകൂലവിധി. അസാധാരണമാംവിധം അടിയന്തരസാഹചര്യമെന്ന് വിശേഷിപ്പിച്ചാണ് കോടതി വഡോദരയിലുള്ള ആശുപത്രിക്ക് ഈ നിര്‍ദേശം നല്‍കിയത്.
ഒരുവര്‍ഷംമുമ്പായിരുന്നു പരാതിക്കാരിയുടെ വിവാഹം. ഈയിടെ കോവിഡ് ബാധിച്ച ഭര്‍ത്താവിന്റെ അവയവങ്ങള്‍ പലതും തകരാറിലായി. വെന്റിലേറ്ററില്‍ കഴിയുന്ന ഇദ്ദേഹം ജീവിതത്തിലേക്ക് മടങ്ങാനുള്ള സാധ്യത കുറവാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. അദ്ദേഹത്തിന്റെ കുഞ്ഞിനെത്തന്നെ തനിക്ക് ഗര്‍ഭം ധരിക്കണമെന്ന ആഗ്രഹം ഭാര്യ അറിയിച്ചു.
ബീജം ഐ.വി.എഫ്. (ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍), എ.ആര്‍.ടി. (അസിസ്റ്റഡ് റിപ്രൊഡക്ടീവ് ടെക്‌നോളജി) വഴി ശേഖരിക്കണമെങ്കില്‍ ദാതാവിന്റെ സമ്മതം ആവശ്യമാണ്. എന്നാല്‍ രോഗിക്ക് ബോധമില്ലാത്തതിനാല്‍ സമ്മതമില്ലാതെ ബീജം ശേഖരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് അശുതോഷ് ജെ. ശാസ്ത്രി അനുമതി നല്‍കി. ബീജം ശേഖരിച്ച് ആശുപത്രിയില്‍ സൂക്ഷിക്കാമെങ്കിലും തുടര്‍നടപടികള്‍ ഹര്‍ജിയുടെ അന്തിമതീര്‍പ്പിന് വിധേയമായിരിക്കും. സംസ്ഥാനസര്‍ക്കാരിനോടും ആശുപത്രി ഡയറക്ടറോടും കോടതി വിശദീകരണം തേടിയിട്ടുണ്ട്.

Related Articles

Back to top button