KERALALATEST

‘വീട്ടമ്മ, മാനഭംഗം, ഒളിച്ചോടല്‍’ എന്നീ പദങ്ങള്‍ വാര്‍ത്തകളില്‍ നിന്ന് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രിക്ക് സ്ത്രീ കൂട്ടായ്മയുടെ പരാതി

തിരുവനന്തപുരം: പത്രങ്ങളിലെ സ്ത്രീവിരുദ്ധ ഭാഷാ പ്രയോഗങ്ങള്‍ക്കെതിരെ മുഖ്യമന്ത്രിക്ക് നിവേദനവുമായി സ്ത്രീകളുടെ സംഘടനയായ മലയാളിപ്പെണ്‍കൂട്ടം. സ്ത്രീവിരുദ്ധ വാക്കുകളും പ്രയോഗങ്ങളും ഉപയോഗിക്കുന്നത് അവസാനിപ്പിക്കാന്‍ നടപടി വേണമെന്നാണ് സംഘടനയുടെ ആവശ്യം.
മുഖ്യമന്ത്രി കൂടാതെ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി, സാംസ്‌കാരിക വകുപ്പ് മന്ത്രി, മാധ്യമ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് കത്തുകള്‍ അയച്ചിട്ടുണ്ടെന്നും വനിതകളുടെ കൂട്ടായ്മ വ്യക്തമാക്കി. വാര്‍ത്തകളില്‍ ഉപയോഗിക്കുന്ന ആറ് പദപ്രയോഗങ്ങള്‍ക്കെതിരെയാണ് കൂട്ടായ്മ രംഗത്തെത്തിയിരിക്കുന്നത്.
ലൈംഗികാതിക്രമം സൂിചിപ്പിക്കാന്‍ ‘മാനഭംഗം’, സ്ത്രീകള്‍ വീടിവിട്ടു പോയല്‍ ‘ഒളിച്ചോട്ടം’, വീട്ടുത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കേണ്ടത് എല്ലാവരുമാണെന്നിരിക്കെ അത് ചെയ്യുന്ന സ്ത്രീയ്ക്ക് മാത്രം നല്‍കുന്ന ‘വീട്ടമ്മ’ എന്ന പ്രയോഗം, മരണപ്പെടുന്ന സ്ത്രീകളുടെ പേരു പറയുന്നതിനു മുമ്പ് ഇന്നയാളുടെ ഭാര്യ/മകള്‍ ആയ എന്ന് പറഞ്ഞുകൊണ്ട് മാത്രം സ്ത്രീയുടെ പേര് സൂചിപ്പിക്കുന്ന രീതി, സ്ത്രീകളുടെ വിജയം വാര്‍ത്തയാക്കുമ്പോള്‍ ഇന്നയാളുടെ ഭാര്യ/മകള്‍ എന്നെഴുതിയ ശേഷം മാത്രം അവളുടെ പേര് പരാമര്‍ശിക്കുന്ന രീതി, അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മരണസംഖ്യ സൂചിപ്പിക്കാന്‍ സ്ത്രീകള്‍ അടക്കം ഇത്ര പേര്‍ എന്ന് പ്രയോഗിക്കുന്നത്, എന്നീ പ്രയോഗങ്ങള്‍ക്കെതിരെയാണ് സ്ത്രീകളുടെ സംഘടന രംഗത്തെത്തിയിരിക്കുന്നത്.
ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 15, 21 പ്രകാരം സ്ത്രീകള്‍ക്ക് പുരുഷനോടൊപ്പം തുല്യതയോടെ ജീവിക്കാനുള്ള അവകാശം നല്‍കുന്നുണ്ട്, അതിനാല്‍ വിവേചനം പാടില്ലെന്നും നിവേദനത്തില്‍ പറയുന്നുണ്ട്.
‘പൊതുബോധത്തില്‍ ഉറച്ചു പോയ ഇത്തരം ഭാഷാപ്രയോഗങ്ങള്‍ സ്ത്രീകളുടെ സ്വത്വത്തെ അവഗണിക്കുന്നതും, അന്തസ്സിനെ ഇകഴ്ത്തുന്നതും ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന തുല്യതയ്ക്ക് നിരക്കാത്തതുമാണ്. അതു കൊണ്ട് സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്ന തരത്തിലുള്ള ഇത്തരം വാര്‍ത്തകളും പ്രയോഗങ്ങളും പത്രങ്ങളില്‍ ഇനിയെങ്കിലും ഉണ്ടാവാതിരിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് അപേക്ഷിക്കുന്നു. സ്ത്രീ സുരക്ഷയ്ക്കും സ്ത്രീ പുരുഷ സമത്വത്തിനും ലിംഗനീതിക്കും വേണ്ടി സര്‍ക്കാര്‍ നൂതന പദ്ധതികള്‍ അവിഷ്‌കരിച്ചു കൊണ്ടിരിക്കുന്ന സമയത്ത് തീര്‍ച്ചയായും ഇക്കാര്യത്തിലും അനുകൂലമായ നടപടികള്‍ ഉണ്ടാകുമെന്ന് ഞങ്ങള്‍ വിശ്വസിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു.’ മലയാളിപ്പെണ്‍കൂട്ടം നിവേദനത്തില്‍ പറയുന്നു.

Related Articles

Back to top button