KERALALATEST

മെട്രോ ജനകീയ യാത്ര; യുഡിഎഫ് നേതാക്കള്‍ക്കെതിരായ കേസുകള്‍ തള്ളി

കൊച്ചി മെട്രോ ജനകീയ യാത്രയിൽ യുഡിഎഫ് നേതാക്കള്‍ക്കെതിരായ കേസുകള്‍ തള്ളി. നേതാക്കള്‍ക്കെതിരായ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് വിചാരണാ കോടതി നിരീക്ഷിച്ചു.കേസില്‍ ഉമ്മന്‍ചാണ്ടി, വി.ഡി.സതീശന്‍, രമേശ് ചെന്നിത്തല എന്നിവരുള്‍പ്പെടെ 30 പ്രതികളാണ് ഉണ്ടായിരുന്നത്. എറണാകുളത്തെ എംഎല്‍എ – എംപിമാരുടെ കോടതിയാണ് നേതാക്കളെ കുറ്റവിമുക്തരാക്കിയത്.

2017ലായിരുന്നു ആലുവ മുതൽ പാലാരിവട്ടം വരെ കോൺഗ്രസ് നേതൃത്വത്തിൽ മെട്രോ അതിക്രമിച്ച് കയറി യാത്ര നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കെഎംആർഎൽ നൽകിയ പരാതിയിലാണ് ഉമ്മൻചാണ്ടി ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

മെട്രോ ഉദ്ഘാടനച്ചടങ്ങും ആദ്യയാത്രയും രാഷ്ട്രീയവത്കരിച്ചതിൽ പ്രതിഷേധിച്ചായിരുന്നു യുഡിഎഫ്മെ നേതാക്കളുടെയും പ്രവർത്തകരുടേയും മെട്രോ യാത്ര. എന്നാൽ പ്രവർത്തകർ കൂട്ടമായി മുദ്രാവാക്യം വിളിച്ചും പ്രകടനമായി ആലുവയിലെയും പാലാരിവട്ടെത്തെയും സ്റ്റേഷനിലെത്തിയതോടെ സുരക്ഷ സംവിധാനങ്ങൾ താറുമാറായി. ടിക്കറ്റ് സ്കാൻ ചെയ്ത് മാത്രം പ്ലാറ്റ്ഫോമിലേക്ക് കടത്തിവിടേണ്ട ഓട്ടോമാറ്റിക് ടിക്കറ്റ് ഗേറ്റുകൾ തിരക്ക് കാരണം തുറന്നിടേണ്ടി വന്നു. യാത്രയ്ക്കിടെ മെട്രോ ട്രെയിനിൽ വച്ചും പ്രവർത്തകർ മുദ്രാവാക്യം വിളിച്ചിരുന്നു.

മെട്രോ ചട്ടം അനുസരിച്ച് ട്രെയിനിലും സ്റ്റേഷൻ പരിസരത്തും പ്രകടനം നടത്തുന്നത് ആയിരം രൂപ പിഴയും ആറ് മാസം വരെ തടവ് ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്. മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയാൽ 500 രൂപ പിഴയും നൽകണം. ജനകീയ യാത്രയ്ക്കിടെ സാധാരണ യാത്രക്കാർക്ക് പ്ലാറ്റ്ഫോമിൽ നിൽക്കാൻ പോലും ഇടം ലഭിച്ചിരുന്നില്ല. തുടർന്ന് കൊച്ചി മെട്രോ നൽകിയ പരാതിയിലായിരുന്നു കേസ്.

Related Articles

Back to top button