BREAKING NEWSKERALALATESTTravel

ടൂറിസത്തെ ഉണര്‍ത്താന്‍ 21 മാസങ്ങള്‍ക്ക് ശേഷം കൊച്ചിയില്‍ ആദ്യമായി ക്രൂയിസ് കപ്പല്‍ എത്തി

കൊച്ചി: കൊവിഡ് മൂലം പ്രതിസന്ധിയിലായിരുന്ന ടൂറിസം രംഗത്തിന്റെ ശക്തമായ തിരിച്ചുവരവിന് നാന്ദി കുറിച്ച് കൊച്ചിയില്‍ ആദ്യ ആഡംബരക്കപ്പല്‍ തീരമണഞ്ഞു. പൂര്‍ണമായും ആഭ്യന്തര ടൂറിസ്റ്റുകളുമായാണ് എം.വി എംപ്രസ് കപ്പല്‍ കൊച്ചിയില്‍ എത്തിയത്.
കൊച്ചിയിലെത്തിയ ആഡംബരക്കപ്പലിലെ യാത്രക്കാര്‍ക്ക് കേരള ടൂറിസം ഗംഭീരമായ സ്വീകരണം നല്‍കി. 1200 ഓളം പേരുള്ള കപ്പലിലെ 300 ഓളം യാത്രക്കാരാണ് കൊച്ചിയുടെയും പരിസരപ്രദേശങ്ങളുടെയും സൗന്ദര്യം ആസ്വദിക്കാനിറങ്ങിയത്. വേലകളി, താലപ്പൊലി, എന്നിവയുടെ അകമ്പടിയോടെ റോസാപുഷ്പങ്ങള്‍ നല്‍കിയാണ് സഞ്ചാരികളെ കേരള ടൂറിസം വരവേറ്റത്. കൊച്ചി തുറമുഖത്ത് പുതുതായി പണിത ക്രൂയിസ് ഷിപ്പ് ടെര്‍മിനലിലെത്തിയ ആദ്യ കപ്പല്‍ കൂടിയാണിത്.
കോര്‍ഡേലിയ ക്രൂയിസസിന്റെ ആഡംബര കപ്പല്‍ മുംബൈയില്‍ നിന്നാണ് കൊച്ചിയില്‍ എത്തിയത്. ഇവിടെ നിന്നും ലക്ഷദ്വീപിലേക്കാണ് കപ്പലിന്റെ യാത്ര. കൊച്ചിയിലിറങ്ങിയ യാത്രക്കാര്‍ക്കായി എല്ലാവിധ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. കൊച്ചിയും പരിസര പ്രദേശങ്ങളും കണ്ട് വൈകുന്നേരത്തോടെ യാത്രക്കാര്‍ തിരികെ കപ്പലിലെത്തും. കൊച്ചി വരെയുള്ള പാക്കേജ് എടുത്തവര്‍ ടൂര്‍ പാക്കേജിന്റെ ഭാഗമായി കേരളത്തിലെ മറ്റ് സ്ഥലങ്ങളിലേക്ക് പോകുമെന്നും ടൂര്‍ ഏജന്‍സിയായ വൊയേജര്‍ കേരള അറിയിച്ചു.
രാവിലെ എട്ട് മണിയോടെയാണ് കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടത്. ഒമ്പതരയോടെ വിവിധ സംഘങ്ങളിലായി സഞ്ചാരികള്‍ പുറത്തേക്കെത്തി. കേരള ടൂറിസം ജോയിന്റ് ഡയറക്ടര്‍ കെ രാധാകൃഷ്ണന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ടി ജി അഭിലാഷ്, തുറമുഖ ഉദ്യോഗസ്ഥര്‍ എന്നിവരടക്കമുള്ള സംഘമാണ് സഞ്ചാരികളെ വരവേറ്റത്.
മട്ടാഞ്ചേരി, ഫോര്‍ട്ട് കൊച്ചി അടക്കമുള്ള നഗരത്തിന്റെ പഴമയും പാരമ്പര്യവും വിളംബരം ചെയ്യുന്ന ഇടങ്ങള്‍ ടൂറിസ്റ്റുകള്‍ സന്ദര്‍ശിച്ചു. കൊച്ചി കായലിലൂടെയുള്ള ബോട്ടുയാത്രയും ആസ്വദിച്ചാണ് സംഘം മടങ്ങിയത്

Related Articles

Back to top button