BREAKING NEWSLATESTNATIONAL

ഡല്‍ഹി പോലീസ് സ്‌റ്റേഷന്‍ ആക്രമണം; 53 വിദേശികള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് 53 വിദേശ പൗരന്മാരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ചയാണ് ദ്വാരക ജില്ലയിലെ മോഹന്‍ ഗാര്‍ഡന്‍ പോലീസ് സ്‌റ്റേഷനു നേര്‍ക്ക് വിദേശികളുടെ ആക്രമണമുണ്ടായത്. അക്രമാസക്തരായ വിദേശിസംഘം പോലീസ് സ്‌റ്റേഷന്‍ തല്ലിത്തകര്‍ക്കുകയായിരുന്നു. സംഭവത്തില്‍ എ.എസ്.ഐ. ഉള്‍പ്പെടെ മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു. അക്രമികള്‍ നൈജീരിയയില്‍ നിന്നുള്ളവരാണ് എന്നാണ് കരുതുന്നത്.
ഒരു നൈജീരിയന്‍ സ്വദേശിയെ മരിച്ചനിലയില്‍ പ്രദേശത്തെ ആശുപത്രിയില്‍ എത്തിച്ചതാണ് സംഭവങ്ങളുടെ തുടക്കം. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് കാരണമെന്ന് മൃതദേഹവുമായി എത്തിയ നൈജീരിയസ്വദേശികള്‍ ആരോപിച്ചു. എന്നാല്‍ ഇക്കാര്യം നിഷേധിച്ച ആശുപത്രി അധികൃതര്‍, ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പേ മരണ സംഭവിച്ചിരുന്നെന്ന് വ്യക്തമാക്കുകയും ചെയ്തു.
സുഹൃത്തിന്റെ മരണത്തില്‍ ക്ഷുഭിതരായ മറ്റ് നൈജീരിയന്‍ സ്വദേശികള്‍ പോലീസ് നടപടിക്രമങ്ങള്‍ തടയുകയും അവിടെയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇതിനു പിന്നാലെ 100 ഓളം വിദേശപൗരന്മാര്‍ മോഹന്‍ ഗാര്‍ഡന്‍ പോലീസ് സ്‌റ്റേഷനു പുറത്ത് ഒത്തുചേരുകയും ആക്രമണം നടത്തുകയുമായിരുന്നു.
അക്രമം നടന്നതിന് തൊട്ടുപിന്നാലെ എട്ട് നൈജീരിയക്കാരെ അറസ്റ്റ് ചെയ്‌തെങ്കിലും മറ്റുള്ളവര്‍ ഓടിരക്ഷപ്പെട്ടു. തുടര്‍ന്ന് ബാക്കിയുള്ള അക്രമികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. പോലീസിനെ ആക്രമിക്കാന്‍ ദണ്ഡുകളും വടികളുമായാണ് സംഘം എത്തിയതെന്നാണ് വിവരം. അറസ്റ്റ് ചെയ്തവരെ കോടതിയില്‍ ഹാജരാക്കുകയും പോലീസ് കസ്റ്റഡിയില്‍ വിടുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

Related Articles

Back to top button