BREAKING NEWSKERALA

ഡെങ്കിപ്പനി പടരുന്നു: കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘം

ന്യൂഡല്‍ഹി: കൂടുതല്‍ ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേരളമുള്‍പ്പെടെയുള്ള ഒന്‍പത് സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും കേന്ദ്ര ആരോഗ്യ മന്ത്രാലയം വിദഗ്ധ സംഘങ്ങളെ അയയ്ക്കും. തിങ്കളാഴ്ച ഡല്‍ഹിയില്‍ നടന്ന അവലോകന യോഗത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ നിര്‍ദേശപ്രകാരമാണ് നടപടി. കേരളം, ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഡല്‍ഹി, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലേക്കാണ് വിദഗ്ധ സംഘങ്ങളെ അയയ്ക്കുന്നത്.
രാജ്യത്താകെ ഇതിനകം 1,16,991 ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മുന്‍ വര്‍ഷം ഇതേ കാലയളവിലെ കേസുകളുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചില സംസ്ഥാനങ്ങളില്‍ ഒക്ടോബറില്‍ ഉയര്‍ന്നതോതില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 15 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമാണ് പരമാവധി കേസുകളും റിപ്പോര്‍ട്ട് ചെയ്തത്. ഒക്‌ടോബര്‍ 31 വരെയുള്ള കണക്കനുസരിച്ച് രാജ്യത്തെ മൊത്തം ഡെങ്കിപ്പനി കേസുകളില്‍ 86 ശതമാനവും ഈ സംസ്ഥാനങ്ങളില്‍ നിന്നാണ്.
ഇതു കണക്കിലെടുത്താണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഒന്‍പത് സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും നാഷനല്‍ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ പ്രോഗ്രാം (എന്‍വിബിഡിസിപി), നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (എന്‍സിഡിസി), റീജിയനല്‍ ഓഫിസുകള്‍ എന്നിവിടങ്ങളില്‍നിന്നുള്ള വിദഗ്ധര്‍ ഉള്‍പ്പെടുന്ന കേന്ദ്ര സംഘത്തെ അയയ്ക്കുന്നത്. രോഗ നിയന്ത്രണത്തിന്റെ സ്ഥിതി, മരുന്നുകളുടെയും ലഭ്യത, മുന്‍കൂട്ടി രോഗം കണ്ടെത്തല്‍, രോഗ നിയന്ത്രണ നടപടികളുടെ സ്ഥിതി തുടങ്ങിയവ വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കാനാണ് സംഘത്തോട് നിര്‍ദേശിച്ചിരിക്കുന്നത്.

Related Articles

Back to top button