BREAKING NEWSNATIONAL

ആന്ധ്രയില്‍ പ്രളയം; 29 മരണം, നൂറോളം പേരെ കാണാതായി

തിരുപ്പതി: ആന്ധ്രാപ്രദേശില്‍ പെരുമഴയിലും വെള്ളപ്പൊക്കത്തിലുമായി 29 പേര്‍ മരിച്ചു. നൂറോളം പേരെ കാണാതായി. ദേശീയ ദുരന്തനിവാരണസേനയുടെയും മറ്റ് ഏജന്‍സികളുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പ്രളയബാധിതമേഖലകളില്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി വ്യോമനിരീക്ഷണം നടത്തി. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 12 പേരാണ് കഡപ്പയില്‍ മരിച്ചത്. ചിറ്റൂരില്‍ എട്ടും അനന്തപുരില്‍ ഏഴും കുര്‍നൂലില്‍ രണ്ടും വീതം പേരും മരിച്ചു.
റായലസീമ മേഖലയിലാണ് പ്രളയം രൂക്ഷം. ചിറ്റൂര്‍, കഡപ്പ, കുര്‍നൂല്‍, അനന്തപുര്‍ ജില്ലകള്‍ പ്രളയക്കെടുതിയിലാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട രണ്ട് ന്യൂനമര്‍ദങ്ങളാണ് പ്രകൃതിക്ഷോഭത്തിന് ഇടയാക്കിയത്.
പ്രധാന തീര്‍ഥാടനകേന്ദ്രമായ തിരുപ്പതിയില്‍ വെള്ളം കയറി നൂറിലധികം പേര്‍ കുടുങ്ങിക്കിടക്കുന്നതായി അധികൃതര്‍ അറിയിച്ചു. ക്ഷേത്രത്തിലേക്കുള്ള ചുരവും നടപ്പാതയും മഴയെത്തുടര്‍ന്ന് അടച്ചു.
അനന്തപുര്‍ ജില്ലയിലെ കാദിരി നഗരത്തില്‍ മൂന്നുനിലക്കെട്ടിടം വെള്ളിയാഴ്ച രാത്രി കനത്തമഴയില്‍ തകര്‍ന്നുവീണ് മൂന്നുകുട്ടികളും വയോധികയും മരിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നാലുപേര്‍ കുടുങ്ങിക്കിടക്കുന്നതായി പോലീസ് പറഞ്ഞു. ഇവിടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
തിരുപ്പതിക്കുസമീപമുള്ള സ്വര്‍ണമുഖിനദിയും സംഭരണിയും കരകവിഞ്ഞു. ആന്ധ്ര സര്‍ക്കാരിന്റെ മൂന്നുബസ് ഉപേക്ഷിക്കേണ്ടിവന്നതായും 12 ബസുകള്‍ ഒഴുക്കില്‍പ്പെട്ടതായും അധികൃതര്‍ അറിയിച്ചു. കഡപ്പവിമാനത്താവളം വ്യാഴാഴ്ചവരെ അടച്ചിടും. മറ്റൊരു നദിയായ ചെയ്യുരുവും നിറഞ്ഞൊഴുകുകയാണ്.

Related Articles

Back to top button