BREAKING NEWSWORLD

ഒമിക്രോണ്‍ ബാധിച്ച് ലോകത്തെ ആദ്യ മരണം ബ്രിട്ടണില്‍

ലണ്ടന്‍: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ബാധിച്ച് ലോകത്ത് ആദ്യ മരണം. ബ്രിട്ടണിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണാണ് ഒമിക്രോണ്‍ മരണവിവരം സ്ഥിരീകരിച്ചത്. മരിച്ച രോഗിക്ക് മറ്റുപല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒമിക്രോണ്‍ ബാധിച്ച് നിരവധി പേര്‍ ആശുപത്രിയില്‍ കഴിയുന്നുണ്ട്. അതില്‍ ഒരാള്‍ മരണപ്പെട്ടു. ബ്രിട്ടണിലെ കോവിഡ് കേസുകളില്‍ 40 ശതമാനവും ഇപ്പോള്‍ ഒമിക്രോണ്‍ വകഭേദമാണെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.
ഒമിക്രോണ്‍ വകഭേദത്തിന്റെ വലിയ വ്യാപന സാധ്യതയെക്കുറിച്ച് ബോറിസ് ജോണ്‍സണ്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഡിസംബര്‍ അവസാനമാകുമ്പോഴേക്കും 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കാനാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു. രോഗബാധിതര്‍ ദ്രുതഗതിയില്‍ ഉയരുന്നത് കാരണം രാജ്യത്തെ ആരോഗ്യ ഉപദേഷ്ടാക്കാള്‍ കനത്ത ജാഗ്രത നിര്‍ദേശിച്ചതിനു പിന്നാലെയായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രസ്താവന.
ഞായറാഴ്ച 1239 പുതിയ ഒമിക്രോണ്‍ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ അഞ്ച് തലങ്ങളുള്ള യുകെയിലെ കോവിഡ് അലേര്‍ട്ട് മൂന്നില്‍ നിന്ന് നാലായി ഉയര്‍ത്തിയിരുന്നു. യുകെയില്‍ ഇതുവരെ 3137 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ശനിയാഴ്ചവരെ 1898 കേസുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഞായറാഴ്ച 65 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്.
ജൂണ്‍ മുതല്‍ ബ്രിട്ടണ്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിത്തുടങ്ങിയിരുന്നു. മുന്നറിയിപ്പ് ലെവല്‍ മൂന്നായി നിലനില്‍ക്കുകയായിരുന്നു. ഇതിനിടെയാണ് ഒമിക്രോണ്‍ ഭീഷണിവരുന്നത്. ഉയര്‍ന്ന വ്യാപന സാധ്യത സൂചിപ്പിക്കുന്ന ലെവല്‍ നാല് മുന്നറിയിപ്പാണ് ഇപ്പോള്‍ രാജ്യത്തുള്ളത്.
ആഫ്രിക്കയില്‍ അടക്കം രോഗവ്യാപനം അതിരൂക്ഷമാണെങ്കിലും ഇതുവരെ മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. നിലവില്‍ 63 രാജ്യങ്ങളില്‍ ഒമിക്രോണ്‍ സാന്നിധ്യം കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button