ENTERTAINMENTLATESTMALAYALAM

സിനിമയെ പവിത്രഭൂമിയായി കണ്ട സംവിധായകന്‍

മലയാള സിനിമയ്ക്ക് എന്നും ഒരു പാഠപുസ്തകമാണ് കെ എസ് സേതുമാധവന്‍. സംവിധായകന്‍ എന്ന നിലയില്‍ മലയാള സിനിമയില്‍ ഒട്ടേറെ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. സിനിമയെ പവിത്രഭൂമിയായി കണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍. മുതിര്‍ന്ന നടന്മാരോടു പോലും ഇതേക്കുറിച്ച് തുറന്നു പറയാനും തന്റെ ഷൂട്ടിങ് സെറ്റില്‍ പവിത്രത സൂക്ഷിക്കാനും അദ്ദേഹം എന്നും ശ്രദ്ധിച്ചിരുന്നു. ഇതിന് നിരവധി ഉദാഹരണങ്ങളുമുണ്ട്.
ക്യാമറയ്ക്ക് മുന്നിലിരുന്നു സിഗരറ്റ് വലിക്കുകയായിരുന്ന നസീറിനോടും തിക്കുറിശ്ശിയോടും സേതുമാധവന്‍ എന്ന യുവസംവിധായകന്‍ ഒരിക്കല്‍ പറഞ്ഞു ”ഇതൊരു പരിശുദ്ധസ്ഥലമാണ്. ക്യാമറയ്ക്ക് മുന്നിലിരുന്ന് വൃത്തിട്ടെ തമാശകള്‍ പോലും പറയരുതെന്നാണ് എന്റെ പക്ഷം. പുകവലിക്കണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് പുറത്തുപോയി വലിക്കാം” രണ്ടുപേരും ഒരക്ഷരം മിണ്ടാതെ പുറത്തേക്കുപോയത് അനുഭവങ്ങളില്‍ ഒന്നുമാത്രം. സമയ കൃത്യതയുടെ പേരില്‍ താരരാജാവായിരുന്ന എംജിആറിനോടു പോലും തന്റെ നിലപാട് കൃത്യമാക്കിയ ആളാണ് കെഎസ്. ‘നാളെ നമതെ’യുടെ ഷൂട്ടിങ് തുടങ്ങുന്ന ദിവസം. രാവിലെ 9 മണിക്കാണ് ഷൂട്ടിങ് തുടങ്ങാന്‍ നിശ്ചയിച്ചിരുന്നത്. പക്ഷേ, 10.45നാണ് എം.ജി.ആര്‍.എത്തിയത്. അടുത്തദിവസവും ഇതാവര്‍ത്തിച്ചു. അന്നേരം എം.ജി.ആറിന്റെ മുഖത്തുനോക്കി സേതുമാധവന്‍ ചോദിച്ചു ”നാളെ നിങ്ങള്‍ എപ്പോഴാണ് വരിക?” സ്റ്റുഡിയോയിലുണ്ടായിരുന്നവര്‍ ഞെട്ടി. താരരാജാവായ എം.ജി.ആറിനോട് ആരും ഇങ്ങനെ സംസാരിക്കാറില്ല. ”നാളെയും നിങ്ങള്‍ 10.45നാണ് വരുന്നതെങ്കില്‍ എനിക്ക് ഷെഡ്യൂള്‍ പുനഃക്രമീകരിക്കണം. വെറുതെ സമയം കളയാനാവില്ല”. അടുത്തദിവസം സേതുമാധവന്‍ 9 മണിക്ക് സ്റ്റുഡിയോയിലെത്തിയപ്പോള്‍ എം.ജി.ആര്‍. അവിടെ ഹാജരുണ്ടായിരുന്നു; മേയ്ക്കപ്പൊക്കെയിട്ട് ഷൂട്ടിങ് തുടങ്ങാന്‍ തയ്യാറെടുപ്പോടെ. വിനയത്തോടെ തന്റെ നിലപാടുകളില്‍ ഉറച്ചു നിന്നാല്‍ അതൊരിക്കലും അധികപ്പറ്റാവില്ല എന്നതായിരുന്നു സേതുമാധവന്റെ വിശ്വാസം. അത് തെളിയിക്കുന്നതായിരുന്നു ഇത്തരത്തിലുള്ള ഓരോ അനുഭവങ്ങളും.
ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഔദ്യോഗികമായി ചലച്ചിത്ര പഠനം പൂര്‍ത്തിയാക്കാതെ തന്നെ മലയാളത്തിലെ മുന്‍നിര സംവിധായകരിലേക്ക് ഉയര്‍ത്തപ്പെട്ടവരില്‍ പ്രമുഖനായിരുന്നു കെ.എസ്.സേതുമാധവന്‍.
1951ല്‍ പുറത്തിറങ്ങിയ, സേലം തിയറ്റേഴ്‌സിന്റെ മമയോഗി എന്ന ചിത്രത്തില്‍ രാമനാഥന്റെ സഹായിയായാണു സേതുമാധവന്റെ സിനിമാജ ജീവിതത്തിനു തുടക്കം. സിംഹള ചിത്രമായ വീരവിജയത്തിലൂടെ 1961ല്‍ സ്വതന്ത്ര സംവിധായകനായി. അസോഷ്യേറ്റ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ ടി.ഇ. വാസുദേവന്‍ 1961ല്‍ നിമിച്ച ജ്ഞാനസുന്ദരിയായിരുന്നു ആദ്യ മലയാള ചിത്രം.
തെന്നിന്ത്യന്‍ ചലച്ചിത്ര ഇതിഹാസമായ കമലഹാസനെ ആദ്യമായി മലയാളത്തില്‍ അവതരിപ്പിക്കുന്നത് സേതുമാധവന്റെ ‘കണ്ണൂം കരളിലൂടെയുമാണ്’. ചിത്രത്തില്‍ സത്യന്റെ മകനായ ബാലതാരമായി ആയിരുന്നു കമല്‍ രംഗത്തെത്തിയത്. ബാലതാരമായി കമലിനെ മലയാളത്തിലെത്തിച്ചതിനു പുറമേ യുവാവായ കമലിനെ മലയാളത്തിലേക്ക് കൊണ്ടു വന്നതും സേതുമാധവനായിരുന്നു. കന്യാകുമാരി എന്ന ചിത്രത്തിലൂടെ. കന്യാകുമാരിയില്‍ രംഗത്തെത്തിയ മറ്റൊരു പുതുമുഖമായിരുന്നു നടന്‍ ജഗതി ശ്രീകുമാര്‍. 1965 ല്‍ ഓടയില്‍ നിന്ന് എന്ന ചിത്രത്തിലൂടെ ബാലതാരമായി സുരേഷ് ഗോപിയേയും അദ്ദേഹം അവതരിപ്പിച്ചു.
പുസ്തകങ്ങളെ കൂട്ടുകാരാക്കിയ സേതുമാധവന്റെ സിനിമകള്‍ ഏറെയും പിറന്നതു സാഹിത്യരചനകളില്‍ നിന്നായിരുന്നു. മലയാളത്തിലെ മിക്ക പ്രമുഖ എഴുത്തുകാരുടെയും കഥകള്‍ അദ്ദേഹം വെള്ളിത്തിരയില്‍ കൊണ്ടു വന്നു. ആറു ഭാഷകളിലായി 65 സിനിമകള്‍. മലയാള സിനിമാ സങ്കല്‍പങ്ങള്‍ക്ക് ഒട്ടേറെ മാറ്റങ്ങളും വഴിത്തിരിവുകളും നല്‍കിയ സിനിമകള്‍ ഇന്നും പഴയ മനസുകളില്‍ ഹിറ്റാണ്. പുതു തലമുറയ്ക്ക് അവയെല്ലാം അറിവിന്റെ വിജ്ഞാന കേന്ദ്രങ്ങളും.
നിരവധി തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയിട്ടുണ്ട്. 2010ല്‍ ജെ.ഡി.ഡാനിയല്‍ പുരസ്‌കാരം ലഭിച്ചു. ദേശീയസംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളുടെ ജൂറി ചെയര്‍മാനായി ഒന്നിലധികം പ്രാവശ്യമിരുന്നിട്ടുണ്ട്.
1931ല്‍ പാലക്കാട് സുബ്രഹ്മണ്യംലക്ഷ്മി ദമ്പതികളുടെ മകനായാണ് സേതുമാധവന്റെ ജനനം. തമിഴ്‌നാട്ടിലെ വടക്കേ ആര്‍ക്കോട്ടിലും പാലക്കാട്ടും ബാല്യം. പാലക്കാട് വിക്‌ടോറിയ കോളജില്‍നിന്ന് സസ്യശാസ്ത്രത്തില്‍ ബിരുദം നേടി. ഭാര്യ: വല്‍സല സേതുമാധവന്‍. മക്കള്‍: സന്തോഷ്, ഉമ, സോനുകുമാര്‍
ജീവിതത്തില്‍ ആരെയും നോവിക്കാതെ സത്യസന്ധമായി സ്വന്തം ചുമതലകള്‍ നിര്‍വഹിക്കുന്നതാണ് യഥാര്‍ഥ സന്ന്യാസമെന്ന അമ്മയുടെ ഉപദേശം ശിരസ്സാവഹിച്ചു. സിനിമയിലെത്തിയിട്ടും ആ ആത്മവിശുദ്ധി അദ്ദേഹം പുലര്‍ത്തി. പുകവലി, മദ്യപാനം എന്നീ ദുശ്ശീലങ്ങള്‍ക്ക് ഇടമില്ലാത്തവയായിരുന്നു സേതുമാധവന്റെ സെറ്റുകള്‍.

കെ.എസ്. സേതുമാധവന്റെ ചിത്രങ്ങള്‍
1) ജ്ഞാനസുന്ദരി (1961)
2) കണ്ണും കരളും (1962)
3) സുശീല (1963)
4) നിത്യകന്യക (1963)
5) ഓമനക്കുട്ടന്‍ (1964)
6) മണവാട്ടി (1964)
7) അന്ന (1964)
8) ഓടയില്‍നിന്ന് (1965)
9) ദാഹം (1965)
10) സ്ഥാനാര്‍ത്ഥി സാറാമ്മ (1966)
11) റൗഡി (1966)
12) അര്‍ച്ചന (1966)
13) ഒള്ളതു മതി (1967)
14) നാടന്‍ പെണ്ണ് (1967)
15) കോട്ടയം കൊലക്കേസ് (1967)
16) യക്ഷി (1968)
17) തോക്കുകള്‍ കഥ പറയുന്നു (1968)
18) പാല്‍മണം (തമിഴ്) (1968)
19) ഭാര്യമാര്‍ സൂക്ഷിക്കുക (1968)
20) കൂട്ടുകുടുംബം (1969)
21) കടല്‍പ്പാലം (1969)
22) അടിമകള്‍ (1969)
23) വാഴ്വേമായം (1970)
24)മിണ്ടാപ്പെണ്ണ് (1970 )
25)കുറ്റവാളി (1970)
26) കല്‍പ്പന (1970)
27) അമ്മ എന്ന സ്ത്രീ (1970)
28) അരനാഴികനേരം (1970)
29) തെറ്റ് (1971)
30)ഒരു പെണ്ണിന്റെ കഥ (1971)
31)ലൈന്‍ ബസ്സ് (1971)
32)കരകാണാക്കടല്‍ (1971)
33)ഇങ്ക്വിലാബ് സിന്ദാബാദ് (1971)
34)അനുഭവങ്ങള്‍ പാളിച്ചകള്‍ (1971)
35)പുനര്‍ജന്‍മം (1972)
36)ദേവി (1972)
37)അച്ഛനും ബാപ്പയും (1972)
38)ആദ്യത്തെ കഥ (1972)
39)പണിതീരാത്ത വീട് (1973)
40)കലിയുഗം (1973)
41)ചുക്ക് (1973)
42)അഴകുള്ള സെലീന (1973)
43)കന്യാകുമാരി (1974)
44)ജീവിക്കാന്‍ മറന്നുപോയ സ്ത്രീ (1974)
45)ചട്ടക്കാരി (1974)
46)മക്കള്‍ (1975)
47)ചുവന്ന സന്ധ്യകള്‍ (1975)
48)ജൂലി (ഹിന്ദി) (1975)
49)പ്രിയംവദ (1976)
50)ഓര്‍മ്മകള്‍ മരിക്കുമോ (1977)
51)അമ്മേ അനുപമേ (1977)
52)യെ ഹെ സിന്തഗി (ഹിന്ദി) (1977)
53)നക്ഷത്രങ്ങളെ കാവല്‍ (1978)
54)ഓപ്പോള്‍ (1981)
55)അഫ്‌സാന ദോ ദിലോംകാ (ഹിന്ദി) (1982)
56)സിന്ദഗി ജീനേ കേലിയേ (ഹിന്ദി) (1984)
57)അറിയാത്ത വീഥികള്‍ (1984)
58)ആരോരുമറിയാതെ (1984)
59)അവിടുത്തെപ്പോലെ ഇവിടെയും (1985)
60)സുനില്‍ വയസ്സ് 20 (1986)
61)വേനല്‍ക്കിനാവുകള്‍ (1991)
62)മറുപക്കം (തമിഴ്) (1991)
63)നമ്മവര്‍ (തമിഴ്) (1994)
64)സ്ത്രീ (തെലുങ്ക്) (1995)

Related Articles

Back to top button