BREAKING NEWSKERALALATEST

ജിത്തു പിടിയിലാകുന്നത് പായസം കുടിച്ചുകൊണ്ടിരിക്കുമ്പോള്‍, മൊഴി പൂര്‍ണമായി വിശ്വസിക്കാതെ പൊലീസ്

കാക്കനാട്: പറവൂരില്‍ വിസ്മയ (25) എന്ന യുവതി പൊള്ളലേറ്റു മരിച്ച സംഭവത്തിനു ശേഷം കാണാതായ സഹോദരി ജിത്തുവിനെ (22) എറണാകുളം മേനക പരിസരത്തു ബുധനാഴ്ച രാത്രി അലഞ്ഞു തിരിയുന്നതിനിടെ കണ്ടെത്തിയ പൊലീസിന് അവരെ തിരിച്ചറിയാന്‍ 15 മണിക്കൂര്‍ വേണ്ടിവന്നു.
പരസ്പര വിരുദ്ധമായി സംസാരിച്ച ജിത്തുവിനെ വീടുവിട്ടിറങ്ങിയ ഏതോ പെണ്‍കുട്ടിയെന്ന നിലയില്‍ ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണ് പൊലീസ് കലക്ടറേറ്റിനു സമീപത്തെ ‘തെരുവു വെളിച്ചം’ ഷെല്‍റ്റര്‍ ഹോമിലെത്തിച്ചത്. താന്‍ ലക്ഷദ്വീപുകാരിയാണ് എന്നായിരുന്നു ജിത്തു ആദ്യം പറഞ്ഞത്. രാവിലെ ലക്ഷദ്വീപ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും അവര്‍ക്ക് ആളെ മനസ്സിലായില്ല.
ഉച്ചയ്ക്കു ശേഷമാണ് പറവൂര്‍ പൊലീസിനു വിവരം ലഭിക്കുന്നത്. അവര്‍ തെരുവു വെളിച്ചം നടത്തിപ്പുകാരനായ തെരുവോരം മുരുകനെ ഫോണില്‍ വിളിച്ച് അന്വേഷിച്ചു. വിസ്മയ കേസില്‍ അന്വേഷിക്കുന്ന പെണ്‍കുട്ടിയാണെന്നു പൊലീസ് പറഞ്ഞില്ലെങ്കിലും തങ്ങളെത്തുന്നതുവരെ സുരക്ഷിതയായിരിക്കണമെന്ന് നിര്‍ദേശിച്ചു.
ഇതോടെ മുരുകനും സഹപ്രവര്‍ത്തകരും പെണ്‍കുട്ടിയെ നിരീക്ഷണത്തിലാക്കി. തനിക്ക് ആണ്‍ സുഹൃത്തിന്റെ കൂടെ പോകണമെന്നും ഇവിടെ നിന്നു വിട്ടയയ്ക്കണമെന്നും പെണ്‍കുട്ടി മുരുകനോട് ആവശ്യപ്പെട്ടെങ്കിലും ആശ്വസിപ്പിച്ചു സ്ഥാപനത്തില്‍ നിര്‍ത്തുകയായിരുന്നു. സമീപ ഫ്‌ലാറ്റിലെ വീട്ടമ്മ അന്തേവാസികള്‍ക്കായി കൊണ്ടുവന്ന പായസം ജിത്തു കുടിച്ചുകൊണ്ടിരിക്കെയാണ് പറവൂര്‍ പൊലീസ് തെരുവു വെളിച്ചത്തിലെത്തിയത്. പൊലീസിനെ കണ്ടപ്പോള്‍ ജിത്തു പതുങ്ങിയെങ്കിലും രക്ഷപ്പെടാന്‍ പഴുതില്ലാതിരുന്നതിനാല്‍ പൊലീസിനൊപ്പം പോകുകയായിരുന്നു.
ജിത്തുവിനെ പൊലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും. പറവൂര്‍ സ്റ്റേഷനിലെത്തിച്ച് വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വാക്കുതര്‍ക്കത്തിനിടെ കത്തി കൊണ്ട് കുത്തിയ ശേഷം സഹോദരി വിസ്മയയെ തീയിട്ട് കൊലപ്പെടുത്തിയെന്നാണ് ജിത്തു പൊലീസിന് മൊഴി നല്‍കിയിട്ടുള്ളത്. ആരുടെയും സഹായം കൃത്യം നടത്താന്‍ ലഭിച്ചിട്ടില്ലെന്ന് ജിത്തു പറഞ്ഞെങ്കിലും അത്തരം സാധ്യതകളില്‍ പൊലീസ് അന്വേഷണം തുടരുന്നുണ്ട്.
ജിത്തുവിന്റെ മൊഴി ഇങ്ങനെ-
സാധാരണ ഉണ്ടാകുന്ന പോലെ വിസ്മയയുമായി വഴക്കുണ്ടായി. വഴക്കിനിടെ ദേഷ്യത്തില്‍ കത്തി കൊണ്ട് വിസ്മയയെ കുത്തി. കുത്തേറ്റ വിസ്മയ മരിച്ചുവെന്ന് തോന്നിയപ്പോള്‍ മണ്ണെണ്ണ ഉപയോഗിച്ച് തീകൊളുത്തി. കൊലപാതകത്തിന് ആരുടെയും പ്രേരണയും സഹായവും ഇല്ല.
വിസ്മയയുടെ കൊലപാതകത്തിന് പിന്നാലെ ഒളിവില്‍ പോയ ജിത്തുവിനെ ഇന്ന് കാക്കനാട് വെച്ചാണ് പൊലീസ് പിടികൂടിയത്. ഇവര്‍ക്ക് ചില മാനസിക വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നാണ് വിവരം. പ്രതിക്ക് ആരെങ്കിലും ഒളിവില്‍ കഴിയാന്‍ സഹായം നല്‍കിയോ എന്നടക്കമുള്ള കാര്യങ്ങള്‍ അറിയാനുണ്ട്.
ചൊവ്വാഴ്ച ഉച്ചക്ക് മൂന്ന് മണിക്കാണ് വിസ്മയയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഇതിന് തൊട്ടുമുമ്പ് ജിത്തു വീടിന് സമീപത്തെ സി മാധവന്‍ റോഡിലൂടെ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാര്‍ എത്തുമ്പോള്‍ ഗേറ്റ് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഈ സാഹചര്യത്തില്‍ വീടിന്റെ പിറക് വശത്തെ ആളൊഴിഞ്ഞ പറമ്പിലൂടെയാണ് ജിത്തു സി മാധവന്‍ റോഡിലെത്തിയതെന്ന് പൊലീസ് കരുതുന്നു. ഇവിടെ നിന്നും ബസ്സില്‍ എറണാകുളത്തെത്തിയെന്നും കണ്ടെത്തി. ഇതിന് ശേഷം ജിത്തുവിന് എന്ത് സംഭവിച്ചെന്ന ഒരു സൂചനയും പൊലീസിനില്ല.
ഈ സാഹചര്യത്തിലാണ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്. എന്നാല്‍ ഫോട്ടോയില്‍ കാണുന്ന രൂപമല്ല ഇപ്പോള്‍ ജിത്തുവിനുള്ളത്. അടുത്തിടെ തല മൊട്ടയടിച്ചിരുന്നു. വിസ്മയയുടെ മൊബൈല്‍ ഫോണ്‍ ജിത്തുവിന്റെ കൈവശമുണ്ടായിരുന്നു. ഏറ്റവും ഒടുവില്‍ ടവര്‍ ലൊക്കേഷന്‍ ലഭിച്ചത് പറവൂരിന് സമീപം എടവനക്കാട് വെച്ചാണ്. പിന്നീട് ഇത് സ്വിച്ച് ഓഫ് ചെയ്ത നിലയിലായി. വീട്ടില്‍ സൂക്ഷിച്ചിരുന്ന പണവും കാണാതായിരുന്നു. മുമ്പ് രണ്ട് തവണ ജിത്തു വീട് വിട്ട് പോയിരുന്നു. ആദ്യം തൃശൂരിലും രണ്ടാം തവണ എളമക്കരയിലും വെച്ചാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.

Related Articles

Back to top button