BREAKING NEWSLATESTNATIONAL

പനിയും തൊണ്ടവേദനയുമുള്ള എല്ലാവരെയും പരിശോധിക്കണം: കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ്, ഒമിക്രോണ്‍ കേസുകളുടെ എണ്ണം കുതിച്ചുയരുമ്പോള്‍ പരിശോധനകള്‍ വേഗത്തിലാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം. ആര്‍.ടി.പി.സി.ആര്‍ പരിശോധനകള്‍ ഫലം വരാന്‍ വൈകുന്നതിനാല്‍ ആന്റിജന്‍ ടെസ്റ്റുകളും സെല്‍ഫ് ടെസ്റ്റിങ് കിറ്റുകള്‍ ഉപയോഗിച്ചുള്ള പരിശോധനകളും പ്രോത്സാഹിപ്പിക്കണണെന്നും ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കയച്ച കത്തില്‍ പറയുന്നു.
രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വലിയ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ചുമയോടെയോ അല്ലാതെയോ ഉള്ള പനി, തലവേദന, തൊണ്ടവേദന, ശ്വാസതടസ്സം, ശരീരവേദന, അടുത്തിടെയുള്ള രുചിയോ മണമോ നഷ്ടം, ക്ഷീണം, വയറിളക്കം എന്നിവയുള്ള എല്ലാവരെയും പരിശോധനയ്ക്ക് വിധേയരാക്കണം.
കോവിഡ് രോഗികളെ നേരത്തെ കണ്ടെത്തി അവരെയും അവര്‍ക്ക് സമ്പര്‍ക്കമുള്ളവരെയും കൃത്യമായി ക്വാറന്റൈന്‍ ചെയ്യുന്നത് മാത്രമാണ് കോവിഡ് വ്യാപനം തടയുന്നതിനുള്ള ഫലപ്രദമായ മാര്‍ഗം.
മുന്‍കാല അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ കോവിഡ് കേസുകളുടെ എണ്ണം ഒരു പരിധിയെക്കാളും ഉയരുമ്പോള്‍ ആര്‍.ടി.പി.സി.ആര്‍ വഴി രോഗ നിര്‍ണയം നടത്തുന്നത് വലിയ കാലതാമസം സൃഷ്ടിക്കുന്നു. അതിനാല്‍ വേഗത്തിലുള്ള പരിശോധനകളെ പ്രോത്സാഹിപ്പിക്കണം. കൂടുതല്‍ ടെസ്റ്റിങ് ബൂത്തുകള്‍ സജ്ജമാക്കണം. രോഗലക്ഷണങ്ങളുള്ളവരെ പരിശോധന നടത്തിയ ശേഷം ഫലം വരുന്നത് വരെ കൃത്യമായി ക്വാറന്റൈന്‍ ചെയ്യണം.
ഒമിക്രോണ്‍ വൈറസിന്റെ വ്യാപനത്തെ തുടര്‍ന്ന് ഡിസംബര്‍ 26 മുതല്‍ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ രാജ്യത്ത് 1270 ഒമിക്രോണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രതിധിന കോവിഡ് കേസുകളുടെ എണ്ണം 16,764 ഉം ആയി ഉയര്‍ന്നിട്ടുണ്ട്. കോവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ ഈ വര്‍ധനവ് രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ആരംഭിച്ചതിന്റെ സൂചനയാണെന്ന ആശങ്കയുയര്‍ത്തിയിട്ടുണ്ട്. ഇപ്പോഴത്തെ ഈ വര്‍ധനവ് ആഗോള തലത്തില്‍ കേസ് വര്‍ധിച്ചതിന്റെ തുടര്‍ച്ചയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം.

Related Articles

Back to top button