BREAKING NEWSLATESTNATIONAL

തമിഴ്‌നാട്ടില്‍ കൊലക്കേസ് പ്രതികളെ പൊലീസ് വെടിവച്ചു കൊന്നു

ചെന്നൈ: തമിഴ്‌നാട്ടില്‍ പൊലീസ് ഏറ്റുമുട്ടലിനിടെ നടത്തിയവെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു . കൊലക്കേസ് പ്രതികളായ രണ്ട് പേരെയാണ് പൊലീസ് വെടിവച്ചുകൊന്നത്. ദിനേശ്, മൊയ്തീന്‍ എന്നിവരാണ് മരിച്ചത്.
ചെങ്കല്‍പ്പേട്ട് ടൗണ്‍ സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ആണ് വെടിവച്ചതെന്നാണ് പൊലീസ് ഭാഷ്യം. ഇന്നലെ വൈകുന്നേരം പൊലീസ് സ്റ്റേഷന് സമീപം രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. കാര്‍ത്തിക്, മഹേഷ് എന്നിവരാണ് ഇന്നലെ മരിച്ചത്. ഇവരെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായവരാണ് രാത്രിയോടെ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഇവര്‍ പൊലീസിന് നേരെ ബോംബെറിഞ്ഞെന്നും ഇതേ തുടര്‍ന്ന് ആത്മരക്ഷാര്‍ത്ഥം വെടിവയ്‌ക്കേണ്ടി വന്നുവെന്നുമാണ് പൊലീസ് ഭാഷ്യം. ചെങ്കല്‍പ്പേട്ട് ഇന്‍സ്‌പെക്ടര്‍ രവിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഏറ്റുമുട്ടല്‍ നടത്തിയത്.
കൊലപാതകം നടന്ന ചെങ്കല്‍പ്പെട്ട മേഖലയുടെ ക്രമസമാധാന ചുമതലയുള്ള എസ്.പിയായി രണ്ട് ദിവസം മുന്‍പ് എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റ് വെള്ളദുരൈ ചുമതലയേറ്റെടുത്തിരുന്നു, ചെങ്കല്‍പ്പേട്ട്, കാഞ്ചീപുരം ജില്ലകള്‍ക്കായുള്ള സ്‌പെഷ്യല്‍ എസ്.പിയാണ് വെള്ളദുരൈ ചാര്‍ജ്ജ് എടുത്തത്. വീരപ്പന്‍, അയോത്തിക്കുപ്പം വീരമണി ഏറ്റുമുട്ടല്‍ കൊലകളില്‍ പങ്കെടുത്തയാളാണ് വെള്ളദുരൈ. ഇദ്ദേഹം എത്തിയതിന് പിന്നാലെ നടന്ന വെടിവെപ്പ് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.

Related Articles

Back to top button