BREAKING NEWSKERALA

ദിലീപ് അടക്കം 4 പ്രതികള്‍ ഫോണ്‍ മാറ്റി; പഴയ ഫോണ്‍ ഇന്ന് ഹാജരാക്കണം

കൊച്ചി: നടിയെ പീഡിപ്പിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്ത അന്നു തന്നെ ദിലീപ് അടക്കമുള്ള 4 പ്രതികള്‍ അവര്‍ ഉപയോഗിച്ചിരുന്ന ഫോണുകള്‍ മാറ്റി പുതിയ ഫോണ്‍ ഉപയോഗിക്കാന്‍ തുടങ്ങിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തി.
ദിലീപ്, സഹോദരന്‍ പി.അനൂപ്. സഹോദരി ഭര്‍ത്താവ് ടി.എന്‍.സുരാജ്, അനൂപിന്റെ ഭാര്യയുടെ ബന്ധുവായ അപ്പു എന്നിവരാണ് അവരുടെ ഫോണുകള്‍ മാറ്റിയത്. കേസ് റജിസ്റ്റര്‍ ചെയ്ത അന്നു മാറ്റിയ 4 ഫോണുകളും ഇന്ന് ഹാജരാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി മോഹനചന്ദ്രന്‍ പ്രതികള്‍ക്കു നോട്ടിസ് നല്‍കി.
അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതിന് ഇവര്‍ക്കെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത അന്നു തന്നെ 4 പേരും ഒരുമിച്ചു ഫോണ്‍ മാറ്റിയത് എന്തിനെന്ന ചോദ്യത്തിന് ആര്‍ക്കും വ്യക്തമായ മറുപടി പറയാന്‍ കഴിഞ്ഞില്ല. അഭിഭാഷകന്റെ ഉപദേശപ്രകാരമാണു ഫോണ്‍ മാറ്റിയതെന്നു പ്രതികളിലൊരാള്‍ മൊഴി നല്‍കിയിട്ടുണ്ട്.
വീട്ടില്‍ പരിശോധന നടത്തിയ ഘട്ടത്തില്‍ പുതിയ ഫോണുകളാണ് എല്ലാവരും അന്വേഷണ സംഘത്തിനു കൈമാറിയത്. പ്രതികളുടെ ടെലിഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ ശേഖരിച്ചപ്പോഴാണു ഫോണ്‍ മാറ്റിയ വിവരം അന്വേഷണ സംഘത്തിന്റെ ശ്രദ്ധയില്‍പെട്ടത്.
കേസ് റജിസ്റ്റര്‍ ചെയ്തതിനു തൊട്ടുപിന്നാലെ 6 പുതിയ ഫോണുകള്‍ പ്രതികള്‍ വാങ്ങിയതായാണ് ക്രൈംബ്രാഞ്ചിനു ലഭിച്ച വിവരം. ചോദ്യം ചെയ്യലിനു ഹാജരായ 4 പേര്‍ക്കു പുറമേ മറ്റു രണ്ടുപേര്‍ കൂടി ഗൂഢാലോചനയില്‍ പങ്കാളികളാണെന്ന് ഇതോടെ സംശയമുയര്‍ന്നു. ഈ 2 പേരെ കണ്ടെത്തേണ്ടതു അന്വേഷണത്തില്‍ നിര്‍ണായകമാണ്.
ദിലീപിന്റെ അടുത്ത സുഹൃത്തായ ജി.ശരത്ത് (സൂര്യ ശരത്ത്) ഇപ്പോള്‍ ഒളിവിലാണ്. ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ദിലീപിന്റെ മറ്റൊരു സുഹൃത്തും ഈ കേസിലെ കൂട്ടുപ്രതിയുമായ ബൈജു ചെങ്ങമനാട് ഫോണ്‍ മാറ്റിയിട്ടില്ല. ഇയാള്‍ 3 ദിവസവും ചോദ്യം ചെയ്യലിനു ഹാജരായിരുന്നു. കേസില്‍ ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും അതിനായി ഹൈക്കോടതിയെ സമീപിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി മോഹനചന്ദ്രന്‍ പറഞ്ഞു.

Related Articles

Back to top button