BREAKING NEWSLATESTNATIONALTOP STORY

രാജ്യത്ത് പുതിയ 2.51 ലക്ഷം കോവിഡ് കേസുകൾ; 627 മരണം

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 2,51,209 പുതിയ കോവിഡ് കേസുകളും 627 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 3,47,443 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ സജീവ കേസുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. 21,05,611 പേരാണ് നിലവിൽ രോഗംബാധിച്ചു ചികിത്സയിൽ കഴിയുന്നത്. 15.88 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ കോവിഡ് സാഹചര്യങ്ങളും മാനദണ്ഡങ്ങളും അവലോകനം ചെയ്യുന്നതിനായി ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ ഇന്ന് ഉച്ചയ്ക്ക് ഉന്നതതല യോഗം ചേരും. ഓൺലൈനായാണ് യോഗം. തമിഴ്നാട്, കേരളം, ആന്ധ്രാപ്രദേശ്, ലക്ഷദ്വീപ്, തെലങ്കാന, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലെ ആരോഗ്യമന്ത്രിമാർ യോഗത്തിൽ പങ്കെടുക്കുമെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു.

അതേസമയം, ഒമിക്രോണിന്റെ ബിഎ.2 സബ് വേരിയന്റാണ് ഇപ്പോൾ ഇന്ത്യയിൽ കൂടുതൽ പ്രചരിക്കുന്നതെന്ന് നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻസിഡിസി) ഡയറക്ടർ സുജീത് സിംഗ് പറഞ്ഞു.

കേരളത്തിൽ പടരുന്നത് ഒമിക്രോണ്‍ വകഭേദമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്നലെ പറഞ്ഞിരുന്നു. ഇതുവരെ പരിശോധിച്ച സാമ്പിളുകളില്‍ 94 ശതമാനവും ഒമിക്രോണും ആറ് ശതമാനം ഡെല്‍റ്റയുമാണു കണ്ടെത്തിയതെന്നു മന്ത്രി പറഞ്ഞു.

കോവിഡ് സ്ഥിരീകരിച്ച വിദേശത്തുനിന്ന് വന്നവരില്‍ 80 ശതമാനത്തിനും ഒമിക്രോണ്‍ വകഭേദമാണ് ബാധിച്ചത്. കോവിഡ് കേസുകള്‍ ഇനിയും ഉയര്‍ന്നേക്കാമെന്നും നിലവിലെ സാഹചര്യത്തില്‍ അടുത്ത മൂന്നാഴ്ച നിര്‍ണായകമാണെന്നും വീണ ജോർജ് പറഞ്ഞു.

കേരളത്തില്‍ ഇന്നലെ 51,739 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 3,09,489 ആയി. 11 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 52,434 ആയി.

Web Title: Coronavirus omicron india news third wave health ministry covid kerala updates

Related Articles

Back to top button