BREAKING NEWSKERALA

കണ്ണൂര്‍ വി.സി: മുന്‍കൈയെടുത്തത് മുഖ്യമന്ത്രിയും മന്ത്രി ബിന്ദുവും- ഗവര്‍ണര്‍

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലാ വി.സി.യായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കിയതിന് മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസ മന്ത്രിയുമാണ് മുന്‍കൈയെടുത്തതെന്ന് തുറന്നടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
തന്റെ നിര്‍ദേശപ്രകാരമാണ് വി.സി.ക്ക് പുനര്‍നിയമനം നല്‍കാന്‍ മന്ത്രി ആര്‍. ബിന്ദു കത്തുനല്‍കിയതെന്ന വ്യാഖ്യാനം ശരിയല്ല. വി.സി.ക്ക് പുനര്‍നിയമനം നല്‍കണമെന്ന നിര്‍ദേശം സമര്‍പ്പിക്കാന്‍ പ്രൊചാന്‍സലറെന്നനിലയില്‍ ഉന്നതവിദ്യാഭ്യാസമന്ത്രിക്ക് അനുമതിനല്‍കണമെന്നത് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശമായിരുന്നു. അതുപ്രകാരം ഗവര്‍ണറുടെ ഓഫീസില്‍നിന്ന് നല്‍കിയ കത്തിനെ ആകെ നടന്ന സംഭവങ്ങളുടെ ഭാഗമായി കാണണമെന്നും രാജ്ഭവന്‍ വിശദീകരിക്കുന്നു.
ഡോ. ഗോപിനാഥിന് പുനര്‍നിയമനം ലഭിക്കുന്നതില്‍ മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ആര്‍. മോഹന്‍, മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് കെ.കെ. രവീന്ദ്രനാഥ്, മന്ത്രി ആര്‍. ബിന്ദു എന്നിവരാണ് ഇടപെട്ടത്. മന്ത്രി ബിന്ദുവിന്റെ ഇടപെടല്‍ അധികാര ദുര്‍വിനിയോഗമാണെന്നുകാണിച്ച് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയില്‍ ലോകായുക്ത വെള്ളിയാഴ്ച വിധിപറയാനിരിക്കെയാണ് ഗവര്‍ണറുടെ പത്രക്കുറിപ്പ് ഇറങ്ങിയത്.
കഴിഞ്ഞദിവസം ഈ കേസ് ലോകായുക്ത പരിഗണിക്കുന്ന വേളയില്‍ ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സര്‍ക്കാരിന് നല്‍കിയ കത്ത് ഹാജരാക്കിയിരുന്നു. വി.സി. സ്ഥാനത്തേക്ക് നിര്‍ദേശം സമര്‍പ്പിക്കാന്‍ ഗവര്‍ണര്‍ മന്ത്രിക്ക് അനുമതിനല്‍കിയതിനാല്‍ മന്ത്രിയുടെ കത്ത് അധികാര ദുര്‍വിനിയോഗമല്ല എന്നായിരുന്നു സര്‍ക്കാരിന്റെ വാദം. തുടര്‍ന്നാണ് രാജ്ഭവന്‍ വിശദീകരണക്കുറിപ്പ് ഇറക്കിയത്.
പത്രക്കുറിപ്പില്‍ വി.സി. നിയമനപ്രക്രിയയുടെ ആദ്യംമുതലുള്ള നാള്‍വഴി തീയതിയും സമയവുംവെച്ച് വിശദീകരിക്കുന്നുണ്ട്.

കണ്ണൂര്‍ വി.സി. നിയമനം: നാള്‍വഴി വിശദീകരിച്ച് ഗവര്‍ണര്‍
നവംബര്‍ 21 രാവിലെ 11.30
മുഖ്യമന്ത്രി ചുമതലപ്പെടുത്തിയതുസരിച്ച് അദ്ദേഹത്തിന്റെ നിയമോപദേഷ്ടാവ് കെ.കെ. രവീന്ദ്രനാഥ് ഗവര്‍ണറെക്കണ്ട് ഡോ. ഗോപിനാഥ് രവീന്ദ്രന് ഒരു ടേം കൂടി നല്‍കാന്‍ സര്‍ക്കാരിന് താത്പര്യമുണ്ട് എന്നറിയിച്ചു. ഇതിനുള്ള ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ ശുപാര്‍ശ പിന്നാലെ വരുമെന്നും പറഞ്ഞു.
വി.സി. നിര്‍ണയ നടപടികള്‍ തുടങ്ങിയതിനാല്‍ നിയമപരമായി ഇത് നില്‍ക്കുമോയെന്ന സംശയം ഗവര്‍ണര്‍ പ്രകടിപ്പിച്ചു. സര്‍ക്കാര്‍ നിയമോപദേശം തേടിയെന്നു പറഞ്ഞ് ടൈപ്പ് ചെയ്ത കുറച്ച് കടലാസുകള്‍ കാണിച്ചു. ഇത് ആരുടെ അഭിപ്രായമെന്നു ചോദിച്ചപ്പോള്‍ അഡ്വക്കേറ്റ് ജനറലിന്റേ (എ.ജി.) താണെന്നു പറഞ്ഞു. എ.ജി.യുടേതെങ്കില്‍ ഒപ്പും സീലും വേണമെന്ന് ഗവര്‍ണര്‍ നിര്‍ദേശിച്ചു.

ഉച്ചയ്ക്ക് 1.30
ഡോ. ഗോപിനാഥിനെ വി.സി.യായി പുനര്‍നിയമിക്കണമെന്ന താത്പര്യം പ്രകടിപ്പിക്കുന്നതും അദ്ദേഹത്തിന്റെ യോഗ്യതകള്‍ വിശദീകരിക്കുന്നതുമായ മന്ത്രി ആര്‍. ബിന്ദുവിന്റെ കത്ത് ലഭിച്ചു. വി.സി. നിര്‍ണയ സമിതിയെ നിയമിച്ച വിജ്ഞാപനം റദ്ദുചെയ്യണമെന്നും അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള സര്‍ക്കാരിന്റെ വിജ്ഞാപനം റദ്ദ് ചെയ്യാനുള്ള അനുമതി നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

നവംബര്‍ 22 ഉച്ചയ്ക്ക് 12.10
മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ആര്‍. മോഹനും നിയമോപദേഷ്ടാവ് കെ.കെ. രവീന്ദ്രനാഥും എത്തി ആവശ്യം ആവര്‍ത്തിച്ചു. എ.ജി.യുടെ ഒപ്പും സീലും പതിച്ച നിയമോപദേശവും നല്‍കി.
ഡോ. ഗോപിനാഥിന് പുനര്‍നിയമനം നല്‍കുന്നതില്‍ നിയമപ്രശ്‌നങ്ങളില്ലെന്നും 60 വയസ്സെന്ന സര്‍വകലാശാലാ നിയമത്തിലെ പ്രായപരിധി യു.ജി.സി. റഗുലേഷന് വിരുദ്ധമായതിനാല്‍ നിലനില്‍ക്കില്ലെന്നും എട്ടുപേജുള്ള നിയമോപദേശത്തില്‍ എ.ജി. വ്യക്തമാക്കി.
ഇതിനോട് യോജിക്കുന്നെങ്കില്‍ വി.സി.ക്ക് പുനര്‍നിയമനം നല്‍കാനുള്ള ശുപാര്‍ശ സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസമന്ത്രിക്ക് അനുമതി നല്‍കണമെന്നും നിയമോപദേശത്തില്‍ പറഞ്ഞിരുന്നു. ഈ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം ഗവര്‍ണര്‍ അംഗീകരിച്ചത്.

വൈകുന്നേരം 4.30
ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.സി. നിര്‍ണയസമിതിയുടെ വിജ്ഞാപനം റദ്ദാക്കാനും വി.സി.ക്ക് പുനര്‍നിയമനം നല്‍കണം എന്നാവശ്യപ്പെടുന്ന നിര്‍ദേശം സമര്‍പ്പിക്കാനും സര്‍ക്കാരിന് അനുമതിനല്‍കി അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കത്തുനല്‍കി.

രാത്രി 10.10
ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കാന്‍ പേര് നിര്‍ദേശിക്കുന്ന മന്ത്രിയുടെ കത്ത് രാജ്ഭവനില്‍ ലഭിച്ചു.

നവംബര്‍ 23
ഡോ. ഗോപിനാഥിന് പുനര്‍നിയമനം നല്‍കിയുള്ള വിജ്ഞാപനം രാജ്ഭവന്‍ ഇറക്കി.
കണ്ണൂര്‍ സര്‍വകലാശാലാ വി.സി. നിയമനപ്രക്രിയയുടെ ആദ്യംമുതലുള്ള നാള്‍വഴി തീയതിയും സമയവും വിശദീകരിച്ച് ഗവര്‍ണറുടെ ഓഫീസില്‍നിന്ന് കത്ത് പുറത്തിറക്കി

Related Articles

Back to top button