BREAKING NEWSKERALALATEST

”ബാബൂ ഊര്‍ജം കളയേണ്ട, ഞങ്ങളെത്തി”; ബാബുവിന് ധൈര്യം നല്‍കി കരസേന

 

പാലക്കാട്: മലമ്പുഴയിലെ ചെറാട് മലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി തുടരുന്നു. പുലര്‍ച്ചെ രക്ഷാദൗത്യ സംഘം ബാബുവുമായി സംസാരിച്ചു. ഞങ്ങളെത്തിയെന്നും ഭയക്കേണ്ടെന്നും സംസാരിച്ച് ഊര്‍ജം കളയേണ്ടെന്നും കരസേന ബാബുവിനോട് പറഞ്ഞു. ബാബുവും ഇവരോട് പ്രതികരിച്ചു. ബാബു മലയില്‍ കുടുങ്ങിയിട്ട് 41 മണിക്കൂര്‍ പിന്നിട്ട സാഹചര്യത്തില്‍ ഇനിയുള്ള നിമിഷങ്ങള്‍ നിര്‍ണായകമാണ്. രണ്ട് ടീം ആയിട്ടാണ് രക്ഷാപ്രവര്‍ത്തനം. ഒടു ടീം മലയുടെ മുകളില്‍ നിന്നും മറ്റൊരു ടീം മലയുടെ താഴെ നിന്നുമാണ് ബാബുവിനരികില്‍ എത്താന്‍ ശ്രമിക്കുന്നത്. ഇന്ന് പകല്‍ തന്നെ ബാബുവിനെ രക്ഷപ്പെടുത്താന്‍ സാധിക്കുമെന്ന് കരസേന മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പ് നല്‍കിയിട്ടുണ്ട്.

ബാബുവിന്റെ ആരോഗ്യനിലയിലാണ് ആശങ്ക. രണ്ട് പകലിലെ കനത്ത വെയിലും രാത്രിയിലെ തണുപ്പും സഹിച്ച് വെള്ളം പോലും കുടിക്കാതെയാണ് ബാബുലിന്റെ നില്‍പ്. വെള്ളമാണ് ബാബു ആവശ്യപ്പെടുന്നത്. വെള്ളമെത്തിക്കാന്‍ കരസേന ശ്രമം തുടരുകയാണ്. കരസേനയുടെ എന്‍ജിനീയറിങ് വിഭാഗവും എനന്‍ഡിആര്‍എഫുമാണ് മലമുകളില്‍ എത്തിയത്. പ്രദേശവാസികളും പര്‍വതാരോഹകരും ഇവര്‍ക്കൊപ്പമുണ്ട്. ഒരു ടീം താഴെ നിന്നും രക്ഷാ പ്രവര്‍ത്തനം നടത്തുന്നു. ബാബുവിന് ഭക്ഷണവും വെള്ളവും നല്‍കാനാണ് ആദ്യം ശ്രമിക്കുന്നത്.

മൂന്ന് സുഹൃത്തുക്കളോടൊപ്പം തിങ്കളാഴ്ചയാണ് ബാബു മലകയറിയത്. ഒരു കിലോമീറ്റര്‍ ഉയരമുള്ള മലയുടെ മുകളിലെത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍ കയറുന്നതിനിടയില്‍ ക്ഷീണം തോന്നിയ സുഹൃത്തുക്കള്‍ വിശ്രമിച്ച സമയം ബാബു കുറച്ചുകൂടി ഉയരത്തിലേക്ക് പോയി. അവിടെ നിന്ന് കൂട്ടുകാരുടെ അടുത്തേക്ക് ഇറങ്ങുമ്പോള്‍ കാല്‍ വഴുതി കുത്തനെയുള്ള മലയിലൂടെ താഴേക്ക് വീണ് പാറയിടുക്കില്‍ കുടുങ്ങി. കാലിന് ചെറിയ പരിക്കേറ്റു. തിരിച്ചെത്തിയ കൂട്ടുകാരാണ് ബാബു കുടുങ്ങിയ കാര്യം അറിയിക്കുന്നത്.

കൈയില്‍ ഫോണുണ്ടായത് ബാബുവിന് തുണയായി. കൂട്ടുകാര്‍ക്കും പൊലീസിനും ബാബു കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോ എടുത്ത് അയച്ചു നല്‍കി സഹായമഭ്യര്‍ഥിച്ചു. രാത്രി ഫ്‌ലാഷ് ലൈറ്റ് തെളിച്ച് രക്ഷാപ്രവര്‍ത്തകരെ അറിയിച്ചു. ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തിലും ബാബുവിനെ സ്‌പോട്ട് ചെയ്യാന്‍ സാധിച്ചു.

Related Articles

Back to top button