BREAKING NEWSKERALA

സിപിഎം. സംസ്ഥാനസമ്മേളനത്തിന് ഇന്ന് തുടക്കം

കൊച്ചി: സി.പി.എം. 23ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനം ചൊവ്വാഴ്ച എറണാകുളം മറൈന്‍ഡ്രൈവില്‍ തുടങ്ങും. രാവിലെ 9.30ന് സംസ്ഥാന സെക്രട്ടേറിയറ്റിലെ മുതിര്‍ന്ന അംഗം ആനത്തലവട്ടം ആനന്ദന്‍ പതാക ഉയര്‍ത്തും. രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്ക്കുശേഷം പ്രതിനിധി സമ്മേളനം പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനംചെയ്യും.
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. സമ്മേളനത്തിന്റെ ഏറ്റവും പ്രധാന അജന്‍ഡയായ നവകേരള സൃഷ്ടിക്കുള്ള നയരേഖ നാലുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിക്കും. തുടര്‍ന്ന് ജില്ലതിരിച്ചുള്ള ഗ്രൂപ്പുചര്‍ച്ചകള്‍ക്കായി പിരിയും.
രണ്ടാംതീയതി പൂര്‍ണമായും പ്രവര്‍ത്തനറിപ്പോര്‍ട്ടിലുള്ള ചര്‍ച്ചയാണ്. മൂന്നാംതീയതി നവകേരള നയരേഖയെക്കുറിച്ചുള്ള ചര്‍ച്ച നടക്കും. രണ്ടു ചര്‍ച്ചകള്‍ക്കുമുള്ള മറുപടി പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും നല്‍കും. നാലാംതീയതി രാവിലെ സംസ്ഥാനകമ്മിറ്റി തിരഞ്ഞെടുപ്പ്. പുതിയ കമ്മിറ്റി ചേര്‍ന്ന് സെക്രട്ടറിയെ അപ്പോള്‍ത്തന്നെ പ്രഖ്യാപിക്കും.
കൊടി, കൊടിമരപതാക ജാഥകളുടെ സമ്മേളന നഗരിയിലേക്കുള്ള വരവും പതാക ഉയര്‍ത്തലും കോവിഡ് സാഹചര്യത്തില്‍ വേണ്ടെന്നുവെച്ചു. ചുവപ്പുസേന പരേഡും പ്രകടനവും ഒഴിവാക്കിയിട്ടുണ്ട്. മറൈന്‍ഡ്രൈവില്‍ വൈകീട്ട് അഞ്ചിനുനടക്കുന്ന സമാപനപൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
ഇക്കുറി പതാക ഉയര്‍ത്താന്‍ മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഇല്ല. പകരം സംസ്ഥാന സെക്രട്ടേറിയറ്റിലെ മുതിര്‍ന്ന അംഗം എന്ന നിലയില്‍ ആനത്തലവട്ടം ആനന്ദന്‍ പതാക ഉയര്‍ത്തും. സി.പി.എം. സംസ്ഥാന സമ്മേളനങ്ങളില്‍ കഴിഞ്ഞ കുറെ കാലങ്ങളായി വി.എസ്. ആയിരുന്നു പതാക ഉയര്‍ത്തിയിരുന്നത്. വര്‍ധക്യസഹജമായ ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ അദ്ദേഹത്തിന് പങ്കെടുക്കാന്‍ സാധിക്കില്ല.
പാര്‍ട്ടിയില്‍ ഗ്രൂപ്പുവഴക്കുകള്‍ ശക്തമായിനിന്ന കാലത്ത് വി.എസ്. സമ്മേളന പതാക ഉയര്‍ത്തുന്നതിന് വലിയ പ്രാധാന്യം ലഭിച്ചിരുന്നു. 2015ലെ ആലപ്പുഴ സംസ്ഥാനസമ്മേളനത്തില്‍ ഇടഞ്ഞുനില്‍ക്കുകയായിരുന്ന വി.എസിനെ പതാക ഉയര്‍ത്താന്‍ അനുവദിച്ചെങ്കിലും പ്രസംഗിക്കാന്‍ സംസ്ഥാന നേതൃത്വം അനുവദിച്ചില്ല. വി.എസ്. മൈക്കിലൂടെ അതൃപ്തി അറിയിക്കുമോ എന്നായിരുന്നു ഭയം. 2018ല്‍ തൃശ്ശൂരില്‍ സമ്മേളനം നടന്നപ്പോഴേക്കും പാര്‍ട്ടിയിലെ വി.എസുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങള്‍ അവസാനിച്ചിരുന്നു.
ആരോഗ്യം അനുവദിച്ചിരുന്നെങ്കില്‍ ഇക്കുറിയും വി.എസ്.തന്നെയായിരുന്നു പതാക ഉയര്‍ത്തേണ്ടിയിരുന്നത്. അതേസമയം ചിത്രങ്ങളില്‍പോലും വി.എസ്. ഒഴിവാക്കപ്പെട്ടത് അണികളില്‍ ചര്‍ച്ചയായിട്ടുണ്ട്. സി.പി.എം. രൂപവത്കരണത്തിന് മുന്നോടിയായി 1964ല്‍ സി.പി.െഎ. നാഷണല്‍ കൗണ്‍സിലില്‍നിന്ന് ഇറങ്ങിപ്പോന്ന നേതാക്കളില്‍ ഇപ്പോള്‍ വി.എസ്. മാത്രമേയുള്ളൂ.

Related Articles

Back to top button