BREAKING NEWSKERALALATEST

പിന്നില്‍ നിന്ന് കുത്തിയെന്ന് സതീശന്‍, ആലങ്കാരിക പ്രയോഗമെന്ന് സുധാകരന്‍

തിരുവനന്തപുരം: ഡിസിസി പുന:സംഘടന സംബന്ധിച്ചു കെ സുധാകരനും വിഡി സതീശനും തമ്മില്‍ ് വീണ്ടും ചര്‍ച്ച നടത്തും. ഭാരവാഹി പട്ടികക്ക് അന്തിമ രൂപം നല്‍കുക എന്നതാണ് ചര്‍ച്ചയുടെ പ്രധാന അജണ്ടയെങ്കിലും അടുത്തിടെ ഉണ്ടായ അസ്വാരസ്യങ്ങളും ചര്‍ച്ചയില്‍ വിഷയമാകും. നാളെ പട്ടിക പ്രഖ്യാപിക്കാന്‍ ആണ് നീക്കം എങ്കിലും നീളാന്‍ സാധ്യത ഉണ്ട്. 9 ജില്ലകളില്‍ ഇനിയും ധാരണയിലെത്തേണ്ടതുണ്ട്. നാളെ രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനത്തില്‍ നേതാക്കള്‍ക്ക് പങ്കെടുക്കേണ്ടതുണ്ട്. സതീശനുമായുള്ള ചര്‍ച്ചക്ക് ശേഷം ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയുമായും സുധാകരന്‍ ചര്‍ച്ച നടത്തും.
ഡി സി സി പുന:സംഘടനയില്‍ സമവായ ചര്‍ച്ച തുടരുമ്പോഴും ചെന്നിത്തലയെ ഉന്നമിട്ടുള്ള വിഡി സതീശന്റെ പരാതി കെ പി സി സി പ്രസിഡണ്ട് കെ സുധാകരന്‍ ഗൗരവമായി കണ്ടിട്ടില്ലെന്ന വിലയിരുത്തലുകളാണ് ഉള്ളത്. പിന്നില്‍ നിന്നും കുത്തിയെന്ന സതീശന്റെ പരാതിക്ക് ആലങ്കാരിക പ്രയോഗമെന്ന മറുപടി നല്‍കിയതിലൂടെ സുധാകരന്‍ ഇതാണ് വ്യക്തമാക്കുന്നതെന്ന വിലയിരുത്തലാണ് ഉയര്‍ന്നത്. സുധാകരനുമായുള്ള ഭിന്നത തീര്‍ത്ത് ചെന്നിത്തലയെ നേരിടലാണ് സതീശന്‍ ലക്ഷ്യം വയ്ക്കുന്നതെന്നും ചര്‍ച്ചകളുണ്ട്. ഡിസിസി പട്ടികയില്‍ സുധാകരനും സതീശനും തമ്മില്‍ അനുരജ്ഞന ചര്‍ച്ച തുടരുകയാണ്. എന്നാല്‍ പട്ടികയില്‍ സതീശന്റെ അഭിപ്രായം പരിഗണിക്കുന്ന കെ പി സി സി അധ്യക്ഷന്‍ പക്ഷെ ചെന്നിത്തലയെ ലക്ഷ്യമിട്ടുള്ള സതീശനറെ പരാതി ഗൗരവമായി കണ്ടിട്ടില്ല.
സുധാകരനുമായുള്ള ഭിന്നത തീര്‍ന്നെന്ന് സതീശന്‍ അനുകൂലികള്‍ പറയുമ്പോള്‍ ചെന്നിത്തലക്കെതിരായ വി ഡിയുടെ നീക്കത്തിന് കെ പി സി സി അധ്യക്ഷന്‍ കൈ കൊടുക്കാത്തതില്‍ ഐ ഗ്രൂപ്പ് സന്തോഷത്തിലാണ്. കെ സി വേണുഗോപാല്‍ വി ഡി സതീശന്‍ ചേരി നിര്‍ദ്ദേശിക്കുന്ന പേരുകള്‍ പട്ടികയില്‍ കൂട്ടിച്ചേര്‍ത്താലും കരടിലുള്ള ഐ പക്ഷക്കാരെ സുധാകരന്‍ മാറ്റില്ലെന്ന ഉറപ്പിലാണ് ഐ ക്യാമ്പ്. ഭിന്നത തീര്‍ത്ത് ചെന്നിത്തലമുരളി ഒന്നിച്ചതിനെ സതീശന്‍ കഴിഞ്ഞ ദിവസം പരിഹസിച്ചപ്പോള്‍ യോജിപ്പ് മാതൃകയാക്കണമെന്നാണ് ഇരുനേതാക്കളുടേയും വിശദീകരണം. സുധാകരന്‍ ഒപ്പമാണെന്ന് ഐ ഗ്രൂപ്പ് കരുതുമ്പോള്‍ പഴയപോലെ ഗ്രൂപ്പ് പോരിന് സുധാകരന്‍ തയ്യാറായേക്കില്ല. എ ഐ ഗ്രൂപ്പുകളെയും സതീശന്‍ വിഡി ചേരിയെയും എല്ലാം ഒപ്പം നിര്‍ത്തലാണ് ലക്ഷ്യമെന്നാണ് സുധാകരന്‍ അനുകൂലികള്‍ പറയുന്നത്.
പുനസംഘടനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കിടെ നേതാക്കളുടെ സംഗമവേദിയായി ചെന്നിത്തലയുടെ പുസ്തകപ്രകാശനവേദി മാറി. കെ മുരളീധരന്‍, ശശി തരൂര്‍, എം എം ഹസ്സന്‍, ചെന്നിത്തല എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ ഐക്യത്തിനായി ഒന്നിക്കണമെന്ന ആഹ്വനുമുണ്ടായി. രമേശ് ചെന്നിത്തല എഴുതിയ ഗാന്ധിഗ്രാമങ്ങളിലൂടെ എന്ന പുസ്തകത്തിന്റെ പുനഃപ്രകാശനമായിരുന്നു ചടങ്ങ്. ഒരുമിച്ച് മുന്നോട്ട് പോകാന്‍ തീരുമാനിച്ച ശേഷം കെ മുരളീധരനും രമേശ് ചെന്നിത്തലയും ആദ്യമായി ഒന്നിച്ച് ഒരു വേദിയില്‍ എത്തിയെന്നതായിരുന്നു പരിപാടിയുടെ സവിശേഷത. ഒപ്പം എം എം ഹസ്സനും ശശി തരൂരും കൂടി ആയതോടെ പരിപാടി ഗംഭീരമായി.
ചെന്നിത്തല കെപിസിസി പ്രസിഡന്റായിരുന്നപ്പോഴാണ് പാര്‍ട്ടി എറ്റവും ശക്തമായതെന്നാണ് ഹസ്സന്‍ പറഞ്ഞത്. കരുണാകരന്റെ ശിഷ്യന്‍ അദ്ദേഹത്തിന്റെ പാത പിന്‍തുടരുന്നുവെന്ന് കെ മുരളീധരനും പറഞ്ഞു. പുസ്തകത്തെ സ്‌നേഹിക്കുന്ന വ്യക്തിയാണ് ചെന്നിത്തലയെന്നായിരുന്നു ശശി തരൂറിന്റെ കമന്റ്. ചെന്നിത്തലയുടെ മകന്‍ രോഹിന്റെ ഉടമസ്ഥതയുള്ള ശ്രേഷ്ടാ ബുക്‌സിലായിരുന്നു ചടങ്ങ് നടന്നത്.

Related Articles

Back to top button