BREAKING NEWSNATIONAL

പാളിയത് സിദ്ദുവിന്റെ തന്ത്രങ്ങള്‍, ‘കൈ’ക്കുമ്പിളില്‍ നിന്ന് പഞ്ചാബും ചോര്‍ന്നു

അമൃത്സര്‍: കോണ്‍ഗ്രസ് ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന സംസ്ഥാനമായിരുന്നു പഞ്ചാബ്. ഭരണത്തിലിരുന്നുകൊണ്ട് തിരഞ്ഞെടുപ്പ് നേരിടുന്ന ഏക സംസ്ഥാനമായതിനാല്‍ ആത്മവിശ്വാസവും കൂടുതലായിരുന്നു. എന്നാല്‍ എല്ലാം തകര്‍ത്തെറിയുന്നതാണു പഞ്ചാബിലെ ജനവിധി. പാര്‍ട്ടിയിലെ ഉള്‍പ്പോര് കോണ്‍ഗ്രസിന്റെ വോട്ടുനിലയെ ഗണ്യമായി ബാധിച്ചെന്നാണു പ്രാഥമിക വിലയിരുത്തല്‍. വലിയ പ്രയാസമില്ലാതെ ഭരണത്തുടര്‍ച്ച നേടാമായിരുന്ന സംസ്ഥാനത്താണു കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞത്.
എഎപി തരംഗത്തില്‍ പഞ്ചാബ് ഇളകിമറിഞ്ഞപ്പോള്‍, കൈവെള്ളയിലെ സംസ്ഥാനമാണ് കോണ്‍ഗ്രസിനു നഷ്ടമായത്. പിസിസി അധ്യക്ഷന്‍ നവ്‌ജ്യോത് സിങ് സിദ്ദുവിന്റെ മുഖ്യമന്ത്രി സ്വപ്നമാണു പഞ്ചാബ് കോണ്‍ഗ്രസിലെ പൊട്ടിത്തെറികള്‍ക്കും പരാജയത്തിനും പിന്നിലെന്നാണു നേതൃത്വത്തിന്റെ അടക്കംപറച്ചില്‍. പാര്‍ട്ടിയെ കൈക്കുള്ളിലാക്കി, മുഖ്യമന്ത്രി പദത്തില്‍നിന്ന് അമരിന്ദര്‍ സിങ്ങിനെ പുകച്ചു പുറത്തുചാടിക്കാന്‍ സിദ്ദുവാണ് അണിയറനീക്കം നടത്തിയത്. വര്‍ഷങ്ങളായി പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിച്ച അമരിന്ദര്‍ പടിയിറങ്ങിയപ്പോള്‍ തന്റെ പദ്ധതികള്‍ ഫലം കണ്ടുവെന്നു സിദ്ദു കരുതി.
എന്നാല്‍, കണക്കുകൂട്ടലുകള്‍ തെറ്റിച്ചു ഹൈക്കമാന്‍ഡ് മറ്റൊരു നീക്കം നടത്തി; ദലിത് വിഭാഗത്തില്‍ നിന്നുള്ള ചരണ്‍ജിത് സിങ് ഛന്നിയെ മുഖ്യമന്ത്രിയാക്കി. തികച്ചും അപ്രതീക്ഷിത നീക്കമായിരുന്നു ഇത്. പാര്‍ട്ടിയില്‍ അതുവരെ ഉയര്‍ന്നു കേള്‍ക്കാത്ത പേരായിരുന്നു ഛന്നിയുടേത്. സിദ്ദു പാര്‍ട്ടിയേക്കാള്‍ വലുതാവുന്നുവെന്ന സൂചനകള്‍ കിട്ടിയപ്പോഴാണു ഛന്നിയെ ഇറക്കി ഹൈക്കമാന്‍ഡ് തടയിട്ടത്. സംസ്ഥാനത്തെ 32% ദലിത് വോട്ടുകള്‍ സ്വാധീനിക്കാനും ഛന്നിയുടെ നിയമനത്തിലൂടെ കോണ്‍ഗ്രസ് ഉന്നമിട്ടു.
അമരിന്ദര്‍–സിദ്ദു തര്‍ക്കത്തിനു ശേഷം പഞ്ചാബ് പിന്നീട് സാക്ഷ്യം വഹിച്ചത് ഛന്നി–-സിദ്ദു ചരടുവലിക്കായിരുന്നു. അഡ്വക്കറ്റ് ജനറല്‍ എ.പി.എസ്. ഡിയോളിന്റെ രാജിയുമായി ബന്ധപ്പെട്ടായിരുന്നു ഛന്നിയും സിദ്ദുവും തമ്മിലുള്ള തുറന്ന പോര്. അമരിന്ദറിനെതിരെ പട നയിച്ച സിദ്ദു, ഛന്നിക്കെതിരെയും പോരാട്ടം തുടങ്ങിയതു ഹൈക്കമാന്‍ഡിനെ പ്രതിസന്ധിയിലാക്കി. അമൃത്‌സര്‍ ഈസ്റ്റില്‍ മത്സരത്തിനിറങ്ങിയ സിദ്ദു, തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കണമെന്ന് സമ്മര്‍ദം ചെലുത്തിയെങ്കിലും ഫലംകണ്ടില്ല.
പതിവുതെറ്റിച്ച് ഹൈക്കമാന്‍ഡ് നേരിട്ടെത്തിയാണ് ഛന്നിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. രണ്ടു മണ്ഡലങ്ങളില്‍ ഛന്നി ജനവിധി തേടിയതും ശ്രദ്ധേയമായി. ഹൈക്കമാന്‍ഡ് തീരുമാനം സിദ്ദു അംഗീകരിച്ചതോടെ പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്നു കരുതിയെങ്കിലും ഛന്നിക്കെതിരെ സിദ്ദു നിരന്തരം ആരോപണങ്ങള്‍ ഉയര്‍ത്തി. സിദ്ദുവിനെതിരെ അമൃത്‌സര്‍ എംപി ഗുര്‍ജീത് ഔജ്‌ല പരസ്യപ്രസ്താവനയുമായി രംഗത്തെത്തി. അമൃത്‌സറിലെ പ്രാദേശിക നേതൃത്വത്തോടു നിസ്സംഗതയോടെ സിദ്ദു പെരുമാറിയെന്നായിരുന്നു ആരോപണം.
ഇതിനിടെ, മുന്‍ പിസിസി അധ്യക്ഷന്‍ സുനില്‍ ഝക്കറും രാഷ്ട്രീയപ്പോരിന്റെ ഭാഗമായി. ഛന്നിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതില്‍ വിയോജിപ്പ് രേഖപ്പെടുത്തിയ അദ്ദേഹം തിരഞ്ഞെടുപ്പിനുശേഷം സജീവ രാഷ്ട്രീയം വിടുകയാണെന്ന് പ്രഖ്യാപിച്ചു. അമരിന്ദര്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച് ബിജെപിക്കൊപ്പം സഖ്യമുണ്ടാക്കിയതും കോണ്‍ഗ്രസിന് തിരിച്ചടിയായി. ജാട്ട് സിഖ് വോട്ടുകളിലെ കുറവ് കോണ്‍ഗ്രസില്‍ ക്യാപ്റ്റന്റെ പ്രാധാന്യം എത്രത്തോളമായിരുന്നുവെന്ന് വെളിപ്പെടുത്തുന്നതാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞാലും പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ അവസാനിക്കില്ലെന്ന സിദ്ദുവിന്റെ പ്രസ്താവനയും ജനങ്ങളെ ഭരണമാറ്റത്തിലേക്ക് പ്രേരിപ്പിച്ചു.

Related Articles

Back to top button