KERALALATEST

കുഞ്ഞിന്റെ പേരിടലിനെ ചൊല്ലി തര്‍ക്കം; വീഡിയോ പ്രചരിച്ചതിന് എതിരെ ബാലവകാശ കമ്മീഷനെ സമീപിച്ച് പിതാവ്

കൊല്ലം: കുഞ്ഞിന്റെ പേരിടലിനെ ചൊല്ലി വീടിനകത്തുവെച്ചുണ്ടായ തര്‍ക്കം പുറംലോകത്ത് ചര്‍ച്ചയായതിന് എതിരെ കുഞ്ഞിന്റെ പിതാവിന്റെ പരാതി. സംഭവത്തില്‍ ബാലാവകാശ കമ്മീഷന് ഇദ്ദേഹം പരാതി നല്‍കി. 40 ദിവസം പ്രായമായ കുഞ്ഞിന്റെ സ്വകാര്യത മാനിക്കാതെ വീഡിയോ വൈറലാക്കിയതിനെതിരെയാണ് പിതാവ് ബാലാവകാശ കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്.
കുടുബത്തിനുള്ളില്‍ ഒതുക്കേണ്ട പ്രശ്‌നം സോഷ്യല്‍മീഡിയയില്‍ വൈറലായതില്‍ വിഷമമുണ്ട്. ഇത് ചെയ്തത് ആരാണെന്ന് അറിയാന്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കാന്‍ ആലോചിക്കുന്നുണ്ടെന്നും കുഞ്ഞിന്റെ പിതാവ് പറഞ്ഞു.
താനും ഭാര്യയും തമ്മില്‍ എല്ലാ കുടുംബങ്ങളിലും ഉള്ളതുപോലെ ചെറിയ അഭിപ്രായ വ്യത്യാസങ്ങളും വഴക്കുകളും മാത്രമേയുള്ളൂ. അതല്ലാതെ വലിയ പ്രശ്‌നങ്ങളില്ല. എന്നാല്‍ വീഡിയോ വൈറലാക്കിയെന്ന് പറഞ്ഞ് ഭാര്യ വീട്ടുകാര്‍ ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലം പുനലൂരിലാണ് കുഞ്ഞിന്റെ പേരിടലിനെ തുടര്‍ന്ന് ഇരുകുടുംബങ്ങളും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയും ചെയ്തത്. പിതാവ് കുഞ്ഞിനെ വിളിച്ച പേര് അമ്മയ്ക്ക് ഇഷ്ടമാവാത്തതോടെ കുഞ്ഞിനെ അമ്മ മറ്റൊരു പേര് വിളിക്കുകയായിരുന്നു. ഇതാണ് തര്‍ക്കത്തിലേക്ക് നയിച്ചത്.

Related Articles

Back to top button