BREAKING NEWSKERALALATEST

ജനവിധിയാണ് വലുതെന്നതാണ് തൃക്കാക്കര നൽകുന്ന പാഠം; ജനങ്ങളെ വിശ്വാസത്തിലെടുത്തുള്ള വികസന നയം

ജനവിധിയാണ് വലുത് എന്നതാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ഇടതു തോൽവി നൽകുന്ന പാഠമെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം. തൃക്കാക്കര ജനവിധി ഇടത് മുന്നണി ഒരുമിച്ചും പാർട്ടികൾ വെവ്വേറെയും വിശകലനം ചെയ്യുമെന്നും ബിനോയ് വിശ്വം പറഞ്ഞു. ജനങ്ങളെ വിശ്വാസത്തിലെടുത്തുള്ള വികസന നയം വേണം നടപ്പാക്കാനെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തൃക്കാക്കരയിലെ ജനവിധി കെ റെയിലിന് എതിരായ വിധി കൂടിയാണെന്ന് പരക്കെ അഭിപ്രായമുയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ജനങ്ങളെ വിശ്വാസത്തിലെടുത്തുള്ള വികസന നയം വേണം എന്ന പ്രസ്താവന ബിനോയ് വിശ്വത്തിൻറെ ഭാഗത്തുനിന്നുണ്ടായത് എന്നതും ശ്രദ്ധേയമാണ്.

അതേസമയം തൃക്കാക്കരയിലെ സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ചയില്ലെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. പാർട്ടി സ്ഥാനാർത്ഥിയെയാണ് മണ്ഡലത്തിൽ അവതരിപ്പിച്ചതെന്നും അതിൽ പോരായ്മയുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വലത് പക്ഷ സ്വാധീനം കൂടുതലുള്ള മണ്ഡലമാണ് തൃക്കാക്കര.മികച്ച ഭൂരിപക്ഷത്തിൽ യുഡിഎഫ് വിജയിച്ച് വന്ന മണ്ഡലത്തിൽ സാധ്യമാകുന്ന രീതിയിൽ മുന്നേറാൻ ഇടത് മുന്നണി ശ്രമിച്ചു. എന്നാൽ ഇടത് വിരുദ്ധ വോട്ടുകൾ ഏകീകരിച്ചതും പിടി തോമസ് സഹതാപഘടകവും പ്രവർത്തിച്ചത് തിരിച്ചടിയായി. എതിരാളികൾ ഇടത് മുന്നണിക്കെതിരെ ഒരുമിച്ചു. കണക്കുകൾ നോക്കുമ്പോൾ തൃക്കാക്കരയിൽ കഴിഞ്ഞ തവണത്തേക്കാൾ വോട്ടും വോട്ട് ശതമാനവും കൂടി.

കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പുകളിലും പഞ്ചായത്തു തെരഞ്ഞെടുപ്പുകളിലും എറണാകുളം ജില്ല ഇടത് മുന്നണിക്ക് അനുകൂലമായിരുന്നില്ല. അതിന്റെ കാരണം പഠിക്കും. തോൽവിക്ക് കാരണമായ കാര്യങ്ങൾ വിലയിരുത്തി മാറ്റങ്ങൾ വരുത്തി ജില്ലയിലും മണ്ഡലത്തിലും മുന്നേറാൻ ശ്രമിക്കുമെന്നും രാജീവ് വിശദീകരിച്ചു.

Related Articles

Back to top button