KERALALATEST

ഷവര്‍മ കടകളില്‍ നിരന്തരം പരിശോധന വേണമെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് ഷവര്‍മ വില്‍ക്കുന്ന കടകളില്‍ നിരന്തരമായ പരിശോധനകള്‍ ആവശ്യമെന്ന് ഹൈക്കോടതി. ഇതിന് കൃത്യമായ മേല്‍നോട്ടം വേണമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. കാസര്‍കോട് ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച കുട്ടി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കോടതിയുടെ നിര്‍ദേശം. പെണ്‍കുട്ടിയുടെ മരണത്തിന് ശേഷം സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഹൈക്കോടതിയെ പത്ത് ദിവസത്തിനകം അറിയിക്കണം. ഇക്കാര്യത്തില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി നിര്‍ദേശം നല്‍കി. കാസര്‍കോട് സംഭവത്തെ തുടര്‍ന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് മണികുമാര്‍ അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്.
കഴിഞ്ഞ മാസമാണ് ചെറുവത്തൂര്‍ ബസ് സ്റ്റാന്‍ഡിലെ ഐഡിയല്‍ ഫുഡ് കോര്‍ണറില്‍ നിന്ന് ഷവര്‍മ കഴിച്ച ദേവനന്ദ മരിച്ചത്. ഷവര്‍മയിലടങ്ങിയ ഷിഗെല്ലയാണ് മരണകാരണമായതെന്ന് പിന്നീട് സ്ഥിരീകരിച്ചിരുന്നു. ഇതിനുപിന്നാലെ ഷവര്‍മ മേക്കറെയും സഹായിയെയും അറസ്റ്റ് ചെയ്തു. സംസ്ഥാന വ്യാപകമായി പരിശോധനകളുമായി ഭക്ഷ്യസുരക്ഷാ വകുപ്പും രംഗത്തെത്തി. വിവിധ പ്രദേശങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ഷവര്‍മ കടകളില്‍ പലതും ലൈസന്‍സില്ലാതെയോ സുരക്ഷിതമല്ലാതെയോ ആണ് പ്രവര്‍ത്തിക്കുന്നതെന്നും കണ്ടെത്തി. ഈ പരിശോധനകളില്‍ തുടര്‍ച്ച വേണമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചത്.
വിദ്യാര്‍ത്ഥിനിയുടെ മരണത്തിന് ശേഷം സംസ്ഥാനമാകെ പരിശോധനകള്‍ നടത്തിയതായും 115 കിലോ പഴകിയ മാംസം പിടിച്ചെടുത്തതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഈ പരിശോധനകള്‍ നേരത്തെ നടത്തിയിരുന്നെങ്കില്‍ ദേവവന്ദയുടെ ജീവന്‍ രക്ഷിക്കാമായിരുന്നല്ലോ എന്ന് ചോദിച്ച കോടതി സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്തു.

Related Articles

Back to top button