BREAKING NEWSNATIONAL

ഡല്‍ഹിയില്‍ ഇന്നും സംഘര്‍ഷം; ബാരിക്കേഡുകള്‍ തകര്‍ത്ത് പ്രവര്‍ത്തകര്‍, രാഹുലിന്റെ ഉത്തരം വ്യക്തമല്ലെന്ന് ഇ.ഡി

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നത് തുടരുന്നു. ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും എഐസിസിസി ആസ്ഥാനത്ത് നടത്തുന്ന പ്രതിഷേധം സംഘര്‍ഷത്തിലേക്ക് വഴിമാറി. ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നോട്ടുനീങ്ങിയ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് മാറ്റി. കേന്ദ്രം അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു എന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് പ്രതിഷേധിക്കുന്നത്.
ബാരിക്കേഡുകള്‍ തകര്‍ത്ത് നീങ്ങിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് വലിച്ചിഴച്ച് അറസ്റ്റ് ചെയ്തു നീക്കി. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ബി.വി. ശ്രീനിവാന്റെ നേതൃത്വത്തിലുള്ള ഒരു സംഘം പ്രവര്‍ത്തകര്‍ ഇ.ഡി ഓഫീസിനു മുന്നിലുള്ള ബാരിക്കേഡ് തകര്‍ത്ത് മുന്നോട്ട് നീങ്ങിയതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. തുടര്‍ന്ന് ബി.വി. ശ്രീനിവാസനെപോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇ.ഡി ഓഫീസിലേക്കുള്ള മാര്‍ച്ച് തടഞ്ഞ് വനിതാ നേതാക്കളെ അടക്കം പോലീസ് കസ്റ്റഡിയില്‍ എടുത്തു.
തന്റെ നെഞ്ചില്‍ ചവിട്ടി, പോലീസ് വലിച്ചു കൊണ്ടുപോയെന്ന് കേരളത്തില്‍ നിന്നുള്ള രാജ്യസഭാ എംപി ജെബി മേത്തര്‍ ആരോപിച്ചു. കെ.സി വേണുഗോപാലും മറ്റു നേതാക്കളും റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. അക്ബര്‍ റോഡും പരിസരവും കനത്ത പോലീസ് സുരക്ഷയിലാണ്.
അതേസമയം, രാഹുല്‍ ഗാന്ധി മൂന്നാം ദിവസവും ചോദ്യംചെയ്യലിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുമ്പില്‍ ഹാജരായി. രാഹുല്‍ ഗാന്ധി നല്‍കുന്ന പല ഉത്തരങ്ങളും തൃപ്തികരമല്ലെന്നാണ് ഇ.ഡി പറയുന്നത്. ലാഭമല്ല ചാരിറ്റിയാണ് ലക്ഷ്യമെന്ന വാദം അന്വേഷണസംഘം അംഗീകരിച്ചിട്ടില്ല.

Related Articles

Back to top button