BREAKING NEWSLATESTNATIONAL

അവിവാഹിതനായ മൃഗഡോക്ടറെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ചു വിവാഹം കഴിപ്പിച്ചതായി പരാതി, ഇത് ‘പകടുവ വിവാഹം’

പാട്‌ന: ബീഹാറില്‍ വീണ്ടും തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചെന്ന് ആരോപണം. അവിവാഹിതരായ യുവാക്കളെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിക്കുന്നത് ബിഹാറില്‍ നേരത്തെയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബിഹാറിന് പുറമേ ജാര്‍ഖണ്ഡിലും ഉത്തര്‍ പ്രദേശിലും സമാന സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ഉയര്‍ന്ന ജോലിയുള്ള ഉന്നത കുടുംബത്തിലെ ആളുകളെ യാണ് ഇത്തരത്തില്‍ തട്ടിക്കൊണ്ടുപോകുന്നത്. പിന്നീട് ഭീഷണിപ്പെടുത്തി തോക്കിന്‍ മുനയില്‍ നിര്‍ത്തിയാണ് വിവാഹം കഴിപ്പിക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ബിഹാറില്‍ ഒരു എന്‍ജിനീയറെ ഇത്തരത്തില്‍ തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിച്ചത് ദേശീയതലത്തില്‍ വലിയ വാര്‍ത്തയായിരുന്നു. 29കാരനായ വിനോദ് കുമാറിനെയാണ് അന്ന് തട്ടിക്കൊണ്ടുപോയത്. വരന്റെ വേഷമണിഞ്ഞ് തന്നെ രക്ഷിക്കണമെന്ന് കരഞ്ഞ് അപേക്ഷിക്കുന്ന അദ്ദേഹത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈരലായിരുന്നു. പകടുവ വിവാഹം (pakadua vivah) എന്നറിയപ്പെടുന്ന ഈ ആചാരത്തിന് ഇത്തവണ ഇരയായത് ഒരു മൃഗ ഡോക്ടറാണ്.
കന്നുകാലികള്‍ക്ക് ചികിത്സ ആവശ്യമുണ്ടെന്ന് പറഞ്ഞ് വധുവിന്റെ കുടുംബം നയത്തില്‍ ഡോക്ടറെ കൂട്ടിക്കൊണ്ട് വരികയായിരുന്നു. എന്നാല്‍, സ്ഥലത്ത് എത്തിയതും, ഡോക്ടറെ അവര്‍ ബലം പ്രയോഗിച്ച് വിവാഹം കഴിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ട്. പരാതിയുമായി ഡോക്ടറുടെ കുടുംബം രംഗത്ത് എത്തി. തെഗ്ര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പിധൗലി ഗ്രാമത്തിലാണ് സംഭവം നടന്നത്.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ക്കെതിരെ ഡോക്ടറുടെ പിതാവ് സുബോധ് കുമാര്‍ ഝാ പൊലീസില്‍ പരാതി നല്‍കി. മൃഗഡോക്ടറായ തന്റെ മകന്‍ സത്യം കുമാറിനെ ഹസന്‍പൂര്‍ ഗ്രാമവാസിയായ വിജയ് സിംഗ് വിളിച്ച് കൊണ്ട് പോയെന്നും മകനെ നിര്‍ബന്ധിച്ച് ഒരു സ്ത്രീയുമായി വിവാഹം കഴിപ്പിച്ചുവെന്നുമാണ് പരാതി. സത്യയെ ബലമായി പിടിച്ച് കൊണ്ട് പോയി വിവാഹം കഴിപ്പിച്ചതാണോ അതോ തന്റെ ഇഷ്ടപ്രകാരം വിവാഹം കഴിച്ചതാണോ എന്നത് ഇപ്പോഴും വ്യക്തമല്ല. പരാതി ലഭിച്ചിട്ടുണ്ടെന്നും പ്രതികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ബെഗുസരായി എസ്.പി. യോഗേന്ദ്രകുമാര്‍ പറഞ്ഞു.

Related Articles

Back to top button