WEB MAGAZINE

ഗംഗുബായിയും , പുഴുവും , പൊന്നിയും

 

വീണാദേവി മീനാക്ഷി

മൂന്നു സിനിമകൾ . മൂന്ന് ഭാഷകളിൽ . റിലീസ് ചെയ്തിട്ട് കുറച്ചു നാളുകളായി എങ്കിലും സിനിമ കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ കൊണ്ട് ഈ മൂന്നും ചേർത്തുവെച്ചു ചർച്ച ചെയ്യേണ്ടതുണ്ട് എന്ന് കരുതുന്നു . ജീവിതത്തിൽ വ്യത്യസ്തരീതിയിൽ പീഡകൾ അനുഭവിക്കുന്ന മനുഷ്യരുടെ ശക്തമായ കാഴ്ചകൾ ആണീ സിനിമകൾ . ഇതിന്റെ സംവിധാന മികവിൽ ഉപരി പ്രമേയമാണ് ചിന്തിക്കപ്പെടേണ്ടത് .

ഗംഗുബായി കത്തിയവാദി പൂർണമായും ഒരു ബയോപിക് ആണ് . അറുപതുകളിൽ മുംബൈയിലെ ചുവന്ന തെരുവിൽ ജീവിച്ചിരുന്ന ഗംഗുബായി കൊത് വാലി എന്ന വ്യഭിചാരം തൊഴിലാക്കിയ സ്ത്രീയുടെ കഥ . സിനിമയിൽ അഭിനയിക്കാൻ കൊതിച്ചു തന്റെ സമ്പന്ന ഗുജറാത്തി കുടുംബത്തിൽ നിന്നും ഒരു ചെറുപ്പക്കാരന്റെ കൂടെ ഒളിച്ചോടിയ ഗംഗയെ കാമാത്തിപുരയിൽ കാമുകൻ വിൽക്കുന്നു . ഗംഗ ഗംഗുബായി ആയി വളർന്നു മുംബയിലെ അധോലോക രാജ്ഞി എന്നറിയപ്പെട്ടു . തന്റെ ജീവിതം ലൈംഗിക തൊഴിലാളികളുടെ ക്ഷേമത്തിനും അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും വേണ്ടി അവർ ഉഴിഞ്ഞു വെച്ചു . ചുവന്ന തെരുവ് വാസികളെ ഒഴിപ്പിക്കാൻ സർക്കാർ നീക്കമുണ്ടായപ്പോൾ അന്നത്തെ പ്രധാനമന്ത്രി നെഹ്‌റുവിനെ പോയി കാണുകയും അനുകൂലമായ ഉത്തരവ് നേടുകയും ചെയ്തു . ഇതാണ് അവരുടെ ജീവിതകഥയുടെ ചുരുക്കം . ആലിയ ഭട്ടിന്റെ എക്കാലത്തെയും മികച്ച കഥാപാത്രമാണ് ഗംഗുബായി . സഞ്ജയ് ലീല ബൻസാലിയുടെ മികച്ച മേക്കിങ് കൂടിയായപ്പോൾ ഈ ചലച്ചിത്രം കണ്ടിരിക്കേണ്ട ചിത്രങ്ങളിൽ ഒന്നായി മാറി. സൗന്ദര്യത്തികവുള്ള ഫ്രെയിമുകൾ , കളറിംഗ് , സ്ക്രിപ്റ്റ് ഇവയൊക്കെ ഈ സിനിമയെ ആ കാലഘട്ടത്തിന്റെ അന്തരീക്ഷത്തിലേക്ക് പ്രേക്ഷകനെ കൊണ്ടുപോകുന്നു . ഒരിക്കലും ഒരു പെൺകുട്ടി വേശ്യാവൃത്തിയിൽ എത്തിപ്പെടാതെ സംരക്ഷിക്കപ്പെടേണ്ടതുണ്ട് . എന്നാൽ ആ ചതിക്കുഴിയിൽ വീണവരോ ? അവർ സമൂഹത്തിൽ പുഴുക്കളെപ്പോലെ ജീവിക്കേണ്ടവരല്ല . അവർക്കും ഭയക്കാതെ സുരക്ഷിതമായി ജീവിക്കാൻ അവകാശമുണ്ട് . മാന്യവനിതകളുടെ മാനം കാക്കാൻ അരക്കച്ച അഴിക്കുന്നവരാണ് തങ്ങൾ എന്ന് ഗംഗുബായി പ്രസംഗിക്കുന്ന രംഗം സിനിമയിലുണ്ട് . സ്വന്തം താല്പര്യപ്രകാരം വേശ്യാവൃത്തിയിൽ ഏർപ്പെടുന്നത് നിയമവിധേയമാണ് എന്ന് രണ്ട് ആഴ്ചകൾക്കു മുൻപ് ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ മൂന്നംഗബെഞ്ച് വിധി പ്രഖ്യാപിച്ചതും ഈ സിനിമയുടെ ബാക്കിപത്രമായി ഓർമിക്കണം . ഈ സിനിമ കാണുക . ഏതു കഥയാണെങ്കിലും അതിന്റെ അന്തർധാരയായി ഒരു അവിഹിതം പ്രമേയമാക്കുന്ന ഭൂരിപക്ഷ മലയാളം സിനിമകളിൽ നിന്നും ഒരു പുതുമയാവട്ടെ !

 

പുഴു 

രത്തിന എന്ന പുതുമുഖ സംവിധായികയുടെ ഒന്നാംതരം തുടക്കം ആണ് ‘ പുഴു ‘ എന്ന സിനിമ .

സിനിമ ഇറങ്ങുന്നതിനു മുൻപുള്ള ടീസർ കണ്ടവർക്ക് മമ്മൂട്ടി അവതരിപ്പിച്ച ആന്റിഹീറോ കുട്ടികളെ പീഡിപ്പിക്കുന്ന ഒരാൾ ആയിരിക്കുമോ എന്ന സംശയം ആയിരുന്നു എനിക്കുണ്ടായിരുന്നത് . എന്നാൽ സിനിമ തികച്ചും വേറിട്ടതായിരുന്നു . സ്വഭാവത്തിൽ ഇഴചേർന്നിരിക്കുന്ന വർണ്ണവെറിയും , കുട്ടികളെ അത്യധികം മാനസിക സമ്മർദ്ദത്തിൽ ആക്കുന്ന ചിട്ടവട്ടങ്ങളുടെ പേരിലുള്ള പീഡനവും മറ്റും മമ്മൂട്ടി എന്ന അതുല്യ കലാകാരന്റെ കയ്യിൽ ഭദ്രമായിരുന്നു . മമ്മൂട്ടിയും അപ്പുണ്ണി ശശിയും അവതരിപ്പിച്ച കഥാപാത്രങ്ങളാണ് സിനിമയുടെ ഗതി കയ്യടക്കിയിരിക്കുന്നത് . അവരിലൂടെ നമ്മൂടെ സമൂഹത്തിൽ എല്ലാക്കാലത്തും ഒളിഞ്ഞിരിക്കുന്ന ജാതിചിന്തകൾ ഉറക്കെ പ്രഖ്യാപിക്കുന്നുണ്ട് . ബന്ധങ്ങളെ നിയന്ത്രിക്കുന്നത് അത് തന്നെയാണ് .ആദ്യം ജാതി എന്ന തിരിവ് , അടുത്ത പടി മതം എന്ന തിരിവ് , നിറം , വംശഗുണം എന്നുള്ള തിരിവുകൾ , ഉള്ളവൻ, ഇല്ലാത്തവൻ .. അങ്ങനെ അങ്ങനെ എണ്ണമറ്റ പിരിവുകളിൽ ഉരഗങ്ങളെപ്പോലെ ചുറ്റിപ്പിണഞ്ഞു മനുഷ്യനിൽ വെറുപ്പ് , പ്രതികാരം എന്നീ വിഷം വമിപ്പിച്ചുകൊണ്ടു തലമുറകൾ പിന്നിട്ടും അവയെല്ലാം തക്കം പാർത്തു പതിഞ്ഞു കിടക്കുന്നു . അതാണ് പുഴു എന്ന സിനിമയുടെ ഉള്ളടക്കം . സിനിമയ്ക്ക് നല്ല ഫോട്ടോഗ്രാഫിയുടെ കുറവുണ്ട് . മറ്റൊന്ന് സിനിമയുടെ ക്ലൈമാക്സിലേക്ക് അടുപ്പിക്കുന്ന സംഭവങ്ങൾക്ക് കുറച്ചുകൂടി കരുത്തും വിശ്വാസ്യതയും വേണമായിരുന്നു എന്ന തോന്നൽ . എങ്കിൽ പോലും അത് നവസംവിധായിക എന്നത് കൊണ്ട് നമുക്ക് കണ്ടില്ല എന്ന് നടിക്കാം . ഈ സിനിമയുമായി ബന്ധപ്പെട്ടു ഫിലിമിബീറ്റ് എന്നൊരു ന്യൂസ് ഫീഡ് നോക്കിയപ്പോൾ അപ്പുണ്ണി ശശിയുടെ ഫോട്ടോവോ പേരോ കാസ്റ്റ് ആൻഡ് ക്രൂ വിൽ കണ്ടില്ല ! യാദൃശ്ചികം ആയിരിക്കും അല്ലെ ?

സാനി കായിതം ( മണ്ണ് പിടിച്ച കടലാസ് ) എന്ന പൊന്നിയുടെ കഥ 

ഈ സിനിമയും അരുൺ മാതേശ്വരൻ എന്ന പുതുമുഖ സംവിധായകന്റെ സൃഷ്ടിയാണ് . കീർത്തി സുരേഷും , ധനുഷിന്റെ ജ്യേഷ്ഠൻ , ഡയറക്ടർ സെൽവരാഘവനും മുഖ്യ കഥാപാത്രങ്ങളായ , അടിമുടി വയലൻസും ചോരയും ചിതറിയ ചലച്ചിത്രം . ഈ സിനിമയിലും സംഭവങ്ങളുടെ തുടക്കം മേൽജാതി കീഴ്ജാതിയോടു കാണിക്കുന്ന മൃഗീയമായ ക്രൂരതയിൽ നിന്നാണ് . പെൺശരീരത്തിനു മേൽജാതിയമ്മ കീഴ്ജാതിയുമില്ല , മതങ്ങളുമില്ല . എല്ലാ പകവീട്ടലുകൾക്കും പറ്റിയ ഭൂമികയായി അവളുടെ ശരീരം . ഇവിടെ കീർത്തി അവതരിപ്പിക്കുന്ന പൊന്നിയുടെയും അവസ്ഥ അതുതന്നെ വൃദ്ധൻ മുതൽ കൗമാരക്കാരൻ വരെ കടിച്ചുകീറിയ പൊന്നി ജീവൻ ചോരാതെ മടങ്ങിവരുന്നത് പ്രതികാരം ചെയ്യുവാനാണ് . സമ്പൂർണ്ണ വയലൻസ് താങ്ങുന്നവർ മാത്രം ഈ സിനിമ കാണുക . കീർത്തിയുടെ പൊന്നി നന്നായിട്ടുണ്ട് . മേക്കപ്പ് കുറച്ചു കൂടി ശ്രദ്ധിക്കാമായിരുന്നു എന്ന് തോന്നി . പലപ്പോഴും സിനിമ ” ഐ സ്പിറ്റ് ഓൺ യുവർ ഗ്രേവ്‌ ” എന്ന ഹോളിവുഡ് ചിത്രം ഓർമ്മിപ്പിച്ചു .

Related Articles

Back to top button