BREAKING NEWSKERALALATEST

സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം; ചോദ്യോത്തര വേളയിൽ ബഹളം, സഭ പിരിഞ്ഞു

ഭരണഘടനയെ അപമാനിച്ച മന്ത്രി സജി ചെറിയാൻ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ കനത്ത പ്രതിഷേധമുയർത്തി പ്രതിപക്ഷം. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യം വിളികൾ മുഴക്കി. പ്ലക്കാർഡുകൾ ഉയർത്തിയതോടെ അനുവദിക്കില്ലെന്ന് സ്പീക്കർ എം.ബി.രാജേഷ് വ്യക്തമാക്കി. ഭരണപക്ഷത്തെ മന്ത്രിമാരുൾപ്പെടെ എഴുന്നേറ്റുനിന്ന് ബഹളം വച്ചു. തുടർന്ന് ചോദ്യോത്തരവേളയും ശൂന്യവേളയും റദ്ദാക്കി സഭ പിരിഞ്ഞു. പ്രതിപക്ഷ പ്രതിഷേധം സഭ ടിവിയിൽ സംപ്രേഷണം ചെയ്തില്ല.

ചോദ്യോത്തര വേള തുടങ്ങി മിനിറ്റുകൾക്കകമാണ് നിയമസഭ പിരിഞ്ഞത്. സഭ തുടങ്ങിയ ഉടൻ ചോദ്യോത്തരവേള നിർത്തിവച്ച് അടിയന്തര പ്രമേയം ചർച്ച ചെയ്യണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചു. കീഴ്വഴക്കം അതല്ലല്ലോ എന്ന് സ്പീക്കർ മറുപടി നൽകിയെങ്കിലും പ്രതിപക്ഷം ബഹളം തുടങ്ങുകയായിരുന്നു. മുദ്രാവാക്യം വിളികൾക്കിടെ സ്പീക്കർ ചോദ്യം ഉന്നയിക്കാൻ പ്രതിപക്ഷ എംഎൽഎമാരോട് ആവശ്യപ്പെട്ടെങ്കിലും അവർ വഴങ്ങിയില്ല. ഇതിനിടെയാണ് അപ്രതീക്ഷിതമായി നിയമസഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്പീക്കർ പ്രഖ്യാപിച്ചത്.

അതേസമയം അസാധാരണ നടപടിയിലൂടെ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞതിൽ സ്പീക്കറെ നേരിൽക്കണ്ട് പ്രതിഷേധം അറിയിക്കാൻ പ്രതിപക്ഷം. ചോദ്യോത്തരവേള പോലും പൂർത്തിയാക്കാതെയാണ് സഭ ഇന്നത്തേക്ക് പിരിഞ്ഞത്. പുറത്തിറങ്ങിയ പ്രതിപക്ഷ നേതാക്കൾ സ്പീക്കറുടെ നടപടിയെ ജനാധിപത്യ വിരുദ്ധം എന്ന് വിശേഷിപ്പിച്ചിരുന്നു. നിയമസഭയ്ക്കകത്ത് വിഷയം ഉന്നയിക്കാൻ പോലും സ്പീക്കറുടെ നടപടി മൂലം പ്രതിപക്ഷത്തിന് കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് സ്പീക്കറെ നേരിൽക്കണ്ട് പ്രതിഷേധം അറിയിക്കാനുള്ള പ്രതിപക്ഷ നീക്കം.

 

Related Articles

Back to top button