BREAKING NEWSWORLD

ജപ്പാനെ കൈപിടിച്ചുയര്‍ത്തിയ ദേശീയവാദിയായ ഷിന്‍സോ

ഏറ്റവും കൂടുതല്‍ കാലം ജപ്പാന്‍ പ്രധാനമന്ത്രി, വലതുപക്ഷ ജാപ്പനീസ് ദേശീയവാദിയെന്ന വിശേഷണം, കടുത്ത യാഥാസ്ഥിതികന്‍, ലോകം മുഴുവന്‍ സാമ്പത്തിക പ്രതിസന്ധയില്‍ ഞെരുങ്ങുമ്പോള്‍ ജപ്പാനെ കരകയറ്റിയ അബെനോമിക്‌സ് എന്ന സാമ്പത്തികനയത്തിന്റെ ഉപജ്ഞാതാവ്… ഷിന്‍സോ ആബെയെന്ന രാഷ്ട്രീയനേതാവിന് വിശേഷണങ്ങള്‍ ഇനിയുമുണ്ട്. ആബെയുടെ കുടുംബത്തിലെ ആദ്യ പ്രധാനമന്ത്രിയായിരുന്നില്ല ഷിന്‍സോ ആബെ. മുത്തച്ഛന്‍ കിഷി നൊബുസുകെയും അമ്മാവന്‍ സാറ്റോ ഐസാകുവും ഇതേ പദമലങ്കരിച്ചവരാണ്. അച്ഛന്‍ ഷിന്‍ഡാരോ ആബെ വിദേശകാര്യ മന്ത്രിയുമായിരുന്നു. പക്ഷേ ഇവര്‍ക്കൊന്നും അവകാശപ്പെടാനില്ലാത്തത്ര ജനകീയതയായിരുന്നു ആബെയെ ആ കുടുംബത്തില്‍ വേറിട്ട് നിര്‍ത്തിയത്.
1954 സെപ്റ്റംബര്‍ 21ന് ഷിന്‍ഡാരോ ആബെയുടേയും യൂകോ ആബെയുടെയും മകനായി ടോക്കിയോയിലാണ് ഷിന്‍സോ ആബേയുടെ ജനനം. ടോക്കിയോയിലെ സെയ്‌കെ സര്‍വകലാശാലയിലും ലോസ് ആഞ്ജലിസിലെ സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലുമായി ബിരുദ പഠനം. 1979ല്‍ കോബെ സ്റ്റീല്‍ ലിമിറ്റഡില്‍ ജോലിക്ക് ചേര്‍ന്ന ആബേ പിന്നീട് ലിബറല്‍ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ (LDP) സജീവ പ്രവര്‍ത്തകനായി. 1982ല്‍ ജപ്പാന്റെ വിദേശകാര്യ മന്ത്രിയായിരുന്ന പിതാവ് ആബെ ഷിന്‍ഡാരോയുടെ സെക്രട്ടറിയായി.
1993ലാണ് ജപ്പാന്‍ പാര്‍ലമെന്റായ ഡയറ്റിന്റെ അധോസഭയിലേക്ക് ഷിന്‍സോ ആബെ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് സര്‍ക്കാര്‍ പദവികളുടെ ഒരു പരമ്പര തന്നെയാണ് ഷിന്‍സോ ആബെയെ തേടിയെത്തിയത്. ഉത്തര കൊറിയയോടുള്ള തന്റെ കടുത്ത നിലപാട് ജപ്പാന്‍ പൗരര്‍ക്കിടയില്‍ ആബെയെ സ്വീകാര്യനാക്കി. 1970കളിലും 80കളിലും 13 ജപ്പാന്‍കാരെ തങ്ങള്‍ തട്ടിക്കൊണ്ടുപോയിരുന്നു എന്ന ഉത്തരകൊറിയയുടെ വെളിപ്പെടുത്തലായിരുന്നു ഷിന്‍സോ ആബെയുടെ ചൊടിപ്പിച്ചത്. ഇതേതുടര്‍ന്നുള്ള ചര്‍ച്ചകള്‍ക്ക് മേല്‍നോട്ടം വഹിച്ചതും ആബെയായിരുന്നു. പിന്നീട് 2003ല്‍ അദ്ദേഹം എല്‍ഡിപിയുടെ സെക്രട്ടറി ജനറലായി.
2006ല്‍ പ്രധാനമന്ത്രിയായിരുന്ന കൊയ്‌സുമി ജുനിചിറോ രാജിവെച്ചതോടെയാണ് ഷിന്‍സോ ആബെയ്ക്ക് പ്രധാനമന്ത്രി പദത്തിലേക്കുള്ള വഴിതെളിഞ്ഞത്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ജനിച്ച രാജ്യത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രിയും ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയുമായി അങ്ങനെ ആബെ മാറി. 2006ന് ശേഷം ഒരു വര്‍ഷവും 2012 മുതല്‍ 2020 വരേയും അദ്ദേഹം പ്രധാനമന്ത്രി പദത്തിലിരുന്നു. ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി 2020 ഓഗസ്റ്റില്‍ ഷിന്‍സോ ആബെ രാജിവെച്ചു.
2008ലെ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് ജപ്പാനെ കരകയറ്റാന്‍ ഷിന്‍സോ ആബെ ആവിഷ്‌കരിച്ച സാമ്പത്തികസാമൂഹിക നയങ്ങള്‍ ‘അബെനോമിക്‌സ്’ എന്ന പേരില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. സാമ്പത്തിക ഉത്തേജനം, പണ ലഘൂകരണം, രാജ്യത്തെ ഘടനാപരമായ പരിഷ്‌കാരങ്ങള്‍, സൈനിക ശക്തി വര്‍ധിപ്പിക്കല്‍ തുടങ്ങി ഷിന്‍സോ ആബെയുടെ ഭരണമികവ് അന്താരാഷ്ട്രതലത്തില്‍ തന്നെ ഏറെ ചര്‍ച്ചയായി. ആബെയുടെ രണ്ടാമൂഴത്തിലേക്ക് വഴിതെളിച്ചതും ഇതേ സാമ്പത്തികനയമാണ്.
രണ്ടാം ലോകമഹായുദ്ധാനന്തരം ജപ്പാന്‍ സൈന്യത്തിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍9 പരിഷ്‌കരിക്കുമെന്ന ആബെയുടെ പ്രഖ്യാപനം ഏവരേയും ഞെട്ടിച്ചു. ‘the Japanese people forever renounce war as a sovereign right of the nation’ എന്ന വ്യവസ്ഥ ആണ് ആബെ ഭേദഗതി ചെയ്യുമെന്ന് പ്രസ്താവിച്ചത്. പ്രതിരോധാവശ്യത്തിനുമാത്രമുള്ള സൈന്യം മതിയെന്നായിരുന്നു അമേരിക്ക ഇടപെട്ട് നിര്‍മ്മിച്ച ആര്‍ട്ടിക്കിളിലെ വ്യവസ്ഥ. ആക്രമണത്തിനിരയാകുന്ന സാഹചര്യത്തില്‍ പ്രത്യാക്രമണത്തിനുള്ള അധികാരം മാത്രമായിരുന്നു ഇതുപ്രകാരം സൈന്യത്തിനുണ്ടായിരുന്നത്. എന്നാല്‍ എതിര്‍പ്പുകള്‍ക്കൊടുവില്‍ തീരുമാനത്തില്‍ നിന്ന് ആബേ പിന്‍വാങ്ങി
എന്നിരുന്നാലും, രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ആദ്യമായി വിദേശത്തേക്ക് യുദ്ധം ചെയ്യാന്‍ സൈന്യത്തെ അയച്ചത് ഷിന്‍സോ ആബെയുടെ നേട്ടമായി പരിഗണിക്കപ്പെട്ടു. പ്രതിരോധ ചെലവ് വര്‍ധിപ്പിച്ച് രാജ്യത്തിന്റെ സൈന്യത്തെ ശക്തിപ്പെടുത്തിയതിന്റെ ബഹുമതിയും അദ്ദേഹത്തിനുണ്ട്.
ഇന്ത്യ ജപ്പാന്‍ ബന്ധം കൂടുതല്‍ ദൃഢമാക്കാനും ആബേയ്ക്ക് സാധിച്ചു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതലേ നരേന്ദ്ര മോദി ആബേയോട് ബന്ധം സൂക്ഷിച്ചിരുന്നു. അന്ന് മോദിയുടെ ട്വിറ്റര്‍ പേജ് ഫോളോ ചെയ്തിരുന്ന ഒരേയൊരു അന്താരാഷ്ട്ര നേതാവും ആബെ ആയിരുന്നു. 2014ല്‍ അദ്ദേഹം ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥിയായി. അങ്ങനെ ഇന്ത്യന്‍ റിപ്പബ്ലിക് ദിനപരേഡില്‍ പങ്കെടുക്കുന്ന ആദ്യ ജപ്പാന്‍ പ്രധാനമന്ത്രിയായി ഷിന്‍സോ ആബെ. 2021ല്‍ രാജ്യം അദ്ദേഹത്തിന് പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചു. അഹമ്മദാബാദ് മുംബൈ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയടക്കം ഇന്ത്യയുടെ നിരവധി വികസന പദ്ധതികളില്‍ ഇന്ന് ജപ്പാന്‍ പങ്കാളിയാണ്.
അമേരിക്ക ജപ്പാന്‍ ബന്ധം ഊട്ടി ഉറപ്പിക്കുന്നതിലും ആബേ മുന്‍ കൈ എടുത്തു. ആണവ പരീക്ഷണത്തെത്തുടര്‍ന്ന് ഉത്തരകൊറിയയ്‌ക്കെതിരെ ഐക്യരാഷ്ട്രസഭ ഏര്‍പ്പെടുത്തിയ ഉപരോധത്തെ അബെ പിന്തുണക്കുകയും, ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. ചൈനയ്‌ക്കെതിരെയും ആബെയുടെ ശബ്ദമുയര്‍ന്നു. പസഫിക്കിലെ ദ്വീപുകളുടെ പരമാധികാരത്തെച്ചൊല്ലി ചൈന ജപ്പാന്‍ തര്‍ക്കങ്ങളും ഇക്കാലത്തുണ്ടായി
2012ലും 13ലും തൊഴിലില്ലായ്മ കുറയ്ക്കുന്നതിലേക്കടക്കം നയിച്ച അബെനോമിക്‌സ് നയം ഒരുഘട്ടം കഴിഞ്ഞപ്പോള്‍ ജപ്പാനെ തിരിഞ്ഞുകുത്തിയെന്ന് സാമ്പത്തിക വിദഗ്ധരടക്കം നിരവധി പേര്‍ അഭിപ്രായപ്പെട്ടു. ഇത് 2015ന് ശേഷം ആബെയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പിക്കുകയും ചെയ്തു. അഴിമതികളും സ്വജനപക്ഷപാതവും സാമ്പത്തിക കുറ്റകൃത്യങ്ങളും ആബേയുടെ മന്ത്രിസഭയേയും വെറുതെ വിട്ടില്ല. ഇതിനിടെ ജപ്പാന്‍ പൗരരുടെ പെന്‍ഷന്‍ രേഖകളിലെ തിരിമറിയും ആരോപിക്കപ്പെട്ടു. 2020 ഒളിമ്പിക്‌സ് വേദിയെച്ചൊല്ലിയും വിവാദങ്ങളുണ്ടായി.
ഉത്തരകൊറിയയ്ക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്ന പ്രഖ്യാപനമൊഴിച്ചാല്‍ മറ്റൊന്നും അവസാന നാളുകളില്‍ ആ നേതാവിനെ അടയാളപ്പെടുത്തിയില്ല. ഒരു കാലത്ത് ജനപ്രീതികൊണ്ടായിരുന്നു ആബേ തലയുയര്‍ത്തി നിന്നിരുന്നതെങ്കില്‍ ഇറങ്ങിപ്പോക്ക് രാജകീയമായിരുന്നില്ലെന്നതാണ് സത്യം. അനുഭവസമ്പത്തും കെട്ടുറപ്പുമില്ലാത്ത പ്രതിപക്ഷവുമാണ് ജനകീയതയേക്കാളധികം ആബേയെ അവസാനവട്ടം അധികാരത്തിലേറാന്‍ സഹായിച്ചത്.
2019ല്‍ നവംബറില്‍ ജപ്പാനെ ഏറ്റവും കൂടുതല്‍ കാലം സേവിച്ച പ്രധാനമന്ത്രിയെന്ന നേട്ടം ആബെയെ തേടിയെത്തി. ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്ന് 2020 ഓഗസ്റ്റില്‍ അബെ രാജി പ്രഖ്യാപിച്ചു. ആബെയുടെ ചീഫ് കാബിനറ്റ് സെക്രട്ടറിയായിരുന്ന സുഗ യോഷിഹിഡെ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുംവരെ അദ്ദേഹം കെയര്‍ടേക്കര്‍ പദവിയില്‍ തുടര്‍ന്നു.
ഉത്തര കൊറിയ, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വെല്ലുവിളികളോടുള്ള പ്രതിരോധമാണ് ആബേയെ കൂടുതല്‍ ജനകീയനാക്കിയത്. പ്രതിരോധ സഹകരണം ഉറപ്പാക്കാനായി അമ്പതിലധികം രാജ്യങ്ങളിലാണ് ആബെ സന്ദര്‍ശനം നടത്തിയത്. പസഫിക് സമുദ്രമേഖലയിലെ ചൈനീസ് സ്വാധീനത്തിന് തടയിടാന്‍ രൂപീകൃതമായ ഇന്ത്യജപ്പാന്‍അമേരിക്ക ആസ്‌ട്രേലിയ പ്രതിരോധസഖ്യ (ക്വാഡ്) ത്തിന് പിന്നിലെ പ്രധാനിയും ആബെയായിരുന്നു

Related Articles

Back to top button