BREAKING NEWSKERALALATEST

വാഹനപരിശോധനയ്ക്കിടെ ഭാര്യയോട് എസ്‌ഐ മോശമായി പെരുമാറിയെന്ന് ഡിഐജിയുടെ പരാതി

ആലപ്പുഴ: തന്റെ ഭാര്യയോട് വാഹനപരിശോധനയുടെ പേരില്‍ എസ്‌ഐ മോശമായി പെരുമാറിയെന്ന് ഡിഐജിയുടെ പരാതി. പൊലീസ് ആസ്ഥാനത്തെ ഡിഐജി എം.കെ.വിനോദ് കുമാറാണ് നോര്‍ത്ത് സ്റ്റേഷനിലെ എസ്‌ഐ മനോജിനെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.
ഡിഐജിയുടെ പരാതി ഇങ്ങനെ: കുടുംബം താമസിക്കുന്ന കോമളപുരം റോഡ്മുക്കിലെ വീട്ടില്‍നിന്ന് ഭാര്യ ഹസീന ഡിഐജിയുടെ രോഗബാധിതയായ മാതാവിന് മരുന്നു വാങ്ങാന്‍ പോയപ്പോള്‍ ഗുരുപുരം ജംക്ഷനു സമീപത്തു വച്ച് എസ്‌ഐ വാഹനം തടഞ്ഞു നിര്‍ത്തി രേഖകള്‍ ആവശ്യപ്പെട്ടു. അപ്പോള്‍ വാഹനത്തില്‍ രേഖകള്‍ ഇല്ലായിരുന്നു. ഭര്‍ത്താവ് പൊലീസ് ആസ്ഥാനത്ത് ഡിഐജിയാണെന്നും അദ്ദേഹം വന്നിട്ട് രേഖകള്‍ സ്റ്റേഷനില്‍ ഹാജരാക്കാമെന്നും ഹസീന പറഞ്ഞത് എസ്‌ഐ ചെവിക്കൊണ്ടില്ല. ഹസീന തന്നെ നേരിട്ട് രേഖകള്‍ ഹാജരാക്കണമെന്നു പറഞ്ഞ് തട്ടിക്കയറി. പൊതുജനങ്ങളുടെ മുന്നില്‍ വച്ച് സ്ത്രീയെന്ന പരിഗണന പോലും നല്‍കാതെ മോശമായി പെരുമാറി.
ഭര്‍ത്താവിന് സംസാരിക്കാന്‍ ഫോണ്‍ നല്‍കാമെന്നു പറഞ്ഞപ്പോള്‍ തനിക്ക് ആരോടും സംസാരിക്കാനില്ലെന്നു ധിക്കാരത്തോടെ പറഞ്ഞു. നിങ്ങള്‍ക്കെതിരെ കേസെടുത്തുകൊള്ളാമെന്നു ഭീഷണിപ്പെടുത്തി. ഇത്തരം ഉദ്യോഗസ്ഥര്‍ ആരോടും ബഹുമാനമില്ലാതെ പെരുമാറുന്നത് വകുപ്പിനും സര്‍ക്കാരിനും അപമാനകരമാണ്. ഉദ്യോഗസ്ഥനെതിരെ മാതൃകാപരമായ നടപടിയെടുക്കണം എന്നാണ് പരാതി.
ഡിഐജിയുടെ പരാതി അന്വേഷിക്കാന്‍ സ്‌പെഷല്‍ ബ്രാഞ്ചിനോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ജി.ജയ്‌ദേവ് അറിയിച്ചു. ഡിഐജി വിളിച്ച് വിഷയം പറഞ്ഞിരുന്നു. അന്വേഷിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. ആരോപണ വിധേയനായ എസ്‌ഐയുടെ വിശദീകരണവും കേള്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Related Articles

Back to top button