OTHERSSPORTS

കോമൺവെൽത്ത് ഗെയിംസിന് ദിവസങ്ങൾ ബാക്കി, ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട് ഇന്ത്യൻ അത്‌ലറ്റ്

യുകെയിലെ ബെർമിങ്ഹാമിൽ കോമൺവെൽത്ത് ഗെയിംസിന് തിരിതെളിയാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഉത്തേജക മരുന്ന് പരിശോധനയിൽ മറ്റൊരു ഇന്ത്യൻ അത്‌ലറ്റ് കൂടി പരാജയപ്പെട്ടു. 4×100 മീറ്റർ വനിതാ റിലേ സ്ക്വാഡിലെ താരമാണ് നാഷണൽ ആന്റി-ഡോപ്പിങ് ഏജൻസി (NADA) നടത്തിയ ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടത്.

ഒരാഴ്ച മുൻപ് 4×100 മീറ്റർ റിലേ ടീമിലെ സ്പ്രിന്റർ ധനലക്ഷ്മി, ട്രിപ്പിള്‍ ജമ്പില്‍ ദേശീയ റെക്കോഡുകാരിയായ ഐശ്വര്യ ബാബു എന്നിവർ ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടിരുന്നു.

പരിശോധനയിൽ അത്‌ലറ്റിന്റെ സാമ്പിളുകൾ പോസിറ്റീവായെന്നും ഞങ്ങൾ നടപടിക്രമങ്ങൾ പിന്തുടരുകയാണെന്നും അത്‌ലറ്റിസ് ഫെഡറേഷൻ ഓഫ് ഇന്ത്യ(AFI)യുടെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഇന്ത്യൻ വനിതാ 4×100 മീറ്റർ റിലേ സ്ക്വാഡ് മത്സരത്തിന് നാല് ദിവസം മാത്രം ശേഷിക്കെ ഉത്തേജക മരുന്ന് പരിശോധനയിൽ താരങ്ങൾ പരാജയപ്പെട്ടത് കടുത്ത ആശങ്ക ഉയർത്തുന്നുണ്ട്.

റിലേ സ്ക്വാഡിലെ ആറുപേരിൽ രണ്ടുപേർ ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടു. സിഡബ്ല്യുജി സ്ക്വാഡിലെ 100 മീറ്റർ ഹർഡലർ ജ്യോതി യർരാജി, ലോംഗ് ജംപർ ആൻസി സോജൻ എന്നിവർ ബാക്കപ്പ് റണ്ണർമാരായി ഇടംപിടിക്കാൻ സാധ്യതയുണ്ട്.

2010ലെ സിഡബ്ല്യുജിയിലെയും ഏഷ്യൻ സ്വർണം നേടിയ വനിതാ ടീമിലെയും
അംഗങ്ങൾ ഉൾപ്പെടെ ആറ് ക്വാർട്ടർ മൈലർമാർ ടെസ്റ്റിൽ പരാജയപ്പെട്ട 2011ലെ ഉത്തേജക വിവാദത്തിന് ശേഷം ഇന്ത്യൻ അത്‌ലറ്റിക്‌സിന്റെ ഏറ്റവും മോശം വർഷമാണിത്. അന്ന് 400 മീറ്റർ ദേശീയ പരിശീലകൻ യൂറി ഒഗോർഡ്നിക്കിനെ പുറത്താക്കുകയും മുൻനിര കായികതാരങ്ങളെ വിലക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ വർഷം ടോക്കിയോ ഒളിമ്പിക്‌സിന് ശേഷം, ജപ്പാനിൽ ഇന്ത്യയെ പ്രതിനിധീകരിച്ച രണ്ട് പേർ ഉൾപ്പെടെ ഒമ്പത് അത്‌ലറ്റുകളെ എങ്കിലും ഉത്തേജ മരുന്ന് ഉപയോഗിച്ചതിന് വിലക്കിയിട്ടുണ്ട്. ഡിസ്കസ് ത്രോ താരം കമൽപ്രീത് കൗർ, ശിവ്പാൽ സിംഗ് (നീരജ് ചോപ്രയ്ക്ക് ശേഷം ഇന്ത്യയിലെ ഏറ്റവും മികച്ച രണ്ടാമത്തെ ജാവലിൻ ത്രോവർ), എം.ആർ.പൂവമ്മ (മൂന്ന് തവണ ഏഷ്യൻ ഗെയിംസ് 4×400 മീറ്റർ റിലേ ചാമ്പ്യൻ), ജാവലിൻ ത്രോ താരം രാജേന്ദർ സിങ്, യുവതാരം തരൺജീത് കൗർ (100 മീറ്റർ, 200 മീറ്റർ അണ്ടർ 23 ദേശീയ കിരീടങ്ങൾ) എന്നിവരാണ് ഈ സീസണിൽ ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട മറ്റു താരങ്ങൾ.

2021ൽ പുറത്തിറക്കിയ ലോക ഉത്തേജക വിരുദ്ധ ഏജൻസി (വാഡ) റിപ്പോർട്ട് പ്രകാരം ഉത്തേജകമരുന്ന് കേസുകളിൽ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനമുണ്ട്. 152 കേസുകളുള്ള ഇന്ത്യയ്ക്കു മുന്നിൽ റഷ്യ (167), ഇറ്റലി (157) എന്നീ രാജ്യങ്ങളാണ്.

Related Articles

Back to top button