KERALALATEST

ഒന്നരമാസമായി ജയിലില്‍; എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയ്ക്ക് ജാമ്യം

കൊച്ചി: ജയിലില്‍ കഴിയുന്ന എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഒന്നരമാസത്തോളം നീണ്ട ജയില്‍വാസത്തിന് ശേഷമാണ് ആര്‍ഷോയ്ക്ക് ജാമ്യം ലഭിച്ചത്. നേരത്തെ വധശ്രമക്കേസില്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിനാണ് എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയെ വീണ്ടും അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നത്.
വധശ്രമക്കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം വിവിധ കേസുകളില്‍ പ്രതിയായതോടെയാണ് ഹൈക്കോടതി നേരത്തെ ജാമ്യം റദ്ദ് ചെയ്തിരുന്നത്. തുടര്‍ന്ന് അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാനും നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ആര്‍ഷോയുടെ അറസ്റ്റ് പോലീസ് വൈകിപ്പിച്ചു. ഇയാള്‍ ഒളിവിലാണെന്നായിരുന്നു പോലീസിന്റെ വാദം. ഇതിനിടെ മലപ്പുറത്ത് നടന്ന എസ്.എഫ്.ഐ. സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്ത ആര്‍ഷോ, സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇതോടെയാണ് വീണ്ടും പരാതി ഉയര്‍ന്നത്. സംഭവം വിവാദമായതോടെ ജൂണ്‍ 12ാം തീയതി ആര്‍ഷോയെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയായിരുന്നു.
റിമാന്‍ഡിലായതിന് പിന്നാലെ ആര്‍ഷോ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും കോടതി ഇത് തള്ളിയിരുന്നു. ആഴ്ചകള്‍ക്ക് മുമ്പ് പരീക്ഷ എഴുതാനായി ഇടക്കാല ജാമ്യം അനുവദിച്ചു. ഇതിനുപിന്നാലെയാണ് വീണ്ടും ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്.
അതിനിടെ, പോലീസ് കസ്റ്റഡിയില്‍ ആര്‍ഷോയ്ക്ക് സ്വീകരണം നല്‍കിയതും വിവാദമായിരുന്നു. എസ്.എഫ്.ഐ. പ്രവര്‍ത്തകരാണ് കസ്റ്റഡിയിലുള്ള സെക്രട്ടറിയെ ഹാരം അണിയിച്ച് ജയിലിന് മുന്നില്‍ സ്വീകരിച്ചത്. ഈ സംഭവത്തില്‍ പോലീസുകാര്‍ക്ക് വീഴ്ച സംഭവിച്ചതായി കണ്ടെത്തുകയും മൂന്ന് പോലീസുകാര്‍ക്കെതിരേ നടപടിയുണ്ടാവുകയും ചെയ്തു.

Related Articles

Back to top button