BREAKING NEWSNATIONAL

ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസ്; 11 പ്രതികളേയും വിട്ടയച്ചു

അഹമ്മദാബാദ്: ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസില്‍ ജീവപര്യന്തം ശിക്ഷയില്‍ തടവില്‍ കഴിയുകയായിരുന്ന 11 പ്രതികളേയും മോചിപ്പിച്ചു. ശിക്ഷ ഇളവ് ചെയ്തുകൊണ്ടുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ നടപടിക്ക് പിന്നാലെയാണ് മോചനം. പ്രതികള്‍ ഗോദ്രയിലെ സബ് ജയിലില്‍ നിന്ന് പുറത്തിറങ്ങി.
2002 ലെ ഗുജറാത്ത് കലാപത്തിനിടെ 5 മാസം ഗര്‍ഭിണിയായ 19 കാരിയെ കൂട്ടബലാത്സംഗം ചെയ്യുകയും കുഞ്ഞിനെയടക്കം കുടുംബത്തിലെ എഴു പേരെ കോലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതികളെയാണ് വിട്ടയച്ചത്. 2008ലാണ് കേസിലെ പ്രതികള്‍ക്ക് മുബൈയിലെ പ്രത്യേക സിബിഐ കോടതി ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചത്. ബോംബെ ഹൈക്കോടതിയും ഈ വിധി ശരിവെച്ചു.
15 വര്‍ഷത്തിലേറെയായി പ്രതികള്‍ ജയിലില്‍ കഴിയുകയായിരുന്നു. അതിനിടെയാണ് മോചനം ആവശ്യപ്പെട്ട് പ്രതികളിലൊരാള്‍ സുപ്രീംകോടതിയെ സമീപിച്ചത്. തുടര്‍ന്ന് വിഷയം പരിശോധിക്കാന്‍ കോടതി ഗുജറാത്ത് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതിനായി പ്രത്യേക സമിതിയെ നിയമിക്കുകയും ചെയ്തു. ശിക്ഷ ഇളവ് ചെയ്യാന്‍ സമിതി ശുപാര്‍ശ ചെയ്തത് പ്രകാരമാണ് ഇതിനായുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോയത്. ഞായറാഴ്ചയാണ് ശിക്ഷ ഇളവ് ചെയ്തുകൊണ്ടുള്ള ഔദ്യോഗിക അറിയിപ്പ് പുറത്തിറങ്ങിയതെന്ന് സമിതിക്ക് നേതൃത്വം കൊടുത്ത പഞ്ച്മഹല്‍ ജില്ലാ കളക്ടര്‍ സുജല്‍ മായത്ര പറഞ്ഞു.

Related Articles

Back to top button