BREAKING NEWSKERALA

പാര്‍ട്ടിയില്‍ കണ്ണൂര്‍ ആധിപത്യം തന്നെ, ‘ഗോവിന്ദന്‍ എല്ലാവര്‍ക്കും മാസ്റ്റര്‍… സൗമ്യന്‍, സ്വീകാര്യന്‍’

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണനില്‍ നിന്ന് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം എം.വി.ഗോവിന്ദനിലേക്ക് എത്തുമ്പോള്‍ പാര്‍ട്ടിയിലെ കണ്ണൂര്‍ ആധിപത്യം തുടരുകയാണ്. എന്നാല്‍ കണ്ണൂരുകാരന്‍ എന്നത് മാത്രമല്ല, ഒപ്പം പരിഗണിക്കപ്പെട്ടിരുന്ന എ.വിജയരാഘവനെയും ഇ.പി.ജയരാജനെയും എ.കെ.ബാലനെയും മറികടക്കാന്‍ ഗോവിന്ദന് തുണയായത്. നിലപാടിലെ മൃദുത്വവും സ്വീകാര്യതയും അദ്ദേഹത്തിന് തുണയായി. പ്രധാന നേതാക്കളുടെ അഭാവത്തില്‍ രണ്ടാം പിണറായി മന്ത്രിസഭയില്‍ മുഖ്യമന്ത്രി കഴിഞ്ഞാല്‍ രണ്ടാമന്‍ എന്ന പരിവേഷമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്.
ഉപജീവനമായി തെരഞ്ഞെടുത്ത അധ്യാപനം തന്നെയായിരുന്നു പാര്‍ട്ടി വേദികളിലും ഗോവിന്ദന്റെ നിയോഗം. സ്റ്റഡി ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കിയ അദ്ദേഹം സഹപ്രവര്‍ത്തകര്‍ക്കും അണികള്‍ക്കും ഗോവിന്ദന്‍ മാസ്റ്ററായിരുന്നു. അണികള്‍ എം.വി.ഗോവിന്ദന് സൈദ്ധാന്തിക പരിവേഷം നല്‍കിയത് അദ്ദേഹത്തിന്റെ സ്റ്റഡി ക്ലാസുകള്‍ക്കുള്ള അംഗീകാരം എന്ന നിലയില്‍ കൂടിയായിരുന്നു. പാര്‍ട്ടി വിദ്യാഭ്യാസത്തിന്റെ ചുമതലയില്‍ നിന്നാണ് രണ്ടാം പിണറായി സര്‍ക്കാരിലെ രണ്ടാമന്‍ എന്ന നിലയിലേക്ക് അദ്ദേഹം എത്തിയത്.
ഇടതു കോട്ടയായ തളിപ്പറമ്പില്‍, സിറ്റിംഗ് എംഎല്‍എ ജെയിംസ് മാത്യുവിന് പകരക്കാരനായാണ് കഴിഞ്ഞ വര്‍ഷം അദ്ദേഹം എത്തിയത്. 22,689 വോട്ടുകള്‍ക്കായിരുന്നു ജയം. ജയിച്ച് മന്ത്രിസഭയിലെത്തിയ അദ്ദേഹം തദ്ദേശ സ്വയംഭരണ മന്ത്രി ചുമതലയിലാണ് നിയോഗിക്കപ്പെട്ടത്. മന്ത്രി എന്ന നിലയില്‍ അദ്ദേഹത്തിന്റെ കാര്യക്ഷമതയിലോ പോരായ്മകള്‍ ചൂണ്ടിക്കാണിക്കപ്പെട്ടെങ്കിലും സംഘടനാ രംഗത്തെ മികവ് സംസ്ഥാന സെക്രട്ടറി പദവിയിലേക്കെത്തിച്ചു.
1970ല്‍ പാര്‍ട്ടി അംഗത്വമെടുത്ത ഗോവിന്ദന്‍, ഡിവൈഎഫ്‌ഐയുടെ ആദ്യ സംസ്ഥാന പ്രസിഡന്റായി, പിന്നീട് സെക്രട്ടറിയും. അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസം അനുഭവിച്ചു. പൊലീസ് മര്‍ദ്ദനം ഏറ്റുവാങ്ങി. 91ല്‍ ആണ് സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 96ലും 2001ലും തളിപ്പറമ്പില്‍ നിന്ന് ജയിച്ച് എംഎല്‍എ ആയി. 2002 മുതല്‍ 2006 വരെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ‘യുവജന പ്രസ്ഥാനത്തിന്റെ ചരിത്രം ആശയ സമരങ്ങളുടെ പശ്ചാത്തലത്തില്‍’ എന്ന പേരില്‍ ഡിവൈഎഫ്‌ഐ രൂപീകരണ കാലത്ത് എഴുതിയ പുസ്തകം ഇന്നും യുവജന സംഘടനകളുടെ റഫറന്‍സ് ഗ്രന്ഥമാണ്.
ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ആയിരുന്ന പി.കെ.ശ്യാമളയാണ് ഭാര്യ. മൊറാഴയിലെ കെ.കുഞ്ഞമ്പുവാണ് (പരേതന്‍) അച്ഛന്‍. എം.വി.മാധവിയാണ് അമ്മ.

Related Articles

Back to top button