BREAKING NEWSGULFKERALANRI

ഖത്തറില്‍ മരിച്ച മിന്‍സയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കോട്ടയം: ഖത്തറില്‍ സ്‌കൂള്‍ ബസില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ നാല് വയസുകാരി മിന്‍സ മറിയം ജേക്കബിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇന്നലെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിരുന്നു. ഇന്ന് രാവിലെ എട്ടരയോടെ മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കും. അല്‍ വക്രയിലെ മോര്‍ച്ചറിക്ക് മുന്നില്‍ നൂറ് കണക്കിനാളുകളാണ് മിന്‍സയ്ക്ക് അന്ത്യാഞ്ജലികള്‍ അര്‍പ്പിക്കാനെത്തിയത്.
നാലാം പിറന്നാള്‍ ദിനത്തിലാണ് മിന്‍സയെന്ന നാലു വയസുകാരിക്ക് സ്‌കൂള്‍ ബസ് ജീവനക്കാരുടെ അശ്രദ്ധയില്‍ സ്വന്തം ജീവന്‍ ബലി നല്‍കേണ്ടി വന്നത്. രാവിലെ സ്‌കൂളിലേക്ക് വന്ന കുട്ടി ബസിനുള്ളിലിരുന്ന് ഉറങ്ങിപ്പോയത് അറിയാതെ ബസ് ജീവനക്കാര്‍ വാഹനം പൂട്ടി പോവുകയായിരുന്നു. ബസിനുള്ളില്‍ കുടുങ്ങിയ കുട്ടി കനത്ത ചൂടില്‍ ശ്വാസം മുട്ടി മരിച്ചുവെന്നാണ് നിഗമനം. രണ്ട് ദിവസം നീണ്ട വിശദമായ ഫോറന്‍സിക് മെഡിക്കല്‍ പരിശോധനകള്‍ക്ക് ശേഷമാണ് മിന്‍സയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറിയത്.
അല്‍ വക്രയിലെ എമര്‍ജന്‍സി ആശുപത്രി മോര്‍ച്ചറിക്ക് മുന്നില്‍ മിന്‍സയെ അവസാനമായി കാണാന്‍ വന്‍ ജനാവലി എത്തി. ദോഹയില്‍ നിന്ന് പുലര്‍ച്ചെ ഒന്നരക്കുള്ള വിമാനത്തിലാണ് മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നത്. എട്ടരയോടെ നെടുമ്പാശേരിയിലെത്തിക്കുന്ന മൃതദേഹം തുടര്‍ന്ന് സ്വദേശമായ കോട്ടയം ചിങ്ങവനത്തേക്ക് കൊണ്ട് പോകും. മിന്‍സയുടെ മരണത്തില്‍ ആഭ്യന്തര വിദ്യാഭ്യാസ ആരോഗ്യ വകുപ്പുകളുടെ സംയുക്ത അന്വേഷണം പുരോഗമിക്കുകയാണ്.
ആവശ്യമായ എല്ലാ സഹായവും ഖത്തര്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. സ്‌കൂള്‍ ബസില്‍ ഇരുന്ന് മിന്‍സ ഉറങ്ങിയത് അറിയാതെ ബസ് പൂട്ടി ജീവനക്കാര്‍ പോയതാണ് ദുരന്തത്തിന് ഇടയാക്കിയത്. സംഭവത്തില്‍ ഇതുവരെ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തെന്നാണ് സൂചന. ഒരു മാസം മുമ്പ് സ്‌കൂള്‍ അവധി സമയത്ത് നാട്ടില്‍ വന്നു പോയ മിന്‍സയുടെ മരണവാര്‍ത്ത കേട്ട് വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് കോട്ടയം ചിങ്ങവനത്തെ ബന്ധുക്കള്‍.

Related Articles

Back to top button