BREAKING NEWSKERALA

ബഫര്‍ സോണ്‍: അമിക്കസ് ക്യൂറി പിന്തുണച്ചു, കേരളത്തിന്റെ പുനഃപരിശോധന ഹര്‍ജി നാളെ

ന്യൂഡല്‍ഹി: വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ മുതല്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള വിധിക്കെതിരെ കേരളം നല്‍കിയ പുനഃപരിശോധന ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും. ജസ്റ്റിസ്മാരായ ബി ആര്‍ ഗവായ്, സൂര്യ കാന്ത്, ജെ ബി പര്‍ഡിവാല എന്നിവര്‍ അടങ്ങിയ പരിസ്ഥിതി കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക ബെഞ്ചാണ് കേരളത്തിന്റെ പുനഃപരിശോധന ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്.
പുനഃപരിശോധന ഹര്‍ജി അടിയന്തിരമായി കേള്‍ക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയും, സ്റ്റാന്റിംഗ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കറും വ്യാഴാഴ്ച ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ആവശ്യപ്പെട്ടു. ഈ ആവശ്യം ജസ്റ്റിസ് ഗവായ് അംഗീകരിച്ചു. തുടര്‍ന്നാണ് വെള്ളിയാഴ്ച ഉച്ചക്ക് ശേഷം ചേരുന്ന പരിസ്ഥിതി ബെഞ്ചിന് മുമ്പാകെ ഹര്‍ജികള്‍ ലിസ്റ്റ് ചെയ്യാന്‍ നിര്‍ദേശിച്ചത്.
പുനഃപരിശോധന ഹര്‍ജി അടിയന്തിരമായി കേള്‍ക്കണമെന്ന കേരളത്തിന്റെ ആവശ്യത്തെ അമിക്കസ് ക്യുറി കെ പരമേശ്വര്‍ അനുകൂലിച്ചു. ഒരു കിലോ മീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിയതിന് എതിരായ വിധിയില്‍ ഭേദഗതി ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരും അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് അമിക്കസ് ക്യൂറി കോടതിയില്‍ വ്യക്തമാക്കി. ഇത് കൂടി കണക്കിലെടുത്താണ് കേരളത്തിന്റെ ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കാന്‍ സുപ്രീം കോടതി തീരുമാനമായത്.

Related Articles

Back to top button