BREAKING NEWSKERALA

ഗവര്‍ണറുടെ നടപടി വിലയിരുത്താന്‍ മന്ത്രിയ്ക്ക് അധികാരമില്ല: ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: വൈസ് ചാന്‍സലര്‍ നിയമനകാര്യത്തില്‍ സുപ്രീം കോടതി എല്ലാം വ്യക്തമായി പറഞ്ഞതായി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വി.സിയുടെ നിയമനം നടത്താന്‍ ആര്‍ക്കാണ് അര്‍ഹതയെന്നും ആര്‍ക്കാണ് അര്‍ഹതയില്ലാത്തതെന്നും സുപ്രീം കോടതി വ്യക്തമാക്കിയതായും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്കാരെയാണ് പ്രൈവറ്റ് സ്റ്റാഫായി നിയമിക്കുന്നതെന്ന് ആരോപിച്ച അദ്ദേഹം തന്റെ പ്രവൃത്തികള്‍ വിലയിരുത്താന്‍ നിയമമന്ത്രിയ്ക്ക് അധികാരമില്ലെന്നും പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗവര്‍ണറുടെ നടപടികളെ വിശകലനം ചെയ്യാനാണോ മന്ത്രി തുനിയുന്നതെന്ന് ചോദിച്ച ഗവര്‍ണര്‍ മന്ത്രിമാരുടെ നടപടികള്‍ വിലയിരുത്താനാണ് തന്നെ നിയമിച്ചിരിക്കുന്നതെന്നും പറഞ്ഞു. മന്ത്രിമാരെ നിയമിക്കുന്നത് താനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോടതിയ്ക്ക് തന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്താമെന്നും ഒരു മന്ത്രിയ്ക്ക് അത് സാധ്യമല്ലെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
ഖജനാവില്‍ നിന്ന് പ്രതിഫലം പറ്റുന്ന മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകരാണ് മന്ത്രിമാരെന്നും ഖജനാവിലുള്ള ജനങ്ങളുടെ പണമാണ് പാര്‍ട്ടിപ്രവര്‍ത്തനത്തിനായി മന്ത്രിമാര്‍ക്ക് നല്‍കുന്നതെന്നും പറഞ്ഞ ഗവര്‍ണര്‍ അത് തടയാനുള്ള അധികാരം തനിക്കില്ലേയെന്നും ആരാഞ്ഞു.

Related Articles

Back to top button