KERALALATEST

‘ചില പൊലീസുകാര്‍ സര്‍ക്കാരിനെ നാണം കെടുത്തുന്നു’; നടപടി വേണമെന്ന് ഡിവൈഎഫ്‌ഐ

കൊല്ലം: കിളികൊല്ലൂരില്‍ സൈനികനെ മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് ഡിവൈഎഫ്‌ഐ. പൊലീസിലെ ചില ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന് നാണക്കേടുണ്ടാക്കുന്നുവെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്. പൊലീസ് മര്‍ദ്ദനത്തിന് ഇരയായ വിഘ്‌നേഷിനെ സനോജ് വീട്ടിലെത്തി കണ്ടു. കുറ്റക്കാരായ മുഴുവന്‍ ആളുകളേയും മാതൃകാപരമായി ശിക്ഷിക്കണം.(
ഡിവൈഎഫ്‌ഐ വിഷയത്തില്‍ ശക്തമായ ഇടപെടല്‍ നടത്തിയതായും വി.കെ.സനോജ് പറഞ്ഞു. ഏതെങ്കിലും ഉന്നത ഉദ്യോഗസ്ഥന്‍ വിചാരിച്ചാല്‍ ഇവരെ രക്ഷപ്പെടുത്താന്‍ സാധിക്കില്ല. കഴിഞ്ഞ ദിവസം കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തിയിരുന്നു. സംഭവത്തില്‍ എസ്എച്ച്ഒ ഉള്‍പ്പെടെ നാലു പൊലീസുകാര്‍ സസ്‌പെന്‍ഷനിലാണ്.
അതേസമയം പരുക്കേറ്റ സൈനികനായ വിഷ്ണുവിന്റെ വീട്ടില്‍ തിരുവനന്തപുരം പാങ്ങോട് സൈനിക ക്യാമ്പിലെ ഉദ്യോഗസ്ഥരെത്തി വിവരങ്ങള്‍ ശേഖരിച്ചു. ഉദ്യോഗസ്ഥര്‍ പ്രധാനമായും ചോദിച്ചറിഞ്ഞത് പൊലീസില്‍ നിന്നുണ്ടായ അക്രമ വിവരങ്ങളും വ്യാജ കേസിന്റെ വിശദാംശങ്ങളുമാണ്.
ആഗസ്റ്റ് 25ന് വിഷ്ണുവിനെ അറസ്റ്റ് ചെയ്‌തെങ്കിലും സൈനിക ക്യാമ്പില്‍ പൊലീസ് അറിയിച്ചത് വൈകിയാണ്. ഏതെങ്കിലും കേസില്‍ സൈനികന്‍ പ്രതിയായാല്‍ സമീപത്തെ റെജിമെന്റിനെ അറിയിക്കുകയെന്നതാണ് നിയമം. അങ്ങനെ വരുമ്പോള്‍ തിരുവനന്തപുരം പാങ്ങോട് റെജിമെന്റിലാണ് അറിയിക്കേണ്ടത്. തുടര്‍ന്ന് മിലിട്ടറി പൊലീസ് കേസ് ഏറ്റെടുക്കുക എന്നതാണ് രീതി. സൈനികനെ അറസ്റ്റ് ചെയ്താല്‍ 24 മണിക്കൂറിനകം വിവരം സൈന്യത്തെ അറിയിക്കണമെന്നുള്ളപ്പോഴാണ് പൊലീസിന്റെ ഭാഗത്ത് നിന്നും വീഴ്ച്ചയുണ്ടായത്.
ഒരു സൈനികന്‍ അവധിയിലാണെങ്കിലും അയാള്‍ ഡ്യൂട്ടിയിലാണെന്നാണ് സൈന്യം കണക്കാക്കുക. കേസില്‍ മര്‍ദനം ഉള്‍പ്പെടെയുണ്ടായ ശേഷമാണ് പാങ്ങോട് ഇക്കാര്യം അറിയിച്ചത്. ഇക്കാര്യങ്ങളെല്ലാം സൈന്യം പരിശോധിക്കും. അതേസമയം സൈനികനെ മര്‍ദ്ദിച്ചതില്‍ പ്രതിരോധ മന്ത്രിക്ക് എന്‍.കെ പ്രേമചന്ദ്രന്‍ എംപി വഴി പരാതി നല്‍കാനാണ് കുടുംബത്തിന്റെ തീരുമാനം.

Related Articles

Back to top button