Uncategorized

ദിവസം 1.75 രൂപ മാത്രം,മാലിന്യ സംസ്‌കരണം നടപ്പാക്കാന്‍ യൂസര്‍ഫീ കൂടിയേ തീരുവെന്ന് മന്ത്രി എം ബി രാജേഷ്

 

മാലിന്യ സംസ്‌കരണം നടപ്പാക്കാന്‍ യൂസര്‍ഫീ കൂടിയേ തീരുവെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. യൂസര്‍ഫീ ഇല്ലാതെ മാലിന്യശേഖരണം നടത്താനാകില്ല. ദിവസം 1.75 രൂപയാണ് യൂസര്‍ഫീ ആയി ഈടാക്കുന്നത്. തുച്ഛമായ ഈ തുകയെ എതിര്‍ക്കുന്നത് നല്ല പ്രവണതയല്ലെന്നും എം ബി രാജേഷ് പറഞ്ഞു. എല്ലാ വീടുകളും സ്ഥാപനങ്ങളും യൂസര്‍ഫീ നല്‍കണം. ഇക്കാര്യത്തില്‍ സമഗ്ര നിയമനിര്‍മ്മാണത്തിന് സര്‍ക്കാര്‍ ആലോചിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. 2026 ഓടെ കേരളം സമ്പൂര്‍ണ മാലിന്യമുക്ത സംസ്ഥാനമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

അവ കൈവരിക്കുന്നതിനുള്ള കര്‍മപദ്ധതി സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്. വളരെ നിര്‍ണായകമായ ഇടപെടലുകള്‍ സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. ഇതിന്റെ നേട്ടമാണ് ഗ്രീന്‍ ട്രൈബ്യൂണല്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് പിഴ ചുമത്തിയപ്പോള്‍ കേരളത്തിന് പിഴ ചുമത്താതിരുന്നത്. 28800 കോടി രൂപയാണ് മറ്റു സംസ്ഥാനങ്ങള്‍ക്ക് ട്രൈബ്യൂണല്‍ പിഴ ചുമത്തിയിരുന്നത്.

മാലിന്യ സംസ്‌കരണ രംഗത്തെ കേരളത്തിന്റെ പ്രവര്‍ത്തനങ്ങളെ ട്രൈബ്യൂണല്‍ തൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ആറു മാസത്തിന് ശേഷം വീണ്ടും ട്രൈബ്യൂണല്‍ ഇക്കാര്യം വീണ്ടും വിലയിരുത്തും. അതുകൊണ്ടു തന്നെ അടുത്ത ആറുമാസത്തെ ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രവര്‍ത്തനത്തിലാണ് സര്‍ക്കാര്‍. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക ചുവടുവെപ്പിന് കൊച്ചി വേദിയാകുകയാണ്.

ഫെബ്രുവരി നാലു മുതല്‍ ആറുവരെ കൊച്ചി മറൈന്‍ ഡ്രൈവില്‍ ഗ്ലോബല്‍ എക്സ്പോ ഓണ്‍ വേസ്റ്റ് മാനേജ്മെന്റ് ടെക്നോളജി 2023 സംഘടിപ്പിക്കും. ശുചിത്വ മിഷനാണ് എക്സ്പോ സംഘടിപ്പിക്കുന്നത്. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നൂതനആശയങ്ങള്‍, വിജയിച്ച ആശയങ്ങള്‍ തുടങ്ങിയവ എക്സ്പോയില്‍ പരിചയപ്പെടുത്തും. ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമുള്ള ഈ രംഗത്തെ പ്രധാന ഏജന്‍സികളും വിദഗ്ധരും മേളയില്‍ പങ്കെടുക്കും. തദ്ദേശ സ്ഥാപനങ്ങളിലെ ചുരുങ്ങിയത് പത്തു ജനപ്രതിനിധികളെങ്കിലും എക്സ്പോയില്‍ പങ്കെടുക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Related Articles

Back to top button