BREAKING NEWSNATIONAL

സ്വന്തം വീട്ടിലിരുന്ന് ചൂളമടിക്കുന്നത് ലൈംഗികാതിക്രമമായി കാണാനാകില്ല: ബോംബെ ഹൈക്കോടതി

മുംബൈ: സ്വന്തം വീട്ടിലെ ടെറസില്‍ നിന്ന് സ്ത്രീയ്ക്കുനേരെ വിസിലടിച്ചെന്ന കേസ് സ്ത്രീത്വത്തെ അപമാനിക്കലായി കരുതാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. അഹമ്മദ്‌നഗര്‍ സ്വദേശിയായ യുവതിയെ അപമാനിച്ചെന്ന കേസില്‍ ഉള്‍പ്പെട്ട മൂന്ന് പ്രതികള്‍ക്ക് ബോംബെ ഹൈക്കോടതിയിലെ ഔറഗബാദ് ബെഞ്ച് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
ഒരു വ്യക്തി വീട്ടിലിരുന്ന് ചില ശബ്ദങ്ങളുണ്ടാക്കുന്നത് സ്ത്രീയ്‌ക്കെതിരായ ലൈംഗിക താത്പര്യത്തോടെയുള്ള പ്രവൃത്തിയായി നേരിട്ട് അനുമാനിക്കാന്‍ കോടതിയ്ക്ക് സാധിക്കില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. നെവാസ സെഷന്‍സ് ജഡ്ജി തങ്ങളുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയതിനെ ചോദ്യം ചെയ്താണ് അഹമ്മദ്‌നഗര്‍ സ്വദേശികളായ ലക്ഷ്മണ്‍, യോഗേഷ്, സവിത പാണ്ഡവ് എന്നീ മൂന്ന് യുവാക്കള്‍ ഹൈക്കോടതിയെ സമീപിച്ചത്.
എസ്‌സി/എസ്ടി (അതിക്രമങ്ങള്‍ തടയല്‍) നിയമത്തിലെ 3(1)(ഡബ്ല്യു)(ഐ), (കക) വകുപ്പുകള്‍ ഉള്‍പ്പെടെ ചേര്‍ത്തായിരുന്നു പ്രതികള്‍ക്കെതിരെ യുവതി പരാതി നല്‍കിയിരുന്നത്. പ്രതികള്‍ യുവതിയെ ആക്രമിക്കുകയോ അനുവാദമില്ലാതെ സ്പര്‍ശിക്കുകയോ ചെയ്തിട്ടില്ലെന്ന് കോടതി സൂചിപ്പിച്ചു. തന്റെ അനുവാദമില്ലാതെ പ്രതികള്‍ തന്റെ ചിത്രമെടുത്തുവെന്നും തന്റെ വീട്ടിലേക്ക് തിരിഞ്ഞിരിക്കുന്ന ഒരു സിസിടിവി ക്യാമറ പ്രതികളുടെ വീട്ടിലുണ്ടെന്നും യുവതി കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജസ്റ്റിസുമാരായ വിഭ കങ്കന്‍വാടി, അഭയ് വാഗ്വാസെ എന്നിവരടങ്ങിയ ബെഞ്ചാണ് യുവാക്കള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

Related Articles

Back to top button