BREAKING NEWSKERALA

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി സൂര്യാതപമേറ്റു

പാലക്കാട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി സൂര്യാതപമേറ്റു. പാലക്കാട് ആനക്കരിയിലാണ് സംഭവം. ശരീരത്തിന്റെ പുറത്ത് പൊള്ളലേറ്റ കൂടല്ലൂര്‍ സ്വദേശി നിഖില്‍ ആശുപത്രിയില്‍ ചികിത്സ തേടി.
ഇന്ന് പകല്‍ പതിനൊന്ന് മണിയോടെ ആനക്കരയില്‍ ബസ് കാത്തുനില്‍ക്കുന്നതിനിടെയാണ് നിഖിലിന് സൂര്യാതപമേറ്റത്. കഴുത്തിന് പുറകുവശത്താണ് പൊള്ളലേറ്റത്. ശരീരത്തില്‍ വലിയ തോതില്‍ നീറ്റല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടിലെത്തി ഷര്‍ട്ട് അഴിച്ച് പരിശോധിച്ചപ്പോഴാണ് സൂര്യാതപമേറ്റതായി അറിയുന്നത്. തുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് കോട്ടയത്താണ്. ജില്ലയില്‍ ഇന്ന് താപനില 38 ഡിഗ്രി സെല്‍ഷ്യസില്‍ നിന്ന് 36.5 ഡിഗ്രി സെല്‍ഷ്യസായി കുറവ് രേഖപ്പെടുത്തി. കോഴിക്കോട്, വെള്ളാണിക്കര, എന്നിവടങ്ങളില്‍ 36 ഡിഗ്രി സെല്‍ഷ്യസിന് മുകളിലും സിയാല്‍ കൊച്ചി, പുനലൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ 35 ഡിഗ്രി സെല്‍ഷ്യസിന് മുകളിലും താപനില രേഖപ്പെടുത്തി.
ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യ വകുപ്പും നല്‍കിയിരിക്കുന്ന വേനല്‍ കാല ജാഗ്രത നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ പാലിക്കണം. അതേസമയം അടുത്ത 5 ദിവസം സംസ്ഥാനത്ത് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Related Articles

Back to top button