BREAKING NEWSKERALA

പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരായ പ്രോസിക്യൂഷന്‍ അനുമതി ഉടന്‍; കുറ്റപത്രം ഈ മാസം

ന്യൂഡല്‍ഹി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരായ കേസുകളിലെ പ്രോസിക്യൂഷന്‍ അനുമതി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടന്‍ നല്‍കും. നേതാക്കള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത വിവിധ കേസുകളില്‍ ഈ മാസം അവസാനത്തോടെ എന്‍.ഐ.എ. കുറ്റപത്രം സമര്‍പ്പിക്കും.
ഇസ്ലാമിക് സ്റ്റേറ്റിലേക്ക് യുവാക്കളെ പ്രേരിപ്പിക്കുകയും റിക്രൂട്ട് ചെയ്യുന്നതിന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ രഹസ്യ പ്രചാരണം നടത്തിയെന്നുമാണ് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിനായി ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും നേതാക്കള്‍ വ്യാപകമായി ഫണ്ട് ശേഖരണം നടത്തിയതിന്റെ തെളിവുകള്‍ ലഭിച്ചതായി അന്വേഷണ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
യു.എ.പി.എ. നിയമത്തിന്റെ 45-ാം വകുപ്പ് പ്രകാരം വിചാരണക്ക് മുന്നോടിയായി കേന്ദ്ര സര്‍ക്കാരിന്റെ പ്രോസിക്യൂഷന്‍ അനുമതി അനിവാര്യമാണ്. പ്രോസിക്യൂഷന്‍ അനുമതി തേടി എന്‍.ഐ.എ. നല്‍കിയ അപേക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ രണ്ടംഗ സമിതി പരിശോധിച്ചുവരികയാണ്. പ്രോസിക്യൂഷന്‍ അനുമതി നല്‍കുന്നതിന് മുമ്പായി സമിതി നല്‍കുന്ന റിപ്പോര്‍ട്ടും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരിഗണിക്കേണ്ടതുണ്ട്.
അറസ്റ്റ് രേഖപ്പെടുത്തി 180 ദിവസത്തിനകം കുറ്റപത്രം നല്‍കണമെന്നാണ് യു.എ.പി.എ. നിയമത്തില്‍ വ്യവസ്ഥചെയ്തിരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ രാജ്യവ്യാപകമായി നടത്തിയ റെയ്ഡില്‍ നൂറോളം പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെയാണ് എന്‍.ഐ.എ. കസ്റ്റഡിയില്‍ എടുത്തത്. ഏഴ് കേസുകളില്‍ അറസ്റ്റിലായ ഇവര്‍ ഇപ്പോഴും വിവിധ ജയിലുകളിലാണ്.

Related Articles

Back to top button