BREAKING NEWSNATIONAL

രാഹുലിന് നല്‍കിയ നോട്ടീസ്: യഥാസമയം മറുപടി നല്‍കും, സര്‍ക്കാര്‍ ഭയക്കുന്നതിന്റെ തെളിവ് -കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ പരാമര്‍ശം സംബന്ധിച്ച് രാഹുല്‍ഗാന്ധിക്ക് പോലീസ് നല്‍കിയ നോട്ടീസിന് മറുപടിയുമായി കോണ്‍ഗ്രസ്. നോട്ടീസിന് യഥാസമയം നിയമപരമായിത്തന്നെ മറുപടി നല്‍കുമെന്ന് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.
മോദിയും അദാനിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് രാഹുല്‍ ചോദിക്കുമ്പോള്‍ അതിന് പോലീസ് സംവിധാനത്തെ ഉപയോഗിച്ച് മറയിടുകയാണ്. ഭാരത് ജോഡോ യാത്ര പൂര്‍ത്തിയായിട്ട് 45 ദിവസം കഴിഞ്ഞു. ചില സ്ത്രീകള്‍ നേരിട്ട അതിക്രമം, ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുലിനോട് തുറന്നു പറഞ്ഞതില്‍ വിശദീകരണം തേടി പോലീസ് നോട്ടീസ് അയച്ചിരിക്കുകയാണ്. നോട്ടീസിന് യഥാസമയത്ത് നിയമപരമായിത്തന്നെ മറുപടി നല്‍കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.
സര്‍ക്കാര്‍ ഭയപ്പെടുന്നുണ്ട് എന്നതിന്റെയും ജനാധിപത്യം, സ്ത്രീശാക്തീകരണം, അഭിപ്രായസ്വാതന്ത്ര്യം, പ്രതിപക്ഷം എന്നിവയെ ദുര്‍ബലപ്പെടുത്താനുള്ള നീക്കത്തിന്റെയും തെളിവാണിതെന്നും കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.
ഡല്‍ഹി പോലീസ് സംഘം വസതിയിലെത്തിയതിനു പിന്നാലെ രാഹുല്‍ ഗാന്ധി കാറെടുത്തു പുറത്തുപോവുന്ന ഒരു വീഡിയോയും പ്രചരിക്കുന്നുണ്ട്. രണ്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥരാണ് രാഹുല്‍ഗാന്ധിയുടെ വീട്ടിലെത്തിയത്. തുടര്‍ന്ന് വീടിനു ചുറ്റും ബാരിക്കേഡുകള്‍ തീര്‍ത്തു. അകത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു.
ഭാരത് ജോഡോ യാത്രയ്ക്കിടെ ശ്രീനഗറില്‍ നടന്ന സമാപന സമ്മേളനത്തില്‍ പ്രസംഗിക്കവേ, സ്ത്രീകള്‍ ഇപ്പോഴും ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയമാവുന്നതായി താന്‍ കേട്ടെന്ന് രാഹുല്‍ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട വിശദീകരണം ലഭിക്കാനാണ് ഡല്‍ഹി പോലീസ് രാഹുലിന്റെ വസതിയിലെത്തിയത്. എന്നാല്‍ രാഹുലിനോട് വിശദാംശങ്ങള്‍ തേടിയെങ്കിലും കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

Related Articles

Back to top button