BREAKING NEWSKERALALATEST

മാലിന്യക്കൂമ്പാരത്തിന് സ്വയം തീപിടിച്ചതാകാം; ബ്രഹ്മപുരത്ത് അട്ടിമറി നടന്നിട്ടില്ലെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്

കൊച്ചി ബ്രഹ്മപുരത്ത് മാലിന്യ കൂമ്പാരത്തിന് തീ പിടിച്ച സംഭവത്തിൽ അട്ടിമറിയില്ലെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്. സ്വയം തീ പിടിച്ചകാമെന്നാണ് ഫൊറന്‍സിക് റിപ്പോർട്ടിൽ പറയുന്നത്. മാലിന്യം കാലങ്ങളായി കെട്ടിക്കിടന്നാൽ അതിന് വലിയ രീതിയില്‍ രാസ മാറ്റം സംഭവിക്കുകയും തീ പടരാന്‍ സാധ്യത ഉള്ള വസ്തുക്കള്‍ അവയില്‍ നിന്ന് ഉണ്ടാവുകയും ചെയ്യും. മാലിന്യ നിക്ഷേപത്തിലെ ഈ രാസ വസ്തുക്കളാവും തീപിടിക്കാനും കാരണം. മാലിന്യ കൂമ്പാരത്തിന്റെ അടിത്തട്ടില്‍ നിന്നാണ് തീ ഉണ്ടായതെന്നും ഫോറെന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

തൃശൂരിലെ ഫൊറന്‍സിക് ലാബിലേക്ക് അയച്ച ബ്രഹ്മപുരത്തെ അഞ്ചു സ്ഥലങ്ങളിൽ നിന്നുള്ള സാമ്പിളുകളായിരുന്നു പരിശോധനകള്‍ക്ക് വിധേയമാക്കിയത്. മാലിന്യക്കൂമ്പാരത്തിന് ആരെങ്കിലും മനപൂര്‍വം തീയിട്ടതാണോ എന്ന സംശയം തുടക്കം മുതൽ ഉണ്ടായിരുന്നു. എന്നാൽ ഇത്തരം സംശയങ്ങള്‍ നിലനില്‍ക്കില്ലെന്നാണ് ഫൊറന്‍സിക് പരിശോധനാ ഫലം സൂചിപ്പിക്കുന്നത്. തീപിടുത്തവുമായി ബന്ധപ്പെട്ട് പോലീസിന്റെ അന്വേഷണവും പുരോഗമിക്കുന്നുണ്ട്.

അതേസമയം ബ്രഹ്മപുരം തീപിടുത്തത്തില്‍ കരാറുകാരനെ രക്ഷിക്കാനുള്ള നിലപാടാണിതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രി തന്നെ കരാറുകാരന് ക്ലീന്‍ ചിറ്റ് നല്‍കിയെന്നും അദ്ദേഹം ആരോപിച്ചു. ഫോറെന്‍സിക് റിപ്പോര്‍ട്ടിന്റെ ആധികാരികത പരിശോധിക്കണമെന്ന് കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണിയും ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Back to top button