BREAKING NEWSKERALALATEST

കുറ്റസമ്മതം നടത്തിയോ എന്ന് ഇപ്പോള്‍ പറയാനാകില്ല; യുഎപിഎ ചുമത്തുന്ന കാര്യം വിശദമായ ചോദ്യം ചെയ്യലിന് ശേഷം തീരുമാനിക്കും: ഡിജിപി

ന്യൂഡല്‍ഹി: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തുന്ന കാര്യം വിശദമായ ചോദ്യം ചെയ്യലിന് ശേഷം തീരുമാനിക്കുമെന്ന് ഡിജിപി അനില്‍കാന്ത്. ലഭിക്കുന്ന മൊഴിയുടേയും മറ്റു തെളിവുകളുടേയും അടിസ്ഥാനത്തിലാകും തീരുമാനമെടുക്കുക. പ്രതി കുറ്റസമ്മതം നടത്തിയോ എന്ന് ഇപ്പോള്‍ പറയാനാകില്ല. തീവ്രവാദ ബന്ധമുണ്ടോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അതേക്കുറിച്ച് ഇപ്പോഴൊന്നും പറയില്ലെന്ന് ഡിജിപി പറഞ്ഞു.

സംയുക്ത നീക്കത്തിലൂടെയാണ് പ്രതിയെ പിടികൂടാനായത്. കേരളത്തിലെ പ്രത്യേക അന്വേഷണ സംഘം, കേന്ദ്ര ഏജന്‍സികള്‍, മഹാരാഷ്ട്ര പൊലീസ് തുടങ്ങിയവ സംയുക്തമായി നടത്തിയ നീക്കമാണ്. പ്രതിയെക്കുറിച്ച് നിരവധി സൂചനകള്‍ കിട്ടി. അതനുസരിച്ച് മുന്നോട്ടുപോകാനായി. വളരെ പെട്ടെന്നു തന്നെ പ്രതിയെ പിടികൂടിയതില്‍ സന്തോഷമുണ്ടെന്ന് ഡിജിപി പറഞ്ഞു.

പ്രതിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുകയാണ്. വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ പരിശോധന നടത്തും. ആരോഗ്യസ്ഥിതി മനസ്സിലാക്കിയ ശേഷമാകും വിശദമായ ചോദ്യം ചെയ്യലുണ്ടാകുക. ട്രെയിനിലെ തീ വെയ്പില്‍ ഒരു യുവാവിന് 35-40 ശതമാനം പൊള്ളലേറ്റ് ചികിത്സയിലുണ്ട്. മറ്റുള്ളവര്‍ക്ക് നിസ്സാര പരിക്കുകളാണുള്ളത്.

പ്രതി ഒറ്റയ്ക്കാണോ കൃത്യം നടത്തിയതെന്ന കാര്യം പരിശോധിച്ചു വരികയാണ്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂ. പ്രതി ഷാറൂഖ് സെയ്ഫിയുടെ ക്രിമിനല്‍ പശ്ചാത്തലം സംബന്ധിച്ച് അന്വേഷിച്ചു വരികയാണ്. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ ഒന്നും പറയാനാകില്ലെന്നും ഡിജിപി അനില്‍കാന്ത് പറഞ്ഞു.

Related Articles

Back to top button