BREAKING NEWSKERALALATEST

‘സ്ത്രീയുടെ നഗ്‌നശരീരം എപ്പോഴും ലൈംഗികമായോ അശ്ലീലമായോ കാണാന്‍ കഴിയില്ല’; രഹ്ന ഫാത്തിമ കേസില്‍ കോടതി നിരീക്ഷണങ്ങള്‍

കൊച്ചി: കുട്ടിയെക്കൊണ്ട് ശരീരത്തില്‍ ചിത്രം വരപ്പിച്ചതിന്റെ പേരില്‍ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്ക് എതിരെ പോക്‌സോ നിയമപ്രകാരം എടുത്ത കേസ് നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. സുപ്രധാനമായ നിരവധി നിരീക്ഷണങ്ങളാണ് വിധിക്കൊപ്പം ഹൈക്കോടതി പങ്കുവച്ചത്. സ്ത്രീയുടെ നഗ്‌ന ശരീരം എല്ലായ്‌പ്പോഴും ലൈംഗികമായോ അശ്ലീലമായോ കാണാന്‍ കഴിയില്ലെന്ന സുപ്രധാന നിരീക്ഷണത്തോടെയാണ് രഹ്നയെ കോടതി കുറ്റവിമുക്തയാക്കിയത്.
‘ബോഡി ആന്‍ഡ് പൊളിറ്റിക്‌സ്’ എന്ന തലക്കെട്ടോടെ രഹന ഫാത്തിമ സമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച ദൃശ്യങ്ങളാണ് കേസിന് കാരണമായത്. പ്രായ പൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുന്നില്‍ ശരീര പ്രദര്‍ശനം നടത്തിയത് പോക്‌സോ നിയമപ്രകാരം കുറ്റകരമാണെന്ന് ചൂണ്ടിക്കാട്ടി തിരുവല്ല സ്വദേശി പരാതി നല്‍കിയതോടെ പോക്‌സോ നിയമവും ഐടി നിയമവും ചുമത്തി പൊലീസ് കേസെടുത്തു. ലാപ്‌ടോപ്പും പെയിന്റ് ഉപകരണങ്ങളും പിടിച്ചെടുക്കുകയും ചെയ്തു
പിന്നാലെ കേസില്‍ രഹ്ന അറസ്റ്റിലാവുകയും ചെയ്തു. ഈ കേസിലാണ് ഇപ്പോള്‍ സുപ്രധാന നിരീക്ഷണങ്ങളോടെ ഹൈക്കോടതി സിംഗിള്‍ബെഞ്ച് രഹ്നയെ കുറ്റവിമുക്തയാക്കിയത്. സ്ത്രീയുടെ നഗ്‌ന ശരീരം എല്ലായ്‌പ്പോഴും ലൈംഗികമായോ അശ്ലീലമായോ കാണാന്‍ കഴിയില്ലെന്ന് ഉത്തരവില്‍ ജസ്റ്റിസ് കൗസര്‍ എടപ്പകത്ത് വ്യക്തമാക്കി. രഹ്ന തയ്യാറാക്കിയ വീഡിയോ അശ്ലീലമായി കാണാനാവില്ല. നഗ്‌നശരീരം സാധാരണമാണെന്ന് കുട്ടിക്ക് ബോധ്യമാകാന്‍ ശരീരം കാന്‍വാസാക്കുന്നത് തെറ്റായിക്കാണാനാവില്ല.
രാജ്യത്ത് എമ്പാടും അര്‍ധനഗ്‌ന രുപത്തിലുള്ള ശില്‍പങ്ങളും പെയിന്റിംഗുകളു ഉണ്ട്. ഇവയില്‍ പലതും ദൈവീകമായാണ് കാണപ്പെടുന്നത്. പുലികളിക്കും തെയ്യത്തിനും പുരുഷ ശരീരത്തില്‍ പെയിന്റ് ചെയ്യുന്നു. സ്വന്തം ശരീരത്തിനുമേല്‍ പുരുഷനുള്ള അധികാരം ചോദ്യം ചെയ്യപ്പെടുന്നത് സമൂഹത്തില്‍ അപൂര്‍വമാണെന്ന് കോടതി പറഞ്ഞു. എന്നാല്‍, സ്ത്രീക്ക് സ്വന്തം ശരീരത്തിന്മേലുള്ള അധികാരം നിരന്തരം ചോദ്യം ചെയ്യപ്പെടുന്നു. ‘ശരീരത്തിന്റെ പേരില്‍ സ്ത്രീയെ ഭീഷണിപ്പെടുത്തുന്നു, ഒറ്റപ്പെടുത്തുന്നു, വിചാരണ ചെയ്യുന്നു.
സമൂഹത്തിലെ ഈ ഇരട്ടത്താപ്പ് തുറന്നുകാട്ടുക എന്നതായിരുന്നു ഇവിടെ (കുറ്റാരോപിതയുടെ) ഉദ്ദേശം. ഈ കേസില്‍ കുട്ടിയെ ഏതെങ്കിലും ലൈംഗിക പ്രവര്‍ത്തികള്‍ക്ക് ഉപയോഗിച്ചുവെന്ന് ആര്‍ക്കും ആരോപിക്കാന്‍ കഴിയില്ല. കുട്ടിക്ക് പെയിന്റ് ചെയ്യാനുള്ള ക്യാന്‍വാസായി തന്റെ ശരീരം ഉപയോഗിക്കാന്‍ മാത്രമാണ് അമ്മ അനുവദിച്ചത്.
ഒരു സ്ത്രീക്ക് തന്റെ ശരീരത്തെക്കുറിച്ച് തീരുമാനങ്ങള്‍ എടുക്കാനുള്ള അവകാശം അവളുടെ മൗലികാവകാശത്തിന്റെ കാതലാണ്. ഇവിടെ ഈ ദൃശ്യം പങ്കുവെച്ച സന്ദര്‍ഭവും അത് സമൂഹത്തിന് നല്‍കിയ സന്ദേശവും അവഗണിച്ചുകൊണ്ട് (അമ്മയ്ക്കെതിരെ) നടപടിയെടുക്കാന്‍ മതിയായ കാരണങ്ങള്‍ ഒന്നും ഈ കോടതി കാണുന്നില്ലെന്നും കോടതി വ്യക്തമാക്കി.

Related Articles

Back to top button