BREAKING NEWSNATIONAL

ഗുസ്തിസമരം: പ്രതിഷേധം കടുപ്പിച്ച് താരങ്ങള്‍; പ്രശ്നം പരിഹരിക്കാതെ ഏഷ്യന്‍ ഗെയിംസിനില്ല

ന്യൂഡല്‍ഹി: ലൈംഗികപീഡന കേസില്‍ ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനും ബി.ജെ.പി. ലോക്സഭാംഗവുമായ ബ്രിജ് ഭൂഷന്‍ സിങ്ങിനെതിരേ പ്രതിഷേധം കടുപ്പിച്ച് ഗുസ്തിതാരങ്ങള്‍. പ്രശ്‌നം പരിഹരിച്ചാല്‍ മാത്രമേ ഗുസ്തിതാരങ്ങള്‍ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുകയുള്ളൂവെന്ന് വനിതാതാരം സാക്ഷി മാലിക് വ്യക്തമാക്കി. കടുത്ത മാനസികസമ്മര്‍ദത്തിലൂടെയാണ് തങ്ങള്‍ കടന്നുപോകുന്നതെന്നും സാക്ഷി പറഞ്ഞു. ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ജന്തര്‍ മന്തറില്‍ പ്രതിഷേധം പുനരാരംഭിക്കുമെന്ന് ബജ്‌റംഗ് പുണിയയും മുന്നിയിപ്പു നല്‍കി. സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകള്‍ വിശദീകരിക്കാനും തുടര്‍ സമരപരിപാടികള്‍ തീരുമാനിക്കാനും ഹരിയാണ സോനിപത്തില്‍ ചേര്‍ന്ന ഖാപ് പഞ്ചായത്തിനുശേഷമാണ് താരങ്ങളുടെ പ്രതികരണം. അതേ സമയം, ബ്രിജ്ഭൂഷണ്‍ പങ്കെടുക്കുന്ന ബി.ജെ.പി.യുടെ റാലി ഉത്തര്‍പ്രദേശിലെ കൈസര്‍ഗഞ്ചില്‍ ഞായറാഴ്ച നടക്കും.
ബജ്റംഗും വിനേഷ് ഫൊഗട്ടും സാക്ഷിയുമടക്കമുള്ള താരങ്ങള്‍ സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ എട്ടുവരെ നടക്കുന്ന ചൈനയിലെ ഹാങ്ഷൗ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ പ്രതീക്ഷയുള്ളവരാണ്. ജൂണ്‍ -ജൂലായ് മാസങ്ങളിലാണ് ഏഷ്യന്‍ ഗെയിംസിനായുള്ള ട്രയല്‍സ് നിശ്ചയിച്ചിരിക്കുന്നത്. ഗെയിംസില്‍ പങ്കെടുക്കുന്ന കായികതാരങ്ങളുടെ വിവരങ്ങള്‍ ജൂലായ് 15-നുമുമ്പായി ഒളിംപിക് കൗണ്‍സില്‍ ഓഫ് ഏഷ്യയെ അറിയിക്കണമെന്നാണ് കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂര്‍ അറിയിച്ചിട്ടുള്ളത്.
ലൈംഗികാതിക്രമ പരാതി നല്‍കിയ വനിതാ ഗുസ്തിതാരത്തെ ദേശീയ റെസ്ലിങ് ഫെഡറേഷന്‍ ഓഫീസിലെത്തിച്ച് വെള്ളിയാഴ്ച തെളിവെടുപ്പു നടത്തിയിരുന്നു. കുറ്റാരോപിതനായ ബ്രിജ് ഭൂഷന്‍ സമീപത്തുള്ളപ്പോള്‍ നടത്തിയ തെളിവെടുപ്പ് ഭയപ്പെടുത്തിയെന്ന് ഗുസ്തിതാരം വെളിപ്പെടുത്തി. ബ്രിജ് ഭൂഷന്റെ ഡല്‍ഹി അശോക റോഡിലെ ഔദ്യോഗികവസതിയാണ് ഫെഡറേഷന്‍ ഓഫീസായി പ്രവര്‍ത്തിക്കുന്നത്. ഓഫീസില്‍ വെച്ചും ബ്രിജ്ഭൂഷണ്‍ ശല്യപ്പെടുത്തിയെന്ന പരാതി ഒരു താരം ഉയര്‍ത്തിയിരുന്നു. ഈ സന്ദര്‍ശനം പുനരാവിഷ്‌കരിക്കാനാണ് താരവുമായി അന്വേഷണസംഘമെത്തിയത്. ഉച്ചയ്ക്ക് അരമണിക്കൂറോളം നീണ്ട പരിശോധന നടക്കുമ്പോള്‍ ബ്രിജ് ഭൂഷണ്‍ വസതിയിലുണ്ടായിരുന്നെന്നും ഇത് പോലീസ് മറച്ചുവെച്ചെന്നും താരങ്ങള്‍ ആരോപിച്ചു.

Related Articles

Back to top button