BREAKING NEWSKERALA

ആരോഗ്യസ്ഥിതി മോശം; മദനി ഇന്ന് അന്‍വാര്‍ശേരിയിലേക്കില്ല

കൊച്ചി: കേരളത്തിലെത്തിയതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദനി ഇന്ന് അന്‍വാര്‍ശേരിയിലേക്ക് പോകില്ല. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് മദനി. ചികിത്സ തുടരുന്ന സാഹചര്യത്തിലാണ് യാത്ര ഒഴിവാക്കിയത്. രക്തസമ്മര്‍ദ്ദം അടക്കം ഉയര്‍ന്നുനില്‍ക്കുന്ന സാഹചര്യത്തിലാണിത്. ജാമ്യ വ്യവസ്ഥയില്‍ ഇളവ് ലഭിച്ചതിനെ തുടര്‍ന്നാണ് മദനി കേരളത്തിലെത്തിയത്.
മദനിയുടെ ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്ന് പിഡിപി നേതാക്കള്‍ അറിയിച്ചിരുന്നു. മദനിക്ക് ബിപി കുറഞ്ഞിരുന്നില്ല. ഇന്നലത്തെ അതെ നിലയില്‍ തന്നെ ഇപ്പോഴും ആരോഗ്യ നില തുടരുകയാണ്. ശാരീരിക അസ്വസ്ഥതകള്‍ തുടരുകയാണെന്ന് പിഡിപി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി വിഎം അലിയാര്‍ പറഞ്ഞു. അതുകൊണ്ടു തന്നെ യാത്ര ചെയ്യാന്‍ കഴിയുന്ന അവസ്ഥയില്‍ അല്ല മദനിയുള്ളത്. രാവിലെ ഡോക്ടര്‍മാരുടെ പരിശോധനയ്ക്ക് ശേഷം കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ഡോക്ടര്‍മാരുടെ പരിശോധനയ്ക്ക് ശേഷം യാത്ര മാറ്റി വെക്കുകയായിരുന്നു.
ഇന്നലെ രാത്രി ഏഴേകാലോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ മദനിക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ വന്‍ സ്വീകരണം നല്‍കിയിരുന്നു. 12 ദിവസത്തേക്കാണ് മദനിക്ക് ജാമ്യ വ്യവസ്ഥയില്‍ ഇളവ് ലഭിച്ചത്. രാത്രി ഒന്‍പത് മണിയോടെയാണ് മദനിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കേരളത്തിലെത്തിയതില്‍ സന്തോഷം എന്നാണ് വിമാനത്താവളത്തില്‍ മദനി മാധ്യമങ്ങളോട് പ്രതികരിച്ചത്. നീതി നിഷേധത്തിനെതിരായ പോരാട്ടത്തിന് എല്ലാവരുടേയും സഹായമുണ്ട്, അതാണ് കരുത്ത് നല്‍കുന്നത്. വിരോധമുള്ളവരെ കേസില്‍ കുടുക്കി ജയിലിലടക്കുകയാണ് ചെയ്യുന്നത്. ഇനിയും വര്‍ഷങ്ങളെടുക്കാവുന്ന അവസ്ഥയിലാണ് തനിക്കെതിരായ കേസ്. കള്ളക്കേസാണെന്ന് എനിക്കും നാടിനും അറിയാം. കര്‍ണാടകയിലെ ഭരണമാറ്റം വലിയ സഹായമായിട്ടില്ല. എന്നാല്‍ ദ്രോഹമുണ്ടായിട്ടില്ല. എത്ര വലിച്ചു നീട്ടി കൊണ്ടു പോയാലും ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍ക്കാന്‍ സാധിക്കുന്ന കേസായിരുന്നു. അതാണ് ഇപ്പോള്‍ പതിനാലാം വര്‍ഷത്തിലേക്ക് കടക്കുന്നത്. രാജ്യത്തെ നീതി സംവിധാനത്തെ വ്യക്തമായി പുന:പരിശോധനയ്ക്ക് വിധേയമാക്കണം. പ്രതീക്ഷ മുഴുവന്‍ കേരളീയ സമൂഹത്തിന്റെ പിന്തുണയിലാണെന്നുമായിരുന്നു കൊച്ചിയിലെത്തിയ മദനിയുടെ പ്രതികരണം.

Related Articles

Back to top button