KERALALATEST

72 മണിക്കൂറിൽ സംസ്ഥാനത്ത് 1631 പേർക്ക് തെരുവുനായയുടെ കടിയേറ്റു; 1 മണിക്കൂറിൽ കടിയേൽക്കുന്നത് 23 പേർക്ക്

72 മണിക്കൂറിനിടെ കേരളത്തിൽ തെരുവുനായ ആക്രമത്തിന് ഇരയായത് 1631പേർ. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് ഒരു മണിക്കൂറിൽ 23 പേരെ വീതം നായ കടിക്കുന്ന അവസ്ഥയുണ്ടായത്. ശനിയാഴ്ച തിരുവനന്തപുരം ബാലരാമപുരത്ത് നായ ആക്രമിച്ച കുഞ്ഞിന് പ്ലാസ്റ്റിക് സർജറി നടത്തേണ്ടിവന്നു.  കുട്ടിയുടെ മുഖം നായ  കടിച്ചു പറിച്ചിട്ടുണ്ട്. വീട്ടുവളപ്പിൽ കയറി തെരുവു നായ്ക്കൾ  ആക്രമിച്ചിട്ടും ബന്ധപ്പെട്ട വകുപ്പുകൾ ഒന്നും ചെയ്യാതെ കേന്ദ്ര മാനദണ്ഡങ്ങളെ പഴിച്ച് ഇരിക്കുകയാണ്.

ഈ വർഷം ആദ്യ ആറുമാസത്തിനിടെ 1,62,437 ആളുകളാണ് നായയുടെ കടിയേറ്റ് ചികിത്സ തേടിയത്. ഓരോ മാസവും 25,000 ആളുകൾ ചികിത്സ തേടുന്നുണ്ട്. 31,000 കേസുകൾ റിപ്പോർട്ട്‌ ചെയ്ത മാർച്ചിലാണ് ഏറ്റവും കൂടുതൽ കേസുകൾ ഉണ്ടായത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ ആക്രമണങ്ങളുണ്ടായത്.കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളാണ് തിരുവനന്തപുരത്തിന് തൊട്ടുപിന്നിലുള്ളത്.

വ്യാഴാഴ്ച 560, വെള്ളിയാഴ്ച 564, ശനിയാഴ്ച 507 തെരുവുനായ ആക്രമങ്ങളാണ് റിപ്പോർട്ട്‌ ചെയ്തത്. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ യഥാക്രമം 29000, 28000, 25300 കേസുകളാണ് റിപ്പോർട്ട്‌ ചെയ്തത്. ഈ വർഷം 18 പേവിഷ മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 9 എണ്ണം സ്ഥിരീകരിച്ചു. 9 എണ്ണത്തിന്റെ അന്തിമഫലം ലഭിക്കാനുണ്ട്. ഈ മാസം ഇതുവരെ മൂന്ന് മരണങ്ങൾ ഉണ്ടായെങ്കിലും രണ്ടെണ്ണം മാത്രമാണ് സ്ഥിരീകരിച്ചത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker